തിരുവനന്തപുരം: കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി വി.ഡി. സതീശനെ നിശ്ചയിച്ചതിലൂടെ സംസ്ഥാന കോണ്‍ഗ്രസില്‍ കാലങ്ങളായി നിലനിൽക്കുന്ന ഗ്രൂപ് നിയന്ത്രിത രാഷ്ട്രീയത്തിനാണ് ഹൈകമാന്‍ഡ് അറുതിവരുത്തിയത്. ഒന്നരപതിറ്റാണ്ട് ഉമ്മൻ ചാണ്ടിയിലും രമേശ് ചെന്നിത്തലയിലും കേന്ദ്രീകരിച്ച് നീങ്ങിയ പാർട്ടി ഇനി പുതിയ നേതൃത്വത്തിന് കീഴിലാകും. തലമുറമാറ്റമെന്ന ആവശ്യത്തിന് വഴങ്ങിയ ഹൈകമാൻഡ്, ഗ്രൂപ്പിനതീതമായി യുവനിരയെ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന സൂചനയാണ് നൽകുന്നത്.
ഉമ്മൻ ചാണ്ടിയുടെ പിന്തുണയോടെ നിയമസഭാകക്ഷി നേതാവായി വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ ചെന്നിത്തല നടത്തിയ സമ്മര്‍ദങ്ങള്‍ അവഗണിച്ചാണ് സതീശനെ ഹൈകമാൻഡ് നിശ്ചയിച്ചത്. രണ്ട് പ്രബല ഗ്രൂപ്പുകൾ ഒന്നിച്ച് നിന്നാൽ എന്തും നടത്തിയെടുക്കാമെന്ന ധാരണക്കാണ് ഇതിലൂടെ മാറ്റം വന്നത്. അധികാരത്തിൽ മടങ്ങിയെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഇനി ഗ്രൂപ്പുകളുടെ അനാവശ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന സന്ദേശവും ദേശീയനേതൃത്വം നല്കുന്നു. ഇതേ മാതൃകയിൽ സംഘടനാതലത്തിലും അടിമുടി മാറ്റങ്ങള്‍ ഉണ്ടാകും.
തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയുടെ പശ്ചാത്തലത്തിൽ നിലവിലുള്ള നേതൃത്വവുമായി മുന്നോട്ടുപോകുന്നത് കൂടുതൽ തിരിച്ചടിയാകുമെന്ന വാദമാണ് ഹൈകമാൻഡ് അംഗീകരിച്ചത്. പാർട്ടിക്ക് പുതിയ ഉണര്‍വ് നല്കാൻ തലമുറമാറ്റം അനിവാര്യമാണെന്ന യുവനിരയുടെ വികാരവും കണക്കിലെടുത്തു.
അതേസമയം, സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ് സമവാക്യങ്ങളിൽ മാറ്റമുണ്ടാകാം. ചെന്നിത്തലയെ മറികടന്ന് നേതൃസ്ഥാനത്ത് എത്തിയ സതീശൻ ഐ ഗ്രൂപ്പിെൻറയും നേതാവായി മാറാം. അതെല്ലങ്കിൽ മറ്റൊരുചേരി അദ്ദേഹത്തിന് കീഴിൽ രൂപപ്പെടാം. എന്നിരുന്നാലും ഗ്രൂപ് അതിപ്രസരം ഒഴിവാകുമെന്നാണ് ദേശീയനേതൃത്വത്തിെൻറ പ്രതീക്ഷ. ഐ ഗ്രൂപ്പിെൻറ ഭാഗമായിരുന്നപ്പോഴും ഗ്രൂപ് നോക്കാതെ അഭിപ്രായം പറയാന്‍ സതീശന് സാധിച്ചിരുന്നു. മുമ്പ് കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചശേഷം അവസാന നിമിഷം ഒഴിവാക്കിയേപ്പാഴും നേതൃത്വത്തോടുള്ള കൂറിൽ ഉറച്ചുനിന്ന് പാർട്ടിയുടെ കരുത്തുറ്റ മുഖമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇൗ ശൈലിയാണ് ഗ്രൂപ്പിന് അതീതമായി പ്രവർത്തകരുടെ ഉൾപ്പെടെ പിന്തുണ നേടാൻ സഹായകമായത്. ഒരു പരിധിക്കപ്പുറം ഗ്രൂപ് സ്വാധീനങ്ങൾക്ക് വഴിപ്പെടാൻ അദ്ദേഹത്തിന് കഴിയിെല്ലന്നും ഹൈകമാൻഡ് കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.