മുംബൈ/ന്യൂഡൽഹി: ബി.ജെ.പി മുന്‍ കേരള പ്രസിഡൻറ് വി. മുരളീധരന് മഹാരാഷ്ട്രയില്‍നിന്ന് എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടും.
മുരളീധരനൊപ്പം ബി.ജെ.പി നിർത്തിയ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണെ എന്നിവരും കോണ്‍ഗ്രസ് ടിക്കറ്റില്‍ പ്രമുഖ പത്രപ്രവര്ത്തകന് കുമാര്‍ കേദ്കറും ശിവസേനയുടെ അനില്‍ ദേശായിയും എന്‍.സി.പിയുടെ വന്ദന ചവാനും മത്സരമില്ലാതെ രാജ്യസഭയിലെത്തും.
കോണ്‍ഗ്രസ് വിട്ട ശേഷം ബി.ജെ.പിയില്‍ ചേരാന്‍ തടസ്സം നേരിട്ടതോടെയാണ് നാരായണ്‍ റാണെ മഹാരാഷ്ട്ര സ്വാഭിമാന്‍ പക്ഷ പാര്‍ട്ടി രൂപവത്കരിച്ച് എന്‍.ഡി.എയിൽ ചേർന്നത്.
മഹാരാഷ്ട്രയിൽ ഒഴിവുള്ള ആറ് സീറ്റുകളിലേക്ക് ഏഴുപേരാണ് പത്രിക നല്‍കിയത്. മുരളീധരനും ജാവ്ദേക്കറിനും നാരായൺ റാണെക്കും പുറമെ ബി.ജെ.പിക്കുവേണ്ടി അവസാന നിമിഷം മഹാരാഷ്ട്ര വനിത കമീഷന് അധ്യക്ഷ വിജയ രഹത്കർ പത്രിക സമർപ്പിച്ചത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. 288 അംഗ നിയമസഭയില്‍ 122 പേരുള്ള ബി.ജെ.പിക്ക് മൂന്ന് പേരെ മാത്രമെ ജയിപ്പിക്കാന്‍ കഴിയൂ. 63 അംഗങ്ങളുള്ള ശിവസേനയുടെ ബാക്കിവരുന്ന 22 വോട്ടുകള്‍ ലഭിച്ചാലും നാലാമതൊരാളെ ജയിപ്പിക്കാന്‍ ബി.ജെ.പിക്ക് കഴിയില്ല. എന്നാല്‍, ബി.ജെ.പിയുടെ നാലാം സ്ഥാനാര്‍ഥി കോണ്‍ഗ്രസിന് വിനയാകുമായിരുന്നു.
കോണ്‍ഗ്രസിെൻറ അംഗബലം 42 ല്‍ നിന്ന് 38 ആയി കുറഞ്ഞിട്ടുണ്ട്. ഒരംഗത്തിെൻറ മരണവും മറ്റൊരംഗം കിടപ്പിലായതിനും പുറമെ റാണെ പക്ഷക്കാരുടെ രണ്ട് വോട്ടും കോണ്‍ഗ്രസിന് കുറയും. വ്യാഴാഴ്ച വിജയ രഹത്കര്‍ പത്രിക പിന്‍വലിച്ചതോടെയാണ് മത്സരം ഒഴിവായത്. ശിവസേനയുടെ നിലപാട് ഭയന്നാണ് ബി.ജെ.പി നാലാം സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതെന്ന് കരുതുന്നു.
അതേസമയം, ഗുജറാത്തിൽ ബി.ജെ.പിയുടെയും കോൺഗ്രസിെൻറയും രണ്ട് സ്ഥാനാർഥികൾ വീതം എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് നാല് സീറ്റുകളാണ് ഒഴിവുണ്ടായിരുന്നത്. എന്നാൽ, അവസാന നിമിഷം ബി.ജെ.പിയുടെ കീർത്തി സിൻഹ റാണയും കോൺഗ്രസിെൻറ പി.കെ. വലേരയും പത്രിക നൽകിയിരുന്നു. എന്നാൽ, ഇരുവരും പത്രിക പിൻവലിച്ചതോടെ മത്സരം ഒഴിവായി. രാജസ്ഥാനിൽ മൂന്ന് ബി.ജെ.പി സ്ഥാനാർഥികൾ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒഡിഷയിൽ ഒഴിവുള്ള മൂന്ന് സീറ്റുകളിൽ ബിജു ജനതാദളിെൻറ മൂന്ന് സ്ഥാനാർഥികൾ തെരെഞ്ഞടുക്കപ്പെട്ടു.
അതേസമയം, ഉത്തർപ്രദേശിൽ ഒഴിവുള്ള 10 സീറ്റുകളിലേക്ക് 11 പേർ പത്രിക നൽകിയതോടെ മത്സരം ഉറപ്പായി. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ച ബി.ജെ.പിയുടെ രണ്ടു സ്ഥാനാർഥികൾ പത്രിക പിൻവലിച്ചിരുന്നു. ബി.ജെ.പിക്ക് എട്ട് അംഗങ്ങളെയാണ് ഇവിടെ ജയിപ്പിക്കാൻ കഴിയുക. എന്നാൽ, പാർട്ടിക്കുവേണ്ടി ഒമ്പത് പേരാണ് മത്സരിക്കുന്നത്. സമാജ്വാദി പാർട്ടിയുടെയും ബി.എസ്.പിയുടെയും ഒാരോ സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. മാർച്ച് 23നാണ് തെരഞ്ഞെടുപ്പ്.
എട്ടുപേരെ ജയിപ്പിച്ചാലും ബി.ജെ.പിക്ക് 28 വോട്ടുകൾ കൂടുതലുണ്ട്. ബി.എസ്.പിക്ക് 19 വോട്ടുകളാണുള്ളത്. സമാജ്വാദി പാർട്ടിയുടെ അധിക വോട്ടും കോൺഗ്രസിെൻറയും രാഷ്ട്രീയ ലോക്ദളിെൻറയും സഹായത്തോടെയും ജയിക്കാമെന്നാണ് ബി.എസ്.പി കണക്കുകൂട്ടൽ. എന്നാൽ, ബി.ജെ.പിയിൽ ചേർന്ന മുൻ സമാജ്വാദി പാർട്ടി നേതാവ് നരേഷ് അഗർവാൾ തെൻറ മകൻ നിതിൻ അഗർവാൾ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴും സമാജ്വാദി പാർട്ടി എം.എൽ.എയായ നിതിൻ ബി.ജെ.പിക്ക് വോട്ടുചെയ്താൽ ബി.എസ്.പിക്ക് സാധ്യത കുറയും.
ആന്ധ്രപ്രദേശിൽ തെലുഗുദേശം പാർട്ടിയുടെ രണ്ടുസ്ഥാനാർഥികളും വൈ.എസ്.ആർ കോൺഗ്രസിെൻറ ഒരു സ്ഥാനാർഥിയും രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഹരിയാനയിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് ബി.ജെ.പി സ്ഥാനാർഥി ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.