വാഹനിലെ പോരായ്മകൾ പഴുതാക്കി ഇടനിലക്കാർ

തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് സേവനങ്ങൾക്കുള്ള ഓൺലൈൻ അപേക്ഷകൾ നേരിട്ട് നൽകുന്നതിനെക്കാൾ കഠിനവും സങ്കീർണവുമെങ്കിലും പരിഹരിക്കാൻ തലപ്പത്തുള്ളവർക്ക് താൽപര്യമില്ലാത്തത് ഇടനിലക്കാർക്ക് സൗകര്യമാകുന്നു. സേവനങ്ങൾ ഓൺലൈനിലേക്ക് മാറി രണ്ട് വർഷം പിന്നിടുമ്പോഴും വാഹനിലെ പോരായ്മകളും പഴുതുകളും അതേപടി തുടരുകയാണ്. നടപടികൾ ഓൺലൈനായതോടെ കൈക്കൂലിയും ഡിജിറ്റലായി എന്നതല്ലാതെ ഇടനിലക്കാരില്ലാതെ അപേക്ഷകൾ നീങ്ങില്ലെന്ന സ്ഥിതിയാണിപ്പോൾ. വാഹനിൽ ഒരു ഫയലും 'പെൻഡിങ്' ഇല്ലെന്നാണ് ഉദ്യോഗസ്ഥർ സർക്കാറിന് നൽകുന്ന റിപ്പോർട്ട്. അപേക്ഷകൾ വാഹനിൽ സമർപ്പിച്ചാലും ഉദ്യോഗസ്ഥർ ഓൺലൈനായി ക്ലിക്ക് ചെയ്ത് സ്വീകരിച്ചാലേ ഫയൽ ഔദ്യോഗികമായി പോർട്ടലിൽ എത്തൂ. ഇത്തരത്തിൽ സ്വീകരിച്ച ഫയൽ സമയബന്ധിതമായി തീർപ്പാക്കിയില്ലെങ്കിലേ വാഹനിൽ 'പെൻഡിങ്' കാണിക്കൂ. അല്ലാത്തവ 'വിജയകരമായി പൂർത്തിയാക്കി' എന്ന സന്ദേശമൊക്കെ അപേക്ഷിക്കുന്നയാളിന് കിട്ടുമെങ്കിലും ഓൺലൈൻ സംവിധാനത്തിന് പുറത്തായിരിക്കും. പല ഓഫിസുകളിലും ഏജന്‍റുമാർ വഴി നൽകുന്ന അപേക്ഷകളേ ഉദ്യോഗസ്ഥർ 'സ്വീകരിക്കൂ'. അപേക്ഷ പൂർത്തിയാക്കിയശേഷം കൈമടക്കും അപേക്ഷകളുടെ വിവരങ്ങളും ഓഫിസിലെത്തിക്കാനും സൗകര്യമുണ്ട്.

ഇതടക്കം നിരവധി പോരായ്മകളുണ്ടെങ്കിലും അതൊന്നും പരിഹരിക്കാൻ മോട്ടോർ വാഹനവകുപ്പ് അധികൃതർ തയാറല്ല. വാഹൻ വന്നതിനുശേഷം നിരവധി ഗതാഗത കമീഷണർമാർ ചുമതല വഹിച്ചിട്ടുണ്ടെങ്കിലും അവരൊന്നും ഇക്കാര്യം പരിഗണിച്ചിട്ടില്ല. തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥരാകട്ടെ സ്ഥാനക്കയറ്റം കിട്ടി എത്തുന്നവരും വിരമിക്കാൻ കുറഞ്ഞ കാലയളവ് മാത്രം ശേഷിക്കുന്നവരുമായിരിക്കും. ശേഷിക്കുന്ന കാലയളവിൽ ആരുടെയും വെറുപ്പും എതിർപ്പും സമ്പാദിക്കേണ്ടെന്ന വിചാരത്തിൽ അവരാരും മുൻകൈയെടുക്കാറുമില്ല. ഫലത്തിൽ എല്ലാം ഓൺലൈനിലായെന്ന മന്ത്രിയുടെ പ്രഖ്യാപനം കേട്ട് ഏജന്‍റുമാരില്ലാതെ എത്തുന്ന സാധാരണ അപേക്ഷകരാകും വട്ടും കറങ്ങുക.

Tags:    
News Summary - vahan issues are misusing largely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.