ഭീകരമായ വിലക്കയറ്റം സർക്കാർ കാഴ്ചക്കാരാകുന്നുവെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ഭീകരമായ വിലക്കയറ്റം സർക്കാർ കാഴ്ചക്കാരാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരള എൻ.ജി.ഒ അസോസിയേഷൻ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതിഭീകരമായ വിലക്കയറ്റം മൂലം സംസ്ഥാനത്തെ സാധാരണ ജനങ്ങൾ ജീവിതത്തിൻറെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുകയാണ്. ഇവിടെ ഭരണം ഇല്ലാത്ത അവസ്ഥയാണ്. രണകൂടത്തിന്റെ ഒരു സഹായവും ജനങ്ങളിൽ എത്തുന്നില്ല. ഭരണാധികാരികൾ അന്ധന്മാരായി ഊര് ചുറ്റുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.

നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിർത്താൻ പൊതുവിപണിയിൽ ഇടപെടേണ്ട സർക്കാർ മൗനം ഭജിക്കുന്നു. ഇലക്ഷൻ അട്ടിമറിക്കാൻ വേണ്ടി കിറ്റ് കൊടുത്ത പണം തിരികെ നൽകാത്തതിനാൽ പൊതുവിതരണ സംവിധാനം തന്നെ അവതാളത്തിൽ ആയിരിക്കുകയാണ്. ഓണക്കാലത്ത് പച്ചക്കറി വില സർവകാല റെക്കോർഡിൽ എത്തി. വൈദ്യുതചാർജ് പലവട്ടം വർധിപ്പിച്ചു.

വെള്ളക്കരവും ഇന്ധന സെസും വസ്തു നികുതിയും കെട്ടിടനികുതിയും വർധിപ്പിച്ചു. എന്നാൽ സാധാരണക്കാരന്റെ വരുമാനത്തിൽ ഒരു രൂപ പോലും വർധനവ് ഉണ്ടായില്ല. അതുപോലെ തന്നെയാണ് സർക്കാർ ജീവനക്കാരുടെ കാര്യവും. വിലവർധനവിനെ നേരിടാനുള്ള ക്ഷാമ ബത്ത കുടിശികയായിട്ട് മൂന്നുവർഷം കഴിഞ്ഞു.

ആറ് ഗഡുകളിലായി 19 ശതമാനം ക്ഷാമ ബത്തയാണ് കുടിശികയായി ഉള്ളത്. കാലാകാലങ്ങളായി ലഭിച്ചുകൊണ്ടിരുന്ന ലീവ് സറണ്ടർ ആനുകൂല്യം നാലു വർഷമായി മരവിപ്പിച്ചിരിക്കുന്നു. ജീവനക്കാരുടെ ആരോഗ്യ സംരക്ഷണ പദ്ധതിയായി കൊണ്ടുവന്ന മെഡിസെപ്പ് പദ്ധതി സർക്കാർ ജീവനക്കാർക്ക് യാതൊരു ഉപയോഗവും ഇല്ലാത്ത അവസ്ഥയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു. എം. വിൻസെൻ്റ് എം.എൽ.എ, എ.എം ജാഫർ ഖാൻ, എം.ജെ. തോമസ് ഹെർബിറ്റ്, എസ്. ഉമാശങ്കർ, എ.പി സുനിൽ, കെ.കെ .രാജേഷ് ഖന്ന, രഞ്ജു കെ. മാത്യു, ടി.വി രാമദാസ്, ജെ.സുനിൽ ജോസ്. എം.പി ഷനിജ്, ബി. പ്രദീപ് കുമാർ, സലീല കുമാരി എന്നിവർ സംസാരിച്ചു.

Tags:    
News Summary - V. D. Satheesan says that the government is a spectator of the terrible price rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.