വാളയാര്‍: അന്വേഷണം ഊര്‍ജിതം; പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാവും

പാലക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. മൂന്ന് പ്രതികളുടെ അറസ്റ്റ് വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തും. കുട്ടികളുടെ ബന്ധു ഉള്‍പ്പെടെയുള്ളവരെയാണ് പ്രതിചേര്‍ക്കുക. മൂത്തകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരവും ആത്മഹത്യപ്രേരണക്കും കേസെടുക്കുമെന്നാണ് സൂചന. മൂത്തകുട്ടിയെ പീഡിപ്പിച്ചതായി പ്രതികള്‍ പൊലീസിനോട് സമ്മതിച്ചതായി വിവരമുണ്ട്. മൂത്തകുട്ടിയെ ഇളയച്ഛന്‍െറ മകന്‍ നിരന്തരം പീഡിപ്പിച്ചതായ മാതാവിന്‍െറ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്.

അതേസമയം, മൂത്തകുട്ടിയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണോദ്യോഗസ്ഥര്‍. കൊലപാതകമാണെന്ന് സ്ഥാപിക്കാന്‍ തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രകൃതിവിരുദ്ധ പീഡനത്തിന്‍െറ തെളിവ് പുറത്തുവന്നിരുന്നെങ്കിലും കൊല ചെയ്യപ്പെട്ടതാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ല. പ്രാരംഭ അന്വേഷണത്തില്‍ വീഴ്ചയുണ്ടായതിനാല്‍ സാഹചര്യതെളിവുകള്‍ നഷ്ടമാവുകയും ചെയ്തു. ആത്മഹത്യപ്രേരണക്ക് പ്രതികള്‍ക്കെതിരെ കേസെടുത്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

അതേസമയം, ഇളയകുട്ടി കൊലചെയ്യപ്പെട്ടത് തന്നെയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൂരപീഡനത്തിന് കുട്ടി പലതവണ ഇരയായതായും ജില്ല ആശുപത്രിയിലെ സീനിയര്‍ പൊലീസ് സര്‍ജന്‍െറ റിപ്പോര്‍ട്ടിലുണ്ട്. മൂത്തകുട്ടിയെ പീഡിപ്പിച്ച പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ രണ്ടാമത്തെ കേസിലും പ്രതിചേര്‍ക്കപ്പെടുമെന്നാണ് സൂചന. നിലവില്‍ അഞ്ചുപേര്‍ കസ്റ്റഡിയിലുണ്ട്. നാലുപേര്‍ നിരീക്ഷണത്തിലുമാണ്. മൂത്തകുട്ടിക്ക് വീട്ടില്‍നിന്നുതന്നെ പീഡനമേല്‍ക്കേണ്ടിവന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

അതിനിടെ, തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാറിന്‍െറ ശിപാര്‍ശപ്രകാരം അന്വേഷണസംഘം പുന:സംഘടിപ്പിച്ചു. പാലക്കാട് നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി എം.ജെ. സോജന് ചുമതല നല്‍കി. വീഴ്ച വരുത്തിയ വാളയാര്‍ എസ്.ഐ പി.സി. ചാക്കോയെ അന്വേഷണ സംഘത്തില്‍നിന്ന് മാറ്റി. പാലക്കാട് എ.എസ്.പി ജി. പൂങ്കുഴലി കേസിന്‍െറ മേല്‍നോട്ടച്ചുമതലയില്‍ തുടരും. അന്വേഷണ പുരോഗതി വിലയിരുത്താന്‍ മലപ്പുറം ജില്ല പൊലീസ് സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹ്റ വ്യാഴാഴ്ച പാലക്കാട്ടത്തെും.

Tags:    
News Summary - valayar rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.