കൊച്ചി: വ്യാജരേഖ ചമച്ച പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കാട്ടാക്കടയില്‍ ആള്‍മാറാട്ടം നടത്തിയ എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി സെക്രട്ടറിയെയും അറസ്റ്റ് ചെയ്തിട്ടില്ല. നാടിനെ ഞെട്ടിച്ച കൃത്രിമത്വം നടത്തിയ നേതാക്കള്‍ വെറുതെ നടക്കുകയാണ്. ഗുരുതരമായ ക്രിമിനല്‍ കുറ്റം ചെയ്താലും എസ്.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്യില്ല. അത് ഇരട്ട നീതിയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ വിശ്വാസ്യത തകര്‍ത്ത സംഭവമാണത്.
വ്യാജരേഖ ചമച്ച പ്രതിയുമൊക്കെ ഈ നാട്ടിലുണ്ട്. പക്ഷെ അവരെ പൊലീസ് പിടിക്കില്ല. ചോദ്യം ചെയ്യാന്‍ പോലും വിളിച്ചിട്ടില്ല. ഒരു അന്വേഷണവും നടക്കുന്നില്ല. ഈ രണ്ട് കേസുകളിലും പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം ചെയ്യുമെന്ന് വി.ഡി സതീശൻ പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ല. പൊലീസിന്റെ കൈയും കാലും കെട്ടിയിരിക്കുകയാണ്. ഇത്രയും നാണംകെട്ട കേസുകളില്‍ പോലും നടപടി എടുക്കാതിരിക്കുന്നത്, കേരളത്തില്‍ എന്തും നടത്താമെന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇത് അംഗീകരിക്കാനാകില്ല. ഉന്നത വിദ്യാഭ്യാസരംഗത്തെ ഒന്നാകെ പൊതുസമൂഹത്തിന് മുന്നില്‍ അപമാനിച്ചിരിക്കുകയാണ്.
മഹാരാജാസിലെ പ്രിന്‍സിപ്പല്‍ മാറി മാറി അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്‍.ഐ.സി റിസള്‍ട്ട് വകുപ്പ് മേധാവിമാര്‍ പരിശോധിച്ച ശേഷമെ മഹാരാജാസിന്റെ വൈബ് സൈറ്റില്‍ പ്രസിദ്ധീകരിക്കൂ. നിരന്തരമായി എന്‍.ഐ.സി തെറ്റ് വരുത്തുമെങ്കില്‍ എസ്.എഫ്.ഐ നേതാവിന്റെ റിസള്‍ട്ട് വന്നപ്പോള്‍ എന്തുകൊണ്ടാണ് അത് പരിശോധിക്കാതെ മഹാരാജാസിന്റെ വെബ് സൈറ്റില്‍ ഇട്ടതെന്ന ചോദ്യത്തിന് പ്രിന്‍സിപ്പല്‍ മറുപടി പറയണം.
അതേ സംസ്ഥാന സെക്രട്ടറി തന്നെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുക്കുന്നതിനുള്ള എല്ലാ സഹായവും ചെയ്തതും. കൃത്രിമത്തിന് കൂട്ട് നില്‍ക്കാത്തത് കൊണ്ട് സി.പി.എം സംഘടനയില്‍പ്പെട്ട ഒരു അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയാണ് അഭിപ്രായം മാറ്റിച്ചത്. പി.എസ്.സി പരീക്ഷയുടെ ക്രെഡിബിലിറ്റി പോലും എസ്.എഫ്.ഐക്കാര്‍ ഇല്ലാതാക്കി. കൗണ്‍സിലറായി ജയിച്ച പെണ്‍കുട്ടിയുടെ പേര് മാറ്റി ഏരിയാ നേതാവിനെ തിരുകിക്കയറ്റുകയും വാഴക്കുല തീസിസ് കൊടുക്കുകയും ചെയ്തത് എസ്.എഫ്.ഐ നേതാക്കളാണ്.
കാലടി സര്‍വകലാശാകളില്‍ പി.എച്ച്.ഡി പ്രവേശനത്തിന് സംവരണമുണ്ട്. സംവരണം അട്ടിമറിച്ചെന്ന റിപ്പോര്‍ട്ട് നല്‍കിയിട്ടും കണ്ണടച്ചു. വി.സിയുടെ ഓഫീസില്‍ സ്വാധീനം ചെലുത്തിയ നേതാക്കള്‍ ആരാണെന്ന് അന്വേഷിക്കണം. വി.സി രാഷ്ട്രീയ ഇടപെടലുകള്‍ക്ക് അനുസരിച്ചാണ് പി.എച്ച്.ഡി പ്രവേശന പട്ടിക ഇറക്കിയത്. സംവരണം അട്ടിമറിച്ചെന്ന് എസ്.സി എസ്.ടി കമീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ നാട്ടില്‍ എന്തും നടക്കുമോയെന്നും സതീശൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.