പാനൂര്‍: ഹിന്ദു-മുസ്ലിം വിവാഹങ്ങളെ പാർട്ടി എതിര്‍ക്കുന്നില്ലെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതിയംഗം വി. മുരളീധരൻ. എന്നാല്‍, ഭീകരസംഘടനയായ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനും കേവലം മതപരിവര്‍ത്തനത്തിനുമുള്ള പ്രണയവിവാഹങ്ങളെ ബി.ജെ.പി എതിർക്കും. ജനരക്ഷായാത്രക്കിടെ പത്തായക്കുന്നിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യാത്രാ കൺവീനർകൂടിയായ മുരളീധരൻ.
ജിഹാദി ഭീകരവാദം എന്നത് കേവലം ലവ് ജിഹാദ് മാത്രമല്ല. കോടിയേരി ധരിച്ചുവെച്ചിരിക്കുന്നത് ജിഹാദ് എന്നാല്‍, കേവലം ലവ് ജിഹാദ് എന്നാണ്. അശോക് സിംഗാളിെൻറ മകളെ ഷാനവാസ് ഹുസൈന്‍ വിവാഹം ചെയ്തുവെന്ന് കോടിയേരി പറയുന്നത് അറിവില്ലായ്മകൊണ്ടാണ്. അസംബന്ധം പറയുന്നതിനുമുമ്പ് കോടിയേരിക്ക് ആരോടെങ്കിലും വസ്തുത അന്വേഷിക്കാമായിരുന്നു. ജനരക്ഷായാത്രയുടെ ജനപങ്കാളിത്തത്തില്‍ സമനിലതെറ്റിയ കോടിയേരി നുണപ്രചാരണം നടത്തുകയാണ്. യാത്രയില്‍ ബി.ജെ.പി മുന്നോട്ടുവെച്ച ചോദ്യങ്ങള്‍ക്ക് ഉത്തരംപറയാന്‍ സി.പി.എം തയാറാകുന്നില്ല.
യാത്ര ജനങ്ങളെ ആകര്‍ഷിക്കുന്നതുകൊണ്ടാണ് സി.പി.എം നുണപറയുന്നത്. സി.പി.എം നേതൃത്വം അങ്കലാപ്പിലാണ്. ’70 മുതല്‍ സി.പി.എം നടത്തിക്കൊണ്ടിരിക്കുന്ന ജനാധിപത്യവിരുദ്ധ നിലപാടുകള്‍ ഇപ്പോഴും തുടരുകയാണ്. ജനരക്ഷായാത്രയുടെ പ്രചാരണത്തിെൻറ ഭാഗമായി വിവിധസ്ഥലങ്ങളലില്‍ ഉയര്‍ത്തിയ പ്രചാരണ ബോര്‍ഡുകളും തോരണങ്ങളും വ്യാപകമായി നശിപ്പിക്കുകയാണ്. ബി.ജെ.പി നേതാക്കൾ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ പൊലീസ് സി.പി.എമ്മിനെ ഭയക്കുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
ജനരക്ഷായാത്ര കണ്ണൂർ കടന്നു; മഴയിൽ കുതിർന്ന് നാലാം ദിനം
ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയുടെ കണ്ണൂർ ജില്ലയിലെ പര്യടനം പൂർത്തിയായി. നാലാം ദിനമായ വെള്ളിയാഴ്ച രാവിലെ പാനൂരിൽനിന്നാരംഭിച്ച പദയാത്ര വൈകീട്ട് കൂത്തുപറമ്പിൽ സമാപിച്ചു. ശനിയാഴ്ച മാഹിയിൽനിന്ന് കോഴിക്കോടുവരെയാണ് ജനരക്ഷായാത്ര.
മഴയിൽ കുതിർന്നാണ് നാലാംദിനം യാത്രതുടങ്ങിയത്. ജാഥാ ക്യാപ്റ്റൻ കുമ്മനവും കേന്ദ്രനേതൃത്വത്തിെൻറ പ്രതിനിധിയായി എത്തിയ ജലവിഭവവകുപ്പ് സഹമന്ത്രി അർജുൻ റാം മേഖ്വാളും ഉൾപ്പെടെ മഴനനഞ്ഞ് നടന്നു. അൽപദൂരം പിന്നിട്ടപ്പോൾ മഴ മാറി. പത്തായക്കുന്നിലായിരുന്നു ഉച്ചഭക്ഷണം. വിശ്രമവും കഴിഞ്ഞ് യാത്ര പുനരാരംഭിച്ചപ്പോൾ മഴ വീണ്ടുമെത്തി. കൂത്തുപറമ്പിൽ സമാപനസമ്മേളനം പൂർത്തിയാകുവോളം തുടർന്ന ചാറ്റൽമഴ നാലാം ദിനത്തിെൻറ ആവേശംചോർത്തി. പദയാത്ര കടന്നുപോയ വഴിയിൽ സി.പി.എം ശക്തികേന്ദ്രമായ കൊട്ടയോടിയിൽ മുഴുവൻ കടകളും അടഞ്ഞുകിടന്നു. പിണറായിയിൽ ജനരക്ഷായാത്രയെ സ്വീകരിച്ച അപ്രഖ്യാപിത ഹർത്താലിെൻറ ആവർത്തനം. പദയാത്ര കടന്നുപോകുന്നവഴിയിൽ മൊകേരിയിലാണ് കൊല്ലപ്പെട്ട യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ടി. ജയകൃഷ്ണൻ മാസ്റ്ററുടെ വീട്. ജാഥ ഇവിടെയെത്തിയപ്പോൾ കുമ്മനവും അർജുൻ റാം മേഖ്വാളും ഉൾപ്പെടെയുള്ള നേതാക്കൾ വീട്ടിൽ കയറി ജയകൃഷ്ണൻ മാസ്റ്ററുടെ കുടുംബാംഗങ്ങളെ കണ്ടു. പാനൂർ മുതൽ കൂത്തുപറമ്പുവരെയുള്ള 10 കി.മീ ദൂരമാണ് വെള്ളിയാഴ്ച പദയാത്ര താണ്ടിയത്.
സി.പി.എം^ആർ.എസ്.എസ് സംഘട്ടനത്തിെൻറയും കൊലപാതകങ്ങളുടെയും ചരിത്രമുള്ള മേഖലയാണിത്. അനിഷ്ടസംഭവങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. മട്ടന്നൂർ, കൂത്തുപറമ്പ്, മാഹി നിയോജക മണ്ഡലങ്ങളിൽനിന്നുള്ള പ്രവർത്തകരാണ് ജാഥയിൽ അണിനിരന്നത്. കർണാടകത്തിൽനിന്നുള്ള 50 പ്രവർത്തകരും പദയാത്രയിൽ അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.