കൊച്ചി: 200 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്ന കുവൈത്ത് നഴ്സിങ് റിക്രൂട്ട്മെൻറ് കേസിലെ മുഖ്യപ്രതി എം.വി. ഉതുപ്പ് വർഗീസിനെ രണ്ടുദിവസത്തേക്ക് സി.ബി.െഎ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണത്തിന് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന അപേക്ഷ പരിഗണിച്ചാണ് പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി ബി. കെമാൽ പാഷ കസ്റ്റഡി അനുവദിച്ചത്.
സി.ബി.െഎയുടെ അന്വേഷണം നേരത്തേ പൂർത്തിയാക്കി കുറ്റപത്രം നൽകിയതാണെന്നും കസ്റ്റഡിയിൽ വിടരുതെന്നും പ്രതിഭാഗം ബോധിപ്പിച്ചെങ്കിലും കസ്റ്റഡി അനുവദിക്കുകയായിരുന്നു. കുറ്റപത്രം നൽകിയപ്പോൾപോലും തുടരന്വേഷണം നടത്തേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് സി.ബി.െഎ പറഞ്ഞിരുന്നില്ലെന്നും ഉതുപ്പ് വർഗീസ് കീഴടങ്ങിയശേഷം മാത്രമാണ് വീണ്ടും അന്വേഷണത്തിന് നടപടി ആരംഭിച്ചതെന്നുമായിരുന്നു പ്രതിഭാഗത്തിെൻറ മറ്റൊരു വാദം. 2015 മുതൽ ഒന്നര വർഷമായി ഉതുപ്പ് വർഗീസ് ഇൻറർപോളിെൻറ കസ്റ്റഡിയിലായിരുന്നെന്നും ഇതുമൂലമാണ് സി.ബി.െഎയുടെ സമൻസിനോട് പ്രതികരിക്കാൻ കഴിയാതിരുന്നതെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
2015 മാർച്ച് 27നാണ് ഉതുപ്പ് അബൂദബിയിൽ പോയതെന്നും മാർച്ച് 30നാണ് സി.ബി.െഎ കേസെടുത്തതെന്നും കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ, ഇയാൾ ഹവാല ചാനൽ വഴി വിദേശത്തേക്ക് കടത്തിയ 97 കോടി രൂപ കണ്ടെത്താൻ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നായിരുന്നു സി.ബി.െഎയുടെ വാദം. പ്രതിയെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കേണ്ടതുണ്ടെന്നും സി.ബി.െഎ അറിയിച്ചു. വ്യാഴാഴ്ച ൈവകുന്നേരം നാലുമുതൽ ശനിയാഴ്ച വൈകുന്നേരം നാലുവരെയാണ് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി കാലാവധി കഴിഞ്ഞശേഷം ഉതുപ്പ് വർഗീസ് നൽകിയ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.