പാര്‍ട്ടി അറിയാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ മന്ത്രിയെ പുറത്താക്കാന്‍ ധൈര്യമുണ്ടോ?; മുഖ്യമന്ത്രിയോട് സതീശൻ

കോഴിക്കോട്: മന്ത്രിസഭയോ പാര്‍ട്ടിയോ അറിയാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണ്. മുഖ്യമന്ത്രിയോ മന്ത്രിമാരോ മന്ത്രിസഭയോ പാര്‍ട്ടിയോ അറിയാതെ എങ്ങനെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ഉത്തരവിറങ്ങിയതെന്നും സതീശൻ വ്യക്തമാക്കി.

ആരും അറിയാതെയാണെങ്കില്‍ ഉത്തരവില്‍ ഒപ്പുവച്ച മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം. അതിനുള്ള ധൈര്യമുണ്ടോ? ഇപ്പോള്‍ ആരും അറിഞ്ഞില്ല, മന്ത്രിസഭ ചര്‍ച്ച ചെയ്തില്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്. ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കണം. തൊഴിലാളി വിരുദ്ധമായ ധാരാളം കാര്യങ്ങള്‍ ഈ ഉത്തരവിലുണ്ട്.

യു.ഡി.എഫും കോണ്‍ഗ്രസും യോഗം ചേര്‍ന്നെടുത്ത തീരുമാനത്തെ തുടര്‍ന്നാണ് ഗൗരവതരമായ വിഷയങ്ങള്‍ ഉയര്‍ത്ത് സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. യോഗം വിളിച്ച് ചേര്‍ക്കാന്‍ പോലും മുഖ്യമന്ത്രി തയാറായില്ല. കഴിഞ്ഞ ദശാബ്ദക്കാലത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വിലക്കയറ്റമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്.

ഡല്‍ഹിയില്‍ നിന്നുള്ള രണ്ടു മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ ശൂന്യതയില്‍ നിന്നുണ്ടാക്കിയ വാര്‍ത്തയാണ് ഗവര്‍ണര്‍ വിഷയവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി അധ്യക്ഷനെതിരെ വന്നത്. അത്തരമൊരു അഭിപ്രായ പ്രകടനം അധ്യക്ഷന്‍ നടത്തിയിട്ടില്ലെന്ന് എ.ഐ.സി.സിയും വ്യക്തമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍മാര്‍ ഭരണഘടനാവിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചാല്‍ പിന്തുണക്കില്ലെന്നതാണ് ദേശീയതലത്തില്‍ കോണ്‍ഗ്രസ് നിലപാട്. ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പമാണ് സംസ്ഥാന നേതൃത്വവും. കേരളത്തിലും ഗവര്‍ണറെ ഏറ്റവുമധികം വിമര്‍ശിച്ചത് കോണ്‍ഗ്രസും പ്രതിപക്ഷവുമാണ്.

മന്ത്രിയെ പന്‍വലിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞപ്പോഴും അതിന് അതിനുള്ള അധികാരമില്ലെന്ന് പറഞ്ഞതും പ്രതിപക്ഷമാണ്. പക്ഷെ സര്‍വകലാശാലകളില്‍ ഗവര്‍ണറും സര്‍ക്കാരും ഒന്നിച്ചായിരുന്നു. സുപ്രീംകോടതിയില്‍ ഇരുവരും തോറ്റു. പ്രതിപക്ഷ നിലപാടാണ് അവിടെ വിജയിച്ചത്. വൈസ് ചാന്‍സലര്‍മാരുടെ നിയമനം നിയമവിരുദ്ധമായതിനാല്‍ അവര്‍ രാജിവെക്കണം.

നിയമിച്ചപ്പോള്‍ തന്നെ വി.സിമാരുടെ നിയമനം നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞതിനാല്‍ അവര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വിലയുണ്ടാകുമോ, സര്‍വകലാശാലയിലെ ഇടപാടുകള്‍ക്ക് അംഗീകരം ലഭിക്കുമോ തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ട്. സര്‍വകലാശാലകളില്‍ ഗുരുതരമായ ഭരണപ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ ഗവര്‍ണറും ഒന്നിച്ചായതിനാല്‍ രാജ് ഭവനിലേക്ക് സി.പി.എം പ്രകടനം നടത്തുന്നതില്‍ അർഥമില്ല. ആ പ്രകടനം സുപ്രീംകോടതി വിധിക്ക് എതിരാണെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - VD Satheesan attack to Pinarayi Vijayan in Pension age issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.