കൊല്ലം: പ്ലാസ്റ്റിക് കുപ്പിയിൽനിന്ന് പുറത്തിറക്കിയ മൂർഖെൻറ തലയിൽ വടികൊണ്ട് കുത്തിപ്പിടിച്ച് ഉത്രയുടെ കൈയിൽ രണ്ടുപ്രാവശ്യം കടിപ്പിച്ചെന്നും കഴിഞ്ഞ പ്രാവശ്യത്തെപോലെ രക്ഷപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും സൂരജ് വെളിപ്പെടുത്തിയതായി വനം കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഫോറസ്റ്റ് റേഞ്ച് ഓഫിസറായ ബി.ആർ. ജയൻ മൊഴി നൽകി. ഉത്രവധക്കേസിൽ കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം. മനോജ് മുമ്പാകെ വിസ്താരത്തിനിടെയാണ് മൊഴി. അണലി കടിച്ച് കരഞ്ഞ ഉത്രയെ ഒന്നുമില്ലെന്ന് പറഞ്ഞ് വീണ്ടും കിടത്തി.
അനക്കമില്ലെന്ന് കണ്ടപ്പോൾ ആൾക്കാരെ വിശ്വസിപ്പിക്കാനാണ് ആശുപത്രിയിൽ കൊണ്ടുപോയത്. അന്ന് അണലി എവിടെെയന്ന് ആളുകൾ ചോദിച്ചതിനാൽ മൂർഖനെകൊണ്ട് കടിപ്പിച്ച ദിവസം മുറിയിൽതന്നെ ഇട്ടിരുന്നെന്നും ഒളിപ്പിച്ചുവെച്ച പ്ലാസ്റ്റിക് കുപ്പി പിന്നീട് മാറ്റാൻ കഴിഞ്ഞില്ലെന്നും സൂരജ് പറഞ്ഞതായും മൊഴിയുണ്ട്. ഉത്രയുടെ മരണത്തിൽ തനിക്ക് മാത്രമേ പങ്കുള്ളൂവെന്നും വീട്ടുകാർക്ക് ഒരു പങ്കുമില്ലെന്നും സൂരജ് പറഞ്ഞതായും ഫോറസ്റ്റ് റേഞ്ച് ഓഫിസർ മൊഴി നൽകി.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം പാമ്പുകളെ കൈവശം വെച്ചതിനും വിൽപന നടത്തിയതിനും സൂരജ്, ചാവർകാവ് സുരേഷ്, ഉത്രയുടെ സഹോദരൻ വിഷു എന്നിവരുടെ പേരിൽ കേസെടുത്തെന്നും സൂരജിെൻറയും സുരേഷിെൻറയും മൊഴി അന്വേഷണാവശ്യത്തിന് കസ്റ്റഡിയിൽ വാങ്ങി രേഖപ്പെടുത്തിയെന്നും ബി.ആർ. ജയൻ മൊഴിനൽകി.
ഉത്രയുടെ ആന്തരാവയവങ്ങളും രക്തവും കടിയേറ്റിടത്തെ തൊലിയും രാസപരിശോധന നടത്തിയെന്നും രക്തത്തിലും കടിയേറ്റിടത്തെ തൊലിയിലും മൂർഖെൻറ വിഷവും ആന്തരികാവയവങ്ങളിലും രക്തത്തിലും സിട്രസിൻ എന്ന മരുന്നും കണ്ടെത്തിയതായി തിരുവനന്തപുരം കെമിക്കൽ അനാലിസിസ് ലബോറട്ടറിയിലെ കെമിക്കൽ എക്സാമിനർ യുറേക്ക മൊഴി നൽകി. ഉത്രയുടെ വീട്ടിൽനിന്ന് കുഴിച്ചെടുത്ത പാമ്പ്, പ്ലാസ്റ്റിക് കുപ്പി, ഷോൾഡർ ബാഗ്, ഉത്രയുടെ നൈറ്റി, കിടന്നിരുന്ന ബെഡ് ഷീറ്റ് എന്നിവയുടെ ഡി.എൻ.എ പരിശോധന നടത്തിയതായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജി ഡി.എൻ.എ വിഭാഗത്തിലെ സയൻറിഫിക് ഓഫിസർ സുരേഷ്കുമാർ മൊഴി നൽകി.
പാമ്പിന്റെ സാമ്പിളും പ്ലാസ്റ്റിക് കുപ്പിയിൽനിന്ന് തുടച്ചെടുത്ത, നഗ്നനേത്രത്തിന് കാണാൻ കഴിയാത്തതായ കോശങ്ങളും പരിശോധിച്ചതിൽനിന്ന് അത് മൂർഖെൻറ ഡി.എൻ.എ ആണെന്ന് കണ്ടെത്തി. ഷോൾഡർ ബാഗിൽ ഡി.എൻ.എ ഒന്നും ലഭിച്ചില്ലെന്നും മൊഴി നൽകി. ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥരുടെ സാക്ഷി വിസ്താരം തുടങ്ങും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.