പീരുമേട്: വാഗമണ്ണിൽ സ്വകാര്യ തോട്ടമുടമ വ്യാജപട്ടയം നിർമിച്ച് 55 ഏക്കർ സർക്കാർ ഭൂ മി കൈയേറി പ്ലോട്ടുകളാക്കി മറിച്ചുവിറ്റു. തട്ടിപ്പിൽ റവന്യൂ ഉദ്യോഗസ്ഥർക്കും രാഷ്ട ്രീയക്കാർക്കും പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. പീരുമേട് താലൂക്ക് ഓ ഫിസ്, താലൂക്ക് സർവേ ഓഫിസ്, വാഗമൺ വില്ലേജ് ഓഫിസ് എന്നിവിടങ്ങളിലെ ചില ജീവനക്കാരുടെ സഹായത്തോടെയാണ് വ്യാജപട്ടയം നിർമിച്ച് ഭൂമി നിയമവിധേയമാണെന്ന് വരുത്തിയതെന്നും റിപ്പോർട്ട് പറയുന്നു.
എറണാകുളം സ്വദേശിയും റാണിമുടി എസ്റ്റേറ്റ് ഉടമയുമായ ജോളി സ്റ്റീഫനും പിതാവ് കെ.ജെ. സ്റ്റീഫനുമാണ് തട്ടിപ്പിനു പിന്നിൽ. ജോളി സ്റ്റീഫനുമായി പിണങ്ങിക്കഴിയുന്ന ഭാര്യയാണ് പരാതി നൽകിയത്.
1989ൽ വാഗമണ്ണിൽ 54 ഏക്കർ തേയിലത്തോട്ടം വാങ്ങിയതിനൊപ്പം 55 ഏക്കറിലധികം സർക്കാർ ഭൂമിയും കൈയേറുകയായിരുന്നു. ഈ ഭൂമിക്ക് 70 കോടി മതിപ്പുവിലയുണ്ട്. പീരുമേട് താലൂക്കിലെ അന്നത്തെ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ 15 വ്യാജ പട്ടയങ്ങളുണ്ടാക്കിയായിരുന്നു കൈയേറ്റം ‘സാധൂകരിച്ചത്’. പട്ടയത്തിൽ പറയുന്ന ഭൂവുടമകളിൽ ഒരാൾപോലും യഥാർഥമല്ല. 55 ഏക്കറിെൻറ പവർ ഓഫ് അറ്റോർണി ബന്ധുവായ ബിജു ജോർജിനെന്ന രേഖയും പൂഞ്ഞാർ സബ് രജിസ്ട്രാർ ഓഫിസിൽനിന്ന് ഇവർ തരപ്പെടുത്തി.
പീരുമേട്ടിലെ മുൻ താലൂക്ക് സർവേയറുടെ ഭാര്യാപിതാവിെൻറ പേരിലും പട്ടയം സംഘടിപ്പിച്ചു. വാഗമൺ-ഏലപ്പാറ റോഡിനു സമീപം മാസ്കോ തേയില ഫാക്ടറിക്ക് സമീപം സർക്കാർ ഭൂമിയിലാണ് കൈയേറ്റം നടത്തി വ്യാജപട്ടയം നിർമിച്ചത്. വ്യാജപട്ടയത്തിൽ വിൽപന നടത്തിയ സ്ഥലങ്ങളിൽ 50ൽപരം റിസോർട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. തോട്ടംഭൂമി തരം മാറ്റരുതെന്ന നിയമം ലംഘിച്ചാണ് റിസോർട്ടു നിർമിച്ചത്.
വൻവിലയ്ക്കായിരുന്നു സ്ഥലവിൽപന. സ്ഥലം വാങ്ങിയവരെല്ലാം വൻകിടക്കാരായതിനാൽ തടസ്സം കൂടാതെ റിസോർട്ടുകളുടെ നിർമാണം പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.