തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ സമയപ്പട്ടികയും സ്റ്റോപ്പും ട്രെയിൻ നമ്പറും റെയിൽവേ പ്രഖ്യാപിച്ചു. ഒന്നാം വന്ദേഭാരതിൽ നിന്ന് വ്യത്യസ്തമായി രണ്ടാം വന്ദേഭാരതിന് മലപ്പുറം തിരൂരിൽ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. കരട് സമയപ്പട്ടികയിൽ തിരൂരിൽ സ്റ്റോപ്പുണ്ടായിരുന്നില്ല.
ഒന്നാം വന്ദേഭാരതിൽ പരീക്ഷണയോട്ടങ്ങളിൽ തിരൂരിൽ നിർത്തിയെങ്കിലും അന്തിമപ്പട്ടികയിൽ ഒഴിവാക്കി. ഇതിനെതിരെ കനത്ത പ്രതിഷേധങ്ങളുടെ ജനപ്രതിനിധികളുടെ സമ്മർദങ്ങളും ഉയർന്ന സാഹചര്യത്തിലാണ് രണ്ടാം ട്രെയിനിന് തിരൂരിൽ സ്റ്റോപ് നൽകിയിരിക്കുന്നത്. ഇതടക്കം എട്ട് സ്റ്റോപ്പുകളാണ് വന്ദേഭാരതിനുള്ളത്.
എറണാകുളം ജങ്ഷൻ ഒഴികെ മറ്റ് എഴിടങ്ങളിലും രണ്ട് മിനിറ്റ് വീതമാണ് നിർത്തുക. എറണാകുളത്ത് മൂന്ന് മിനിറ്റും. കാസർകോട് നിന്ന് രാവിലെ ഏഴിന് പുറപ്പെടുന്ന കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് (20631) വൈകുന്നേരം 3.05ന് തിരുവനന്തപുരത്തെത്തും വിധമാണ് സമയക്രമം.
എട്ടുമണിക്കൂറും അഞ്ച് മിനിറ്റുമാണ് റണ്ണിങ് സമയം. തമ്പാനൂരിൽനിന്ന് വൈകുന്നേരം 4.05ന് യാത്ര തിരിക്കുന്ന തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് (20632) ഏഴ് മിനിറ്റും 53 സെക്കന്‍ഡും കൊണ്ട് രാത്രി 11.58ന് കാസർകോടെത്തും. എട്ട് കോച്ചുകളുള്ള രണ്ടാം വന്ദേഭാരത് ആലപ്പുഴ വഴിയാണ്.
കാസർകോട്-തിരുവനന്തപുരം വേന്ദഭാരത് ചൊവ്വാഴ്ചകളിലും തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് തിങ്കളാഴ്ചകളിലും സർവിസ് നടത്തില്ല. ഞായറാഴ്ച ഉച്ചക്ക് 12.30ന് കാസർകോടാണ് ഫ്ലാഗ് ഓഫ് ചടങ്ങ്. പ്രധാനമന്ത്രി ഓൺലൈൻ വഴിയാണ് ഫ്ലാഗ് ഓഫ് ചെയ്യുക.
ഉദ്ഘാടനയാത്രയിൽ കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, കായംകുളം, കൊല്ലം സ്റ്റേഷനുകളിൽ ട്രെയിനിന് സ്വീകരണം നൽകും. കാസർകോട് നിന്ന് കുറച്ചുകൂടി നേരേത്ത പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരം എത്തും വിധം സമയം ക്രമീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.