കോഴിക്കോട്: വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പോകുന്നതില്‍ പ്രശ്നമില്ലെന്ന് ഇംഗ്ലീഷ് വാർത്ത ചാനൽ ചർച്ചയ ിൽ പറഞ്ഞത് വിവാദമായതിനെ തുടർന്ന് വിശദീകരണവുമായി ബി.ജെ.പി നേതാവ് വി. മുരളീധരൻ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ് . സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിെൻറ പേരിൽ സംസ്ഥാനത്ത് സംഘ്പരിവാർ സംഘടനകൾ വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു. ഇതിനിടെയാണ് ഇംഗ്ലീഷ് ചാനലായ സി.എൻ.എൻ ന്യൂസ് 18 ചർച്ചയിൽ, യുവതി പ്രവേശനത്തെ അനുകൂലിച്ച് മുരളീധരൻ അഭിപ്രായപ്രകടനം നടത്തിയത്.
ഇത് വിവാദമായതോടെ വിശദീകരണവുമായി ഫേസ്ബുക്ക് കുറിപ്പ് എഴുതുകയായിരുന്നു. ‘‘വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ അതില്‍ ഒരു പ്രശ്നവുമില്ല. അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാറിെൻറയും പൊലീസിെൻറയും ഉത്തരവാദിത്തമാണ്. എന്നാൽ, കേരളത്തില്‍ നടന്ന ശബരിമല പ്രവേശനം അത്തരത്തില്‍ അല്ല. സ്ത്രീകള്‍ സ്വമേധയാ വന്നതല്ല, പൊലീസ് ആസൂത്രണം ചെയ്തതാണത്’’എന്നാണ് ചർച്ചയിൽ മുരളീധരന്‍ പറഞ്ഞത്.
സന്ദർഭത്തിന് യോജിക്കാത്ത തരത്തിൽ തെൻറ അഭിപ്രായം അടർത്തിയെടുത്തുകൊണ്ടുള്ള പ്രചാരണമാണ് നടക്കുന്നതെന്നും പൊലീസ് പരിശീലനം നൽകി നക്സൽവാദികളും മാവോവാദികളും അവിശ്വാസികളുമായ രണ്ടു സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിച്ചതിന് എതിരായ പ്രതിഷേധത്തെ വഴിതിരിച്ചുവിടാനും ആശയക്കുഴപ്പമുണ്ടാക്കാനും മാർക്സിസ്റ്റ് പാർട്ടിയുടെ ഗൂഢാലോചനയാണ് ഇതെന്നും കുറിപ്പിൽ പറയുന്നു. പാർട്ടിയിലുള്ളവർതന്നെ തനിക്കെതിരെ തിരിഞ്ഞ സാഹചര്യത്തിലാണ് മുരളീധരെൻറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.