കണ്ണൂർ: വിവാദ സിലബസ് പിൻവലിക്കുന്നതിൽ വ്യക്തിപരമായി എതിർപ്പില്ലെന്ന് കണ്ണൂർ സർവകലാശാല വി.സി ഗോപിനാഥ് രവീന്ദ്രൻ. മീഡിയ വണിന് നൽകിയ അഭിമുഖത്തിലാണ് വി.സിയുടെ പരാമർശം. വിവാദത്തിൽ സർവകലാശാലയുടെ നിലപാട് ഉന്നതവിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സിലബസിനെ കുറിച്ച് പഠിക്കാൻ സർവകലാശാല കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നിർദേശപ്രകാരമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. കമ്മിറ്റിയുടെ ഏത് നിർദേശവും സ്വീകരിക്കും. ഒരു തത്വശാസ്ത്രത്തെ എതിർക്കാനാണെങ്കിലും അതിനെ കുറിച്ച് ധാരണയുണ്ടാവണം. അതിനാലാണ് ആർ.എസ്.എസ് സൈദ്ധാന്തികരുടെ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എക്കാലത്തും ആർ.എസ്.എസിനേയും ബി.ജെ.പിയേയും എതിർത്തിട്ടുള്ളയാളാണ് താൻ. ഇപ്പോഴുള്ള വിവാദങ്ങളിൽ സങ്കടമുണ്ട്. ഉന്നതവിദ്യാഭ്യാസ മന്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നാണ് പ്രതീക്ഷയെന്നും കണ്ണൂർ വി.സി പറഞ്ഞു.വിവാദ സിലബസിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു സർവകലാശാലയോട് കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. സർവകലാശാലയുടെ വിശദീകരണം ലഭിച്ചതിന് ശേഷം ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
ഗോൾവാർക്കറും സവർക്കറുമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം. ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികളെ കുറിച്ച് പഠിക്കുേമ്പാൾ ബി.ജെ.പിയുടെ വളർച്ച എന്തെന്ന് വിദ്യാർഥികൾ മനസിലാക്കണം. അതിനായാണ് സിലബസിൽ പുസ്തകങ്ങൾ ഉൾപ്പെടുത്തിയതെന്നും വൈസ് ചാൻസലർ പറഞ്ഞു. ഇവർക്കൊപ്പം മഹാത്മഗാന്ധി, ജവഹർലാൽ നെഹ്റു, അരബിന്ദോ എന്നിവരുടെ പുസ്തകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുസ്തകം പഠിപ്പിക്കാൻ അനുവദിക്കില്ലെന്നത് താലിബാൻ രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.എസ് ഗോൾവാർക്കറുടെ 'നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വ്വചിക്കപ്പെടുന്നു' (വീ ഔർ നാഷൻഹുഡ് ഡിഫൈൻസ്), വിചാരധര (ബഞ്ച് ഓഫ് തോട്ട്സ്), വി.ഡി. സവർക്കറുടെ 'ആരാണ് ഹിന്ദു' എന്നീ വിവാദ പുസ്തകങ്ങളാണ് സിലബസിൽ ഉൾപ്പെടുത്തിയിരുന്നത്. അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്ത വർഗീയ പരാമർശങ്ങളുള്ള കൃതികളാണ് ഇവയെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് പി.ജി സിലബസ്സിൽ ഉൾപ്പെടുത്തിയിരുന്നത്. എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് പി.ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങൾ ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.