തിരുവനന്തപുരം: നവകേരള സദസ്സിന് ഉപയോഗിച്ചത് ആഡംബര ബസാണെന്ന് വിശേഷിപ്പിച്ച കെ. സുധാകരനും വി.ഡി. സതീശനും ഭാരത് ജോഡോ ന്യായ് യാത്രാ ബസിന് എന്ത് വിശേഷണം നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്വന്തം നേതാവ് യാത്ര നടത്തുമ്പോൾ മിണ്ടാതിരിക്കുന്ന ഇരട്ടത്താപ്പാണ് വി.ഡി. സതീശന്‍റേതും കെ. സുധാകരന്‍റേതുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രാ ബസിൽ ലിഫ്റ്റും കോൺഫറൻസ് റൂമും ശുചിമുറിയുമുണ്ടെന്നാണ് മാധ്യമ റിപ്പോർട്ട്. അങ്ങനെയെങ്കിൽ അത്യാഡംബര ബസെന്ന് വിശേഷിപ്പിക്കേണ്ടിവരും. രാഷ്ട്രീയ നേതാക്കൾ നടത്തുന്ന യാത്രയിൽ ഇത്തരം സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഇതൊക്കെ തെറ്റെന്ന് വിളിച്ചുപറയുകയും സ്വന്തം നേതാവ് യാത്ര നടത്തുമ്പോൾ മിണ്ടാതിരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും പുലർത്തുന്നത് -മന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധി ബസിൽ യാത്ര നടത്തുന്നതിനോട് എതിർപ്പില്ല. എന്നാൽ, സംസ്ഥാനത്ത് കോൺഗ്രസ് നെഗറ്റിവ് രാഷ്ട്രീയമാണ് പിന്തുടരുന്നത്. ഇത് കോൺഗ്രസിനെ ജനങ്ങളിൽനിന്ന് കൂടുതൽ അകറ്റും. വിവാദങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന സംസ്ഥാന നേതാക്കൾ കോൺഗ്രസിന്റെ തന്നെ കുഴിതോണ്ടുകയാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.