തിരുവനന്തപുരം: കരിങ്കൊടി കണ്ട് ഗവർണർ പ്രകോപിതനാകുന്നത് ഇതാദ്യമല്ലെങ്കിലും പൊലീസ് നടപടി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ ഭരണത്തലവൻ റോഡരികിൽ രണ്ട് മണിക്കൂറോളം കുത്തിയിരുന്ന അസാധാരണ നടപടി സംസ്ഥാന ചരിത്രത്തിൽ ഇതാദ്യം. കരിങ്കൊടി കാണിച്ചവരോട് പൊലീസ് കൈക്കൊണ്ട നടപടി എന്തെന്നറിയാനുള്ള ശാഠ്യം മാത്രമായിരുന്നില്ല, ഗവർണർക്ക് സുരക്ഷയൊരുക്കാൻപോലും പൊലീസിന് കഴിയുന്നില്ലെന്ന് തെളിയിക്കുകയെന്ന ഉദ്ദേശം കൂടി അദ്ദേഹത്തിനുണ്ടായിരുന്നു.
മിന്നൽ വേഗത്തിൽ ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാർത്തയായതും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അതിവേഗ ഇടപെടലുമടക്കം ഗവർണർ ഉദ്ദേശിച്ച വഴിയേ കാര്യങ്ങളെത്തുകയും ചെയ്തു. ഡിസംബർ 21ന് തിരുവനന്തപുരത്ത് ഗവർണർക്ക് നേരെ ഇതിനേക്കാൾ രൂക്ഷമായി എസ്.എഫ്.ഐ പ്രതിഷേധമുണ്ടായിരുന്നു.
വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ ഗവർണർ സമരക്കാർക്ക് നേരെ ആക്രോശിക്കുകയും പൊലീസിനോട് കയർക്കുകയും ചെയ്തെങ്കിലും ഏതാനും മിനിറ്റുകൾ മാത്രമാണ് അത് നീണ്ടത്. കോഴിക്കോട് മിഠായി തെരുവിലേത് റോഡ്ഷോയായിരുന്നു. എന്നാൽ നിലമേലിലേത് അസാധാരണവും ചരിത്രത്തിലാദ്യവും.
കൊല്ലത്ത് ഒന്നും തിരുവനന്തപുരത്ത് രണ്ടും പരിപാടികളാണ് ശനിയാഴ്ച ഗവർണർക്കുണ്ടായിരുന്നത്. ഇതിൽ കൊല്ലം ജില്ലയിലെ കൊട്ടാരക്കര അവധൂത ആശ്രമത്തിലെ പരിപാടിക്കായുള്ള യാത്രാമധ്യേയാണ് രാവിലെ 10.30ഓടെ നിലമേലിൽ എസ്.എഫ്.ഐ പ്രതിഷേധമുണ്ടാകുന്നത്.
17 പേർക്കെതിരെയുള്ള എഫ്.ഐ.ആർ കണ്ട ശേഷമാണ് ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചതെങ്കിലും ഈ സമയത്തിനിടെ ഉപരാഷ്ട്രപതി, ആഭ്യന്തര മന്ത്രി എന്നിവരെ ഫോണിൽ വിളിച്ച് കാര്യങ്ങൾ ബോധിപ്പിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിയെ ഫോൺ വഴി ശാസിക്കുകയും ചെയ്തു. കൊട്ടാരക്കരയിലെ പരിപാടിക്ക് ശേഷം ഗവർണർ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുംവരെ വഴിയിലെങ്ങും പ്രതിഷേധമുണ്ടായിരുന്നില്ല.
എന്നാൽ തൈക്കാട് വിവരാവകാശ സെമിനാറിനെത്തിയ ഗവർണർക്കായി സംഭാരവുമായാണ് എസ്.എഫ്.ഐ പ്രവർത്തകർ കാത്തുനിന്നത്.
ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നിലമേലിൽ റോഡിലിരുന്ന് തളർന്ന ഗവർണർക്ക് സംഭാരം നൽകി പ്രതീകാത്മകമായി പ്രതിഷേധിക്കാനായിരുന്നു നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.