തിരുവനന്തപുരം: സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയെ രക്ഷിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതിയായ സ്ത്രീയുടെ വെളിപ്പെടുത്തലുകൾ ഞെട്ടിപ്പിക്കുന്നതാണ്. ഈ പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഉണ്ടാക്കിക്കൊടുത്തതെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയായിരുന്നെന്ന് ഇപ്പോൾ വ്യക്തമായി. ആ ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന് പറഞ്ഞാൽ അവിശ്വസനീയമാണ്.
ദുർഗന്ധം വമിക്കുന്ന കഥകളാണ് പുറത്തുവരുന്നത്. എല്ലാ സാമ്പത്തിക അഴിമതികളുടെയും കേന്ദ്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ പങ്കില്ലെന്ന് പ്രതിയായ ഈ സ്ത്രീയുടെ പേരിൽ വന്ന സന്ദേശം കെട്ടിച്ചമച്ചതാണെന്നും സ്ക്രിപ്റ്റ് അനുസരിച്ചായിരുന്നെന്നും വ്യക്തമായിരിക്കുന്നു. ശബ്ദരേഖക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം.
രണ്ടാം പിണറായി സർക്കാർ ജയിലിൽ കിടന്നിരുന്ന സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികളെ ഭയന്നാണ് ജീവിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.