പട്ടയം ലഭിച്ച ഭൂമി വിട്ടുകൊടുക്കില്ലെന്ന് ഉമ്മത്താംപടി ഊരിലെ വഞ്ചി

കോഴിക്കോട് : അട്ടപ്പാടിയിലെ ആദിവാസികൾക്ക് മുൻ മന്ത്രി കെ.ഇ ഇസ്മായിൽ നൽകിയ പട്ടയം ഭൂമി വിട്ടുകൊടുക്കില്ലെന്ന് ഉമ്മത്താംപടി ഊരിലെ വഞ്ചി. കഴിഞ്ഞ ദിവസം അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫിസിലെത്തി വഞ്ചി തഹസിൽദാർക്ക് അപേക്ഷ നൽകിയ 1999ൽ ലഭിച്ച് പട്ടയത്തിലെ ഭൂമി പതിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയതെന്ന് വഞ്ചി 'മാധ്യമം' ഓൺ ലൈനോട് പറഞ്ഞു.

കോട്ടത്തറ വില്ലേജിലെ 1891 സർവേ നമ്പരിലാണ് ഭൂമി എന്ന് പട്ടയത്തിൽ എഴുതിയിട്ടുണ്ട്. പട്ടയം ലഭിച്ചത് വഞ്ചിയുടെ പിതാവ് നഞ്ചന്റെ പേരിലാണ്. നഞ്ചൻ മരിച്ചിട്ട് 15 വർഷം കഴിഞ്ഞു. പട്ടയ കടലാസുമായി വഞ്ചി ഒറ്റപ്പാലത്തെയും മണ്ണാർക്കാട്ടയും റവന്യൂ ഓഫീസുകളിൽ കയറിയിറങ്ങി കാലം കഴിച്ചു. മണ്ണാർക്കാട് താലൂക്ക് ഓഫീസിൽ നേരത്തെ തഹസിൽദാരെ കണ്ടിരുന്നു. അദ്ദേഹം ഭൂമി അളന്നു നൽകാമെന്ന് ഉറപ്പും നൽകി. എന്നാൽ പിന്നീട് പട്ടയത്തിലെ സ്ഥലം കാണിച്ചു കൊടുക്കാനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്.

കെ.കെ രമ എം.എൽ.എയോടൊപ്പം പട്ടയം നൽകിയ പ്രദേശത്ത് പോയിരുന്നു. അപ്പോഴാണ് ആദിവാസികൾക്ക് വിതരണം ചെയ്ത പട്ടയഭൂമി മറ്റുള്ളവർ കൈയേറുന്ന വിവരം അറിഞ്ഞത്. ആദിവാസികളല്ലാത്തവർ പുറത്തു നിന്ന് അട്ടപ്പാടിയിൽ എത്തി സ്വന്തമായി പട്ടയം ഉണ്ടാക്കി ആദിവാസികളുടെ ഭൂമി കൈയേറുന്നു. അതിന് ഉദ്യോഗസ്ഥർ സഹായം ചെയ്യുന്നു.


 

നേരത്തെ, കലക്ടർക്ക് പരാതി നൽകിയപ്പോൾ ആദിവാസികൾക്ക് പട്ടയഭൂമി അളന്നു കൊടുക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ തഹസിൽദാരും വില്ലേജ് ഓഫീസറും ഭൂമി അളർന്നു നൽകാൻ തയാറായില്ല. കോട്ടത്തറി വില്ലേജ് ഓഫിസറെ കാണാൻ കെ.കെ. രമ എം.എൽ.എ എത്തിയപ്പോൾ അദ്ദേഹം ഓടിയൊളിക്കുകയാണ് ചെയ്തത്. അട്ടപ്പാടിയിലെ ആദിവാസികൾ തെറ്റ് ചെയ്തിട്ടില്ല. ഇവിടുത്തെ ഉദ്യോഗസ്ഥരാണ് തെറ്റ് ചെയ്യുന്നതെന്നും വഞ്ചി പറഞ്ഞു.

ആദിവാസികൾ പട്ടയഭൂമി ഇപ്പോൾ ആവശ്യപ്പെട്ടില്ലെങ്കിൽ ഭൂമിയെല്ലാം കൈയേറിത്തീരും. സർക്കാർ ഒരേക്കർ ഭൂമിക്ക് പട്ടയം നൽകിയത് ആദിവാസികൾക്ക് കൃഷി ചെയ്ത് ജീവിക്കാനാണ്. അതാണ് ഉദ്യോഗസ്ഥർ ഇപ്പോൾ തടയുന്നത്. അട്ടപ്പാടിയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായ മരുതിയുടെ അമ്മ മണത്തക്കും ഇവിടെ പട്ടയ ഭൂമിയുണ്ട്. താഴെ ഉമ്മത്തുംപടി ഊരിൽ ഏഴു പേർക്കാണ് പട്ടയം ഉള്ളത്. എല്ലാവർക്കും കടലാസല്ലാതെ പട്ടയം ലഭിച്ചിട്ടില്ല.

താലൂക്ക് ഓഫീസിൽ ആദിവാസികൾ അപേക്ഷ നൽകാനെത്തിയാൽ വൈകീട്ട് വരെ അവിടെ കാത്തു നിൽക്കണം. ആദിവാസികൾ അല്ലാത്തവർ താലൂക്ക് ഓഫീസിൽ വന്ന് അപേക്ഷ നൽകി വേഗം മടങ്ങി പോകുന്നുണ്ട്. ആദിവാസികളെ കണ്ടാൽ ഉദ്യോഗസ്ഥർക്ക് പകയാണ്. പട്ടയം കിട്ടിയ ഭൂമി ആദിവാസികൾക്ക് വിട്ട് നൽകാൻ അവർ തയാറല്ല. ആദിവാസികൾ അല്ലാത്തവർക്ക് പട്ടയഭൂമി കൈയേറുന്നതിന് ഉദ്യോഗസ്ഥരാണ് സഹായം നൽകുന്നതെന്നും വഞ്ചി പറഞ്ഞു.

മുഖ്യമന്ത്രിയുടെ കരുതലും കൈത്താങ്ങും എന്നതിൽ വഞ്ചിയുൾപ്പെടെ ഏഴ് പേർ പരാതി നൽകിയിരുന്നു. തുടർ നടപടിയുണ്ടായില്ല. മുഖ്യമന്ത്രിയുടെ നവകേരളത്തിന് മുന്നിലാണ് അട്ടപ്പാടിയിലെ ആദിവാസികൾ പട്ടയഭൂമി എവിടെയെന്ന് ചോദ്യം ഉയർത്തുന്നത്.

Tags:    
News Summary - Vanchi of Ummthampadi Ur will not give up the land that has been granted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.