മിഷന്‍ വാളയാര്‍: സ്വകാര്യ വേബ്രിഡ്ജുകള്‍  നികുതിവെട്ടിപ്പിന്‍െറ കേന്ദ്രമാകുന്നു 

പാലക്കാട്: മിഷന്‍ വാളയാറിന്‍െറ ഭാഗമായി ചെക്ക്പോസ്റ്റുകളില്‍ സ്ഥാപിച്ച സ്വകാര്യ വേബ്രിഡ്ജുകള്‍ നികുതിവെട്ടിപ്പിന്‍െറ പ്രധാന ഉറവിടമാകുന്നു. അഴിമതി തടയാന്‍ 2007ല്‍ ധനമന്ത്രി ഡോ. തോമസ് ഐസക് തുടക്കമിട്ട പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ വാളയാര്‍, ഗോപാലപുരം, ഗോവിന്ദാപുരം, മീനാക്ഷിപുരം, നടുപ്പുണി വാണിജ്യനികുതി ചെക്ക്പോസ്റ്റുകളില്‍ സ്ഥാപിച്ച സ്വകാര്യ വേബ്രിഡ്ജുകളാണ് നികുതി വെട്ടിപ്പിനും കോടികളുടെ വരുമാനചോര്‍ച്ചക്കും വഴിയൊരുക്കിയത്. സര്‍ക്കാര്‍ വേബ്രിഡ്ജുകള്‍ ഇല്ലാത്തതോ, കേടായതോ ആയ ചെക്ക്പോസ്റ്റുകളിലാണ് തമിഴ്നാട്ടിലെ സ്വകാര്യ ഏജന്‍സിയുമായി കരാറുണ്ടാക്കി വേബ്രിഡ്ജുകള്‍ സ്ഥാപിക്കാന്‍ ഭൂമി പാട്ടത്തിന് നല്‍കിയത്. 

വേബ്രിഡ്ജിന്‍െറ ഉടമസ്ഥതാവകാശമുള്ള തമിഴ്നാട് ഏജന്‍സിയുടെ ആധിപത്യമാണ് ഈ കേന്ദ്രങ്ങളില്‍. വാളയാറില്‍ സര്‍ക്കാര്‍ വേബ്രിഡ്ജുണ്ടെങ്കിലും പ്രവര്‍ത്തിക്കുന്നില്ല. വാണിജ്യനികുതി ചെക്ക്പോസ്റ്റില്‍ മിക്ക ചരക്കുകള്‍ക്കും നികുതി ചുമത്തുന്നത് തൂക്കത്തിന്‍െറ അടിസ്ഥാനത്തിലാണ്. സ്വകാര്യ ഏജന്‍സിക്ക് വാളയാറില്‍ മൂന്നും ഗോപാലപുരം, ഗോവിന്ദാപുരം, മീനാക്ഷിപുരം, നടുപ്പുണി എന്നിവിടങ്ങളില്‍ ഒരോ വേബ്രിഡ്ജുകളുമാണുള്ളത്. സ്വകാര്യ വേബ്രിഡ്ജ് നടത്തിപ്പുകാര്‍ സര്‍ക്കാര്‍ സ്ളിപ്പില്‍ ലോറി ഡ്രൈവര്‍മാര്‍ പറയുന്ന തൂക്കം രേഖപ്പെടുത്തി നല്‍കും. അതുവഴി ദിവസേന സര്‍ക്കാറിനുണ്ടാകുന്നത് ലക്ഷങ്ങളുടെ നികുതിനഷ്ടമാണ്. 

തൂക്കം കുറച്ച് രേഖപ്പെടുത്തി സ്വകാര്യ വേബ്രിഡ്ജ് നടത്തിപ്പുകാര്‍ വന്‍ അഴിമതി നടത്തുന്നെന്ന ആക്ഷേപം ശക്തമാണ്. വാണിജ്യനികുതി വകുപ്പിലെ ഉദ്യോസ്ഥരുടെ ഒത്താശയോടെയാണ് കൃത്രിമം. തൂക്കത്തില്‍ വ്യത്യാസം കണ്ടാല്‍ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാനും ലൈസന്‍സ് റദ്ദാക്കാനും കരാറില്‍ വ്യവസ്ഥയുണ്ടെങ്കിലും നടത്തിപ്പുകാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാറില്ല. സ്വകാര്യ വേബ്രിഡ്ജുകളില്‍ വാണിജ്യനികുതി വകുപ്പ് സ്ക്വാഡുകളുടെ പരിശോധനയും ഉണ്ടാവാറില്ല. സര്‍ക്കാറിന് ഒറ്റയടിക്ക് പണം മുടക്കാനില്ലാത്തതിനാലാണ് വേബ്രിഡ്ജ് സ്ഥാപിക്കാന്‍ സ്വകാര്യ ഏജന്‍സിയുമായി കരാറുണ്ടാക്കിയത്. ചെക്ക്പോസ്റ്റുകളോട് ചേര്‍ന്നായതിനാല്‍ കൃത്രിമത്തിന് സാധ്യത കുറയുമെന്നായിരുന്നു അനുമാനം. എന്നാല്‍, സ്വകാര്യ വേബ്രിഡ്ജ് നടത്തിപ്പുകാരും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് വന്‍വെട്ടിപ്പിന് കളമൊരുക്കുകയാണുണ്ടായത്. വാളയാറില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വേബ്രിഡ്ജ് ലക്ഷങ്ങള്‍ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ജീവനക്കാരുടെ കുറവുള്ളതിനാല്‍ പ്രവര്‍ത്തിപ്പിക്കാനാവില്ളെന്ന നിലപാടിലാണ് അധികൃതര്‍. കൃത്രിമം തടയാന്‍ ഡോ. തോമസ് ഐസക് മുന്നോട്ടുവെച്ച കമ്പ്യൂട്ടര്‍വത്കൃത ഓട്ടോമാറ്റിക് വേബ്രിഡ്ജ് സ്ഥാപിക്കണമെങ്കില്‍ സംയോജിത ചെക്ക്പോസ്റ്റ് യാഥാര്‍ഥ്യമാകണം. 

Tags:    
News Summary - valayar mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.