ഒപ്പിടാത്ത ബില്ലുകൾ: ഗവർണർക്കെതിരെ കോടതിയെ സമീപിക്കും -മന്ത്രി രാജീവ്

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണറുടെ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുന്നത് ആലോചിക്കുന്നതായും മന്ത്രി പി. രാജീവ്. കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസിൽ’ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

നിയമസഭ ജനാധിപത്യപരമായി പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടുന്നില്ല എന്നത് അസാധാരണ സാഹചര്യമാണ്. ഒപ്പിടുന്നില്ലെങ്കിൽ ഗവർണർ ബിൽ നിയമസഭക്ക് തിരിച്ചയക്കണം. അല്ലെങ്കിൽ പ്രസിഡന്‍റിന്‍റെ അനുമതിക്കായി അയക്കണം. ഗവർണറുടെ ഇപ്പോഴത്തെ രീതി സർക്കാറിനോടുള്ള വെല്ലുവിളിയായല്ല, ജനാധിപത്യത്തോടുള്ള വെല്ലുവിളിയായാണ് കാണുന്നത്.

പരമാവധി ധാരണയിൽ പോകണമെന്ന നിലപാടിലാണ് സർക്കാർ കോടതിയെ സമീപിക്കാതിരുന്നത്. അസാധാരണ സാഹചര്യം വരുമ്പോൾ സർക്കാറിന് കോടതിയെ സമീപിക്കേണ്ടിവരും. ഏതു കോടതിയെ സമീപിക്കണമെന്നത് അടക്കം കാര്യങ്ങള്‍ നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തി വരുകയാണ്. ബില്ലുകൾ ഒപ്പിടാത്തതു മൂലം വലിയ പ്രതിസന്ധിയാണ്. സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം നടത്താൻ കഴിയുന്നില്ല.

2018ലെ യു.ജി.സി റെഗുലേഷൻ പ്രകാരം സംസ്ഥാനങ്ങൾ സർവകലാശാല നിയമങ്ങൾ മാറ്റണമെന്ന് സുപ്രീംകോടതിതന്നെ പറഞ്ഞിട്ടുണ്ട്. അതിനനുസരിച്ചാണ് വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി സംബന്ധിച്ച് കേരളത്തിൽ നിയമ നിർമാണം നടത്തിയത്. നാടിന്‍റെ പൊതുതാൽപര്യം പ്രതിസന്ധിയിലാകുമ്പോൾ സർക്കാർ ഉത്തരവാദിത്തം നിർവഹിക്കുമെന്നും രാജീവ് പറഞ്ഞു.

Tags:    
News Summary - Unsigned Bills: Will go to court against Governor - Minister Rajeev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.