കാസർകോട്: ബസ് മുതലാളി ബസ് കയറ്റികൊലപ്പെടുത്തിയ കണ്ടക്ടർ വരദരാജപൈയുടെ രക്തസാക്ഷിത്വ സ്മരണ നിലനിർത്താൻ സി.ഐ.ടി.യു നടത്തിക്കൊണ്ടിരുന്ന ‘വരദരാജപൈ ബസ്’ സർവിസ് നിർത്തി. കാസർകോട് ജില്ല ബസ് ട്രാൻസ്പോർട്ട് സൊസൈറ്റി ലിമിറ്റഡിന്റെ നേതൃത്വത്തിൽ സർവിസ് നടത്തിയിരുന്ന മൂന്ന് ബസുകളാണ് നിർത്തിയത്. സർവിസ് നഷ്ടവും ബസ് കാലയളവ് പൂർത്തിയാക്കിയതുമാണ് കാരണമായി പറയുന്നത്. 1968-ൽ 21-ാം വയസ്സിലാണ് വരദരാജപൈ രക്തസാക്ഷിയായത്.
കണ്ടക്ടറായിരുന്ന പൈയെ മുതലാളി പിരിച്ചുവിട്ടു. പിരിച്ചുവിടലിൽ പ്രതിഷേധിച്ച് മുതലാളി ഡ്രൈവിംഗ് സീറ്റിലിരിക്കെ തടഞ്ഞു. ബസ് തടഞ്ഞ വരദരാജപൈയുടെ ശരീരത്തിലേക്ക് ബസ് കയറ്റി കൊല്ലുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. തുടർന്ന് വരദരാജപൈ തൊഴിലാളി രക്തസാക്ഷിത്വത്തിന്റെ ഏറ്റവും തിളക്കമാർന്ന ചരിത്രമായി. പൈയുടെ ഓർമ നിലനിർത്താൽ സി.ഐ.ടി.യു നേതാവും സഹകാരിയുമായ പി.രാഘവന്റെ നേതൃത്വത്തിലുണ്ടായതാണ് സഹകരണ സംഘം. മൂന്നു ബസുകളാണുണ്ടായിരുന്നത്.
കാസർകോട് -കാഞ്ഞങ്ങാട് വഴി, കാസർകോട്-മുള്ളേരിയ, കാസർകോട്- ബന്തടുക്ക എന്നീ റൂട്ടുകളിലായിരുന്നു സർവിസ്. കോവിഡിൽ ഭാഗികമായി ബസ് വ്യവസായം തകർന്നപ്പോൾ വരദരാജപൈ ഗ്രൂപ്പ് പൂർണമായും തകർന്നു. ചട്ടപ്രകാരം തെരഞ്ഞെടുപ്പുപോലും നടത്താതെ സൊസൈറ്റിയും തകർന്നു. അഡ്ഹോക് കമ്മിറ്റിയെ പോലും നിയമിക്കാനുള്ള പരിശ്രമം ഭാരവാഹികൾ നടത്തിയില്ല എന്നത് സി.ഐ.ടി.യുവിനകത്ത് വിവാദമായി. റൂട്ടുകൾ പാട്ടത്തിനു നൽകിയെന്ന ആക്ഷേപം സി.പി.എമ്മിനകത്തും ചർച്ചയായി. എന്നാൽ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന ഗിരികൃഷ്ണൻ ഇത് നിഷേധിച്ചു. ‘പുറത്തുള്ളവർക്ക് പലതും പറയാം.
അഡ്ഹോക് കമ്മിറ്റി രൂപവത്കരിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. ബസ് സർവിസ് ഇനി നടത്താനാകില്ല. ബസുകൾ കാലാവധി കഴിഞ്ഞവയാണ്. രണ്ടു റൂട്ടുകളിൽ താൽകാലിക പെർമിറ്റ് നൽകുന്നുണ്ട്. സൊസൈറ്റി മുഖേന അനുബന്ധ സംരംഭങ്ങളാണ് ആലോചിക്കുന്നത്- അദ്ദേഹം പ്രതികരിച്ചു. കാസർകോട്ടെ തൊഴിൽ മേഖലയിൽ മംഗലാപുരം ബീഡിസമരം കഴിഞ്ഞാൽ ഏറ്റവും തിളക്കമാർന്ന സംഭവമാണ് വരദരാജപൈയുടെ രക്തസാക്ഷിത്വം. ബസ് സർവിസ് നിർത്തിയതോടെ വരദരാജപൈയുടെ പേരും റോഡിൽ നിന്നും മറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.