വാളയാര്‍ മിഷന്‍ നാളെ തുടങ്ങും; ഉദ്യോഗസ്ഥര്‍ക്ക് അര്‍ധമനസ്സ്

പാലക്കാട്: മിഷന്‍ വാളയാര്‍ രണ്ടാംപതിപ്പിന് ധനമന്ത്രി ഡോ. തോമസ് ഐസക്കിന്‍െറ നേതൃത്വത്തില്‍ ചൊവ്വാഴ്ച തുടക്കമിടുമ്പോള്‍ വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അര്‍ധമനസ്സ്. ചെക്പോസ്റ്റില്‍ സ്കാനര്‍ സ്ഥാപിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ താല്‍പര്യമില്ല. എക്സൈസ് പരിശോധനക്ക് മാത്രമേ സ്കാനര്‍ ആവശ്യമുള്ളൂവെന്ന നിലപാടിലാണിവര്‍. ചെക്പോസ്റ്റില്‍ വാഹനം തുറന്നുപരിശോധിക്കുക അപ്രായോഗികമാണെന്ന് ഇവര്‍ പറയുന്നു. മൂന്ന് വാഹനങ്ങളില്‍ ഒന്ന് എന്ന നിലക്ക് റാന്‍റം രീതിയില്‍ പരിശോധന വേണമെന്നാണ് ധനമന്ത്രി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, പത്തില്‍ ഒന്ന് എന്ന രീതിയില്‍ പരിശോധനയാകാമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. സ്കാനറും സി.സി.ടി.വി കാമറയുമില്ലാത്തത് നികുതിവെട്ടിപ്പിന് ആക്കം കൂട്ടിയിട്ടുണ്ട്. സ്കാനര്‍ സ്ഥാപിച്ചാല്‍ നികുതിചോര്‍ച്ച ഫലപ്രദമായി തടയാനാകും. ധനമന്ത്രിയായി ചുമതലയേറ്റ ഡോ. തോമസ് ഐസക് ജൂലൈ അവസാനം വാളയാറില്‍ മിന്നല്‍ പരിശോധനക്കത്തെിയിരുന്നു. ദൗത്യം പുനരാരംഭിക്കാന്‍ ബഹുമുഖ പദ്ധതിയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. സംയോജിത ചെക്പോസ്റ്റ് ഒരു വര്‍ഷത്തിനകം യാഥാര്‍ഥ്യമാക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം.

എന്നാല്‍, അഴിമതിക്കുള്ള പഴുതുകള്‍  അടയ്ക്കുന്ന സര്‍ക്കാര്‍ നടപടി അട്ടിമറിക്കാന്‍ വാണിജ്യനികുതി വകുപ്പിലെ പ്രബല വിഭാഗം രഹസ്യമായി കരുനീക്കം നടത്തുന്നുണ്ട്. സംയോജിത ചെക്പോസ്റ്റ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഇതിന്‍െറ ഭാഗമാണ്. സംസ്ഥാനത്തേക്കുള്ള ചരക്കുനീക്കത്തിന്‍െറ സിംഹഭാഗവും വാളയാര്‍ ചെക്പോസ്റ്റ് വഴിയാണെങ്കിലും ഏതാനും വര്‍ഷമായി ഇവിടെനിന്നുള്ള നികുതി വരുമാനത്തില്‍ ഇടിവ് സംഭവിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

2011-12ല്‍ 27.9 കോടി രൂപയായിരുന്നു വരുമാനം. 2012-13ല്‍ 26.38 കോടിയായും 2013-14ല്‍ 26.28 കോടിയായും 2014-15ല്‍ 22.9 കോടിയായും നികുതിവരുമാനം ഇടിഞ്ഞു. 2015-16ല്‍ 26.56 കോടിയാണ് വരുമാനം. ഈ വര്‍ഷം ഒക്ടോബര്‍ അവസാനം വരെയുള്ള കണക്കുപ്രകാരം 19.67 കോടിയാണ് വരുമാനം. 2011-12ല്‍ 9.52 ലക്ഷം വാഹനങ്ങള്‍ അതിര്‍ത്തി കടന്നിരുന്നെങ്കില്‍ 2014-15ല്‍ വാഹനങ്ങളുടെ എണ്ണം 7.58 ആയി കുറഞ്ഞു.

ഗതാഗതക്കുരുക്കും ദേശീയപാതയുടെ പ്രവൃത്തിയും ചുങ്കം പിരിച്ചുതുടങ്ങിയതുമടക്കം നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും പത്തുകോടിയുടെ വരുമാന ചോര്‍ച്ചയാണ് സര്‍ക്കാറിന് വാളയാറില്‍ ഉണ്ടായത്. വരുമാനചോര്‍ച്ച തടയാനും അഴിമതി ഇല്ലാതാക്കാനും ലക്ഷ്യമിട്ട് ‘ഓപറേഷന്‍ പാലക്കാട്’ എന്ന പേരിലാണ് രണ്ടാം വാളയാര്‍ ദൗത്യത്തിന് നവംബര്‍ ഒന്നിന് ധനവകുപ്പ് തുടക്കമിടുന്നത്.  

 

Tags:    
News Summary - valayar mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.