തിരുവനന്തപുരം: ഗുജറാത്ത് കേസിലെ ഇരകൾക്ക് കോൺഗ്രസ് പിന്തുണ നൽകിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സാകിയ ജഫ്രിയെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സന്ദർശിച്ചില്ല എന്നു പറഞ്ഞത് പച്ചക്കള്ളമാണ്. കേസിൽ സോണിയ ഗാന്ധിയാണ് എല്ലാ പിന്തുണയും നൽകിയതെന്നത് സാകിയ ജിഫ്രിയുടെ മകൻ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. ഗുജറാത്തിൽ ബി.ജെ.പിയെ നേരിടുന്നത് കോൺഗ്രസ് ആണെന്നും സി.പി.എം അല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഗാന്ധി ചിത്രം തകർത്തത് കോണ്‍ഗ്രസാണെന്ന് എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് വി.ഡി സതീശൻ ചോദിച്ചു. കേസ് അന്വേഷണം നടക്കുമ്പോൾ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മന്ത്രി പ്രസ്താവന നടത്തിയത് നിയമവിരുദ്ധമാണ്. മാധ്യമങ്ങളോടു കടക്കു പുറത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ നല്ല പിള്ള ചമയുകയാണ്. സ്വർണക്കടത്ത് കേസിൽ രണ്ട് പ്രതികളാണുള്ളത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറും സ്വപ്ന സുരേഷും. ശിവശങ്കറിനെ തിരികെ സർവീസിലെടുക്കുകയും പുസ്തകമെഴുതാൻ അനുമതി കൊടുക്കുകയും ചെയ്തു. പുസ്തകത്തിലുള്ളത് വെളിപ്പെടുത്തലുകളാണ്. അതേ കേസിലെ പ്രതി സ്വപ്ന വെളിപ്പെടുത്തൽ നടത്തിയപ്പോൾ കേസെടുത്തു.
മുഖ്യമന്ത്രിക്ക് മറവി രോഗം ബാധിച്ചിരിക്കുന്നുവെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് അദ്ദേഹം ഇന്നലെ വരെ നടന്ന കാര്യങ്ങൾ മറന്നുപോയതായും പരിഹസിച്ചു. മുഖ്യമന്ത്രി ഏകപക്ഷീയമായാണ് സംസാരിക്കുന്നത്. സഭയിലെ പെരുമാറ്റച്ചട്ടം കോൺഗ്രസിനെ പഠിപ്പിക്കാൻ മെനക്കെടേണ്ട. സഭയിൽ അക്രമം നടത്തിയവരാണ് സി.പി.എം. കോൺഗ്രസിനെ മുഖ്യമന്ത്രി മതേതരത്വം പഠിപ്പിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സഭനടപടികൾ ബഹിഷ്കരിച്ചത് പ്രതിഷേധത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം വിശദീകരിച്ചു.
സാകിയ ജഫ്രിയുടെ നിയമപോരാട്ടങ്ങൾക്ക് ഒരു ഘട്ടത്തിലും കോൺഗ്രസ് പിന്തുണച്ചില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദിനെയും ഗുജറാത്ത് മുൻ ഡി.ജി.പി ശ്രീകുമാറിനെയും സംസ്ഥാന സർക്കാറിനെതിരെ വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ അഭിപ്രായം പറയാൻ സാധിക്കില്ലെന്നാണ് കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്‍വി പ്രസ്താവനയിറക്കിയതെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.