മൂല്യനിർണയവും,തെരഞ്ഞെടുപ്പ്​ ക്ലാസും ഒ​രേ ദിവസം: ഹയർ​സെക്കൻഡറി അധ്യാപകർ വെട്ടിൽ

പരീക്ഷ മൂല്യനിർണയവും,തെരഞ്ഞെടുപ്പ്​ ക്ലാസും ഒ​രേ ദിവസമായതോടെ ഹയർ​സെക്കൻഡറി അധ്യാപകർ വെട്ടിലായിരിക്കുകയാണ്. ഹയർ സെക്കൻഡറി മൂല്യ നിർണയം ആരംഭിക്കുന്ന ഏപ്രിൽ മൂന്നിന്‌ പകുതിയിലേറെ അധ്യാപകരും തെരഞ്ഞെടുപ്പ്​ ക്ലാസിൽ. ചൊവ്വാഴ്‌ചയാണ്​ തെരഞ്ഞെടുപ്പ്​ കമീഷന്‍റെ ക്ലാസ്‌ ആരംഭിക്കുക. 80 ശതമാനം ഹയർ സെക്കൻഡറി അധ്യാപകർക്കും പ്രിസൈഡിങ് ഓഫിസറായോ ഒന്നാം പോളിങ്​ ഓഫിസറായോ ചുമതലയുണ്ട്‌. അതുകൊണ്ടുതന്നെ പരീക്ഷ മൂല്യനിർണയ തീയതി മാറ്റിവെക്കണമെന്നാണ്​ ബഹുഭൂരിപക്ഷം അധ്യാപകരും അധ്യാപക സംഘടനകളും ആവശ്യപ്പെടുന്നത്​. ബുധനാഴ്‌ച എസ്‌.എസ്‌.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ മൂല്യനിർണയം ആരംഭിക്കാനിരിക്കെയാണ്‌ ഈ ആശയക്കുഴപ്പം.

ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്​ ക്ലാസ്​ ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ്‌. ഈ ക്ലാസിനുപോയില്ലെങ്കിൽ നടപടി നേരിടേണ്ടിവരും. മൂല്യനിർണയ ക്യാമ്പ് ഒഫീഷ്യലുകളും അധ്യാപകരും കൂട്ടത്തോടെ ക്ലാസിൽ പങ്കെടുക്കേണ്ടതിനാൽ മൂല്യനിർണയ ക്യാമ്പുകളുടെ പ്രവർത്തനവും താറുമാറാകും. ചീഫ് എക്സാമിനറും അസിസ്റ്റന്റ്‌ എക്സാമിനർമാരുമായി 6-7 അധ്യാപകരുള്ള ടീമായാണ് മൂല്യനിർണയം.

ബുധനാഴ്ച വളരെ കൂടുതൽ അധ്യാപകർ തെരഞ്ഞെടുപ്പ്​ ക്ലാസിന്​ പോകുന്നതിനാൽ ടീം രൂപവത്​കരണം ബുദ്ധിമുട്ടാകും. അത് തുടർ ദിവസങ്ങളിലും മൂല്യനിർണയ പ്രക്രിയയെ ബാധിക്കും. അതുകൊണ്ടാണ്‌ മൂല്യനിർണയം എട്ടിന്‌ ആരംഭിക്കുന്ന വിധത്തിൽ ക്രമീകരണത്തിന്​ ആവശ്യമുയരുന്നത്‌.

മൂല്യനിർണയ ക്യാമ്പുകളിൽ പങ്കെടുക്കുന്ന അധ്യാപകരെ അതത്‌ ജില്ല കലക്‌ടർമാരുമായി ബന്ധപ്പെട്ട്‌ തെരഞ്ഞെടുപ്പ്‌ ജോലിയിൽനിന്ന്‌ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ഹയർ സെക്കൻഡറി പരീക്ഷ സെക്രട്ടറി മേഖല ഉപമേധാവികൾക്ക്‌ കത്തയച്ചിട്ടുണ്ട്‌. മൂല്യനിർണയം യഥാവിധി നടന്നാലേ കൃത്യസമയത്ത്‌ ഫലപ്രഖ്യാപനം നടത്താനാകൂവെന്നും കത്തിൽ പറയുന്നു.

രണ്ടാഴ്ച കൊണ്ട്‌ മൂല്യനിർണയം പൂർത്തിയാക്കാനാകുമെന്നും അതുകൊണ്ടുതന്നെ ഫലം വൈകുമെന്ന വാദത്തിന്‌ പ്രസക്തിയില്ലെന്നും അധ്യാപക സംഘടനകൾ പറയുന്നു. ബുദ്ധിമുട്ട്‌ മനസ്സിലാക്കി മൂല്യനിർണയ തീയതി മാറ്റാൻ വിദ്യാഭ്യാസ വകുപ്പ്‌ തയാറാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ എ.എച്ച്‌.എസ്‌.ടി.എ സംസ്ഥാന പ്രസിഡന്റ്‌ ആർ. അരുൺകുമാർ പറഞ്ഞു.

Tags:    
News Summary - Valuation, selection class on the same day: Higher secondary teachers in trouble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.