എല്ലാവർക്കും നീതിയിൽ അധിഷ്ഠിതമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഒരുക്കുമെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം: എല്ലാവർക്കും നീതിയിൽ അധിഷ്ഠിതമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഒരുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കോവളം കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ കേരള സ്കൂൾ വിദ്യാഭ്യാസ കോൺഗ്രസ് ഉദ്ഘാടനെ ചെയ്യുകയായരുന്നു അദ്ദേഹം.

ഓരോ കുട്ടിയുടെയും സവിശേഷമായ കഴിവിനെ പരമാവധി വികസിപ്പിക്കുന്ന തരത്തിലുള്ള പഠനാനുഭവങ്ങൾ ഒരുക്കുക എന്നതാണ് ലക്ഷ്യം. ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമകരമായ നിർദേശങ്ങളെ പ്രതിരോധിക്കുന്നതിനും കേരളത്തിന്റെ പുരോഗമനപരമായ കാഴ്ചപ്പാടുകൾ നടപ്പിലാക്കുന്നതിനും അനുസൃതമായ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് തുടക്കം കുറിച്ചു.

സ്‌കൂൾ കോംപ്ലക്‌സ് സംവിധാനം, ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് സ്‌കൂൾ നടത്താനുള്ള അനുമതി, കേന്ദ്രീകൃതമായ പാഠപുസ്തകങ്ങൾ, വളരെ ചെറിയ ക്ലാസുകളിൽ തന്നെ പൊതുപരീക്ഷ, ചെറിയ ക്ലാസുകളിൽ തന്നെ തൊഴിൽ വിദ്യാഭ്യാസം തുടങ്ങിയ നിരവധി നിർദേശങ്ങൾ സംബന്ധിച്ച് കേരളത്തിന് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്.

കേരളത്തിന്റെ തനത് ചരിത്രവും സംസ്‌കാരവും വൈവിധ്യങ്ങളും എല്ലാ പരിഗണിച്ചു കൊണ്ടുള്ള പാഠ്യപദ്ധതി പരിഷ്‌കരണമാണ് നടപ്പിലാക്കുക. പുതിയ സാങ്കേതികവിദ്യ നൽകുന്ന സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ ഇത് മാനവികമൂല്യങ്ങൾ നഷ്ടപ്പെടുത്തി യാന്ത്രികതയിലേക്ക് മാറാനും പാടില്ല.

ആധുനികത, മാനവികത, ജനകീയത എന്നിവയെ അടിസ്ഥാനമാക്കിയാണ് നമ്മുടെ പാഠ്യപദ്ധതി പരിഷ്‌കരണം മുന്നോട്ടുപോകുന്നത്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത, ജനാധിപത്യ ബോധം, പാരിസ്ഥിതിക അവബോധം, ശാസ്ത്രീയബോധം, ലിംഗനീതി തുടങ്ങിയ മൂല്യങ്ങൾ വികസിപ്പിക്കുവാൻ കഴിയുന്ന തരത്തിലുള്ള പാഠ്യപദ്ധതി തയ്യാറാക്കാനാണ് ഉദേശിക്കുന്നത്.

നവകേരള നിർമിതിയുടെ ഭാഗമായി കേരളത്തെ ഒരു ജ്ഞാനസമൂഹമായി മാറ്റുക എന്ന വിശാലമായ ലക്ഷ്യവും ഭാവി തൊഴിൽ സാധ്യതകളും പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ പ്രധാനമാണ്. സാർവ ദേശീയമായി സ്‌കൂൾ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകുന്ന നൂതനമായ ആശയങ്ങളും പഠനബോധന തന്ത്രങ്ങളും പങ്കുവക്കുന്നതിനും വിലയിരുത്തുന്നതിനും അവ കേരള സാഹചര്യത്തിൽ എപ്രകാരം ഫലപ്രദമായി പ്രയോജനപ്പെടുത്താം എന്ന് മനസിലാക്കുന്നതിനും കേരള സ്കൂൾ വിദ്യാഭ്യാസ കോൺഗ്രസിന് സാധിക്കും.

നിലവിൽ അന്തർദേശീയ തലത്തിൽ സ്‌കൂൾ വിദ്യാഭ്യാസത്തിൽ മുന്നിൽ നിൽക്കുന്ന ഫിൻലാൻഡ് പോലുള്ള രാജ്യങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തകർ ഇതിൽ പങ്കാളികളാകുന്നു എന്നത് ഏറെ പ്രധാനമാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. എ എ റഹീം എം. പി. അധ്യക്ഷനായിരുന്നു. മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദീപക് വസന്ത് കെസർക്കർ, രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഡോ. ബുലാക്കി ദാസ് കല്ല തുടങ്ങിയവർ മുഖ്യാതിഥികൾ ആയിരുന്നു.

Tags:    
News Summary - V. Shivankutty will provide quality education based on justice for all

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.