തൃക്കരിപ്പൂർ: അത്യന്തം ആവേശം മുറ്റി നിന്ന ലോകകപ്പ് കലാശപ്പോരിൽ പ്രിയ നായകൻ കപ്പിൽ മുത്തമിട്ടപ്പോൾ ഇങ്ങ് തൃക്കരിപ്പൂരിൽ തുറന്ന വാഹനത്തിൽ അർജൻ്റൈൻ പതാകയേന്തി ആർപ്പുവിളിച്ച് നിബ്രാസും! ആദ്യ മത്സരത്തിൽ ആരാധകരെ ഞെട്ടിച്ച് അർജൻറീന സൗദിയോട് തോറ്റപ്പോൾ തേങ്ങിക്കരഞ്ഞ നിബ്രാസിന് ഇന്നലെ ആഘോഷരാവായിരുന്നു.
''ഒരു കളിയല്ലേ കഴിഞ്ഞുള്ളൂ, നമുക്ക് കാണാം.. '' എന്ന് സൗദിയോട് തോറ്റപ്പോൾ വിതുമ്പിക്കൊണ്ടുപറഞ്ഞ അവന്റെ ആത്മവിശ്വാസം വെറുതെയായില്ല. ലുസൈലിൽ ''മിശിഹാ '' തകർത്താടുമ്പോൾ നിബ്രാസ് തൃക്കരിപ്പൂരിൽ തുള്ളിച്ചാടി. അധിക നേരത്തിൻറെ അവസാനം എംബാപ്പെ ഇഷ്ട ടീമിൻറെ വല തുളച്ചപ്പോൾ അവൻ വീണ്ടും എഴുന്നേറ്റ് പോയി. മാർട്ടിനസിൻറെ ഗോൾ കീപ്പിങ്ങിൽ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും മുൾമുനയിലായിരുന്നു അവൻറെ നിൽപ്.
കളിയും സമാപന ചടങ്ങുകളും കഴിഞ്ഞ് ബന്ധുക്കളോടൊപ്പം നിബ്രാസ് തൃക്കരിപ്പൂർ ടൗണിൽ എത്തി, അന്ന് കളിയാക്കിയവർക്ക് മധുര പ്രതികാരവുമായി. തുറന്ന വാഹനത്തിൽ നിബ്രാസിന്റെ വരവോടെ ആഘോഷം വലുതായി. പതാക വീശി അവൻ ഉറക്കെ വിളിച്ചു, വാമോസ്.. അർജൻറീന ! കരയുന്ന വീഡിയോ വൈറലായതിനെ തുടർന്ന് ഖത്തറിൽ പോയി ലോകകപ്പ് കാണാൻ സാധിച്ചത് വലിയ നേട്ടമായി കാണുകയാണ് ഈ 13കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.