ഒന്നാം പ്രതി മൈക്ക്, രണ്ടാം പ്രതി ആംപ്ലിഫയര്‍; ജനങ്ങളെ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലരുതെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്കിന് ഹൗളിങ് ഉണ്ടായ സംഭവത്തിൽ ഓപറേറ്റർക്കെതിരെ പൊലീസ് കേസെടുത്ത പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒന്നാം പ്രതി മൈക്കും രണ്ടാം പ്രതി ആംപ്ലിഫയറുമാണെന്ന് സതീശൻ പരിഹസിച്ചു. ഇത്രയും വിചിത്രമായൊരു കേസ് ചരിത്രത്തിലുണ്ടായിട്ടില്ല. എത്രയോ പരിപാടികളില്‍ മൈക്കിന് ഹൗളിങ് ഉണ്ടായിട്ടുണ്ട്. എന്തൊക്കെയാണ് കേരളത്തില്‍ നടക്കുന്നത്? മുഖ്യമന്ത്രിയുടെ അറിവോടെയല്ല കേസെടുത്തതെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

Full View

മുഖ്യമന്ത്രി അറിഞ്ഞു കൊണ്ട് ഇതുപോലൊരു അബദ്ധം കാട്ടുമോ? മുഖ്യമന്ത്രിയുടെ ഓഫിസ് കുറേപേര്‍ ചേര്‍ന്ന് ഹൈജാക്ക് ചെയ്തിരിക്കുകയാണ്. പൊളിറ്റിക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് പൊലീസിനെ ഭരിക്കുന്നത്. കേസെടുക്കല്‍ അവര്‍ക്കൊരു ഹോബിയാണ്. കേസെടുത്ത് മതിയാകാതെ വന്നപ്പോഴാണ് ഇപ്പോള്‍ മൈക്കിനും ആംപ്ലിഫയറിനും എതിരെ കേസെടുത്തത്. ചിരിപ്പിച്ച് ചിരിപ്പിച്ച് ജനങ്ങളെ ഇങ്ങനെ കൊല്ലല്ലേയെന്നാണ് അവരോട് പറയാനുള്ളത്. എന്തൊരു ചിരിപ്പിക്കലാണ് ഇവര്‍ ചെയ്യുന്നത്? എന്തൊക്കെ വിഡ്ഢി വേഷമാണ് ഇവര്‍ കെട്ടുന്നത്? മുഖ്യമന്ത്രിയുടെ ഓഫിസില്‍ എന്തൊക്കെയാണ് നടക്കുന്നതെന്നും സതീശൻ ചോദിച്ചു.

ആഭ്യന്തര വകുപ്പില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി അറിയുന്നില്ലെന്നതില്‍ സങ്കടമുണ്ട്. വെളിവും സമനിലയും നഷ്ടപ്പെട്ട ചില ആളുകള്‍ ഇഷ്ടമില്ലാത്തവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ഉദ്യോഗസ്ഥരെ സ്വാധീനിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് മൈക്കിനും ആംപ്ലിഫയറിനും എതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫിസിനെ ഇത്രത്തോളം അപഹാസ്യമാക്കുന്ന ആളുകളാണ് അവിടെ ഇരിക്കുന്നത്.

വേണമെങ്കില്‍ മൈക്കിന് എന്താണ് പറ്റിയതെന്ന് കണ്ടെത്താന്‍ എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാവുന്നതാണ്. എന്നിട്ട് ചൈനയിലും കൊറിയയിലുമൊക്കെ അന്വേഷണം നടത്തണം. മാവോ സെ തുങിന്റെ കാലത്ത് കുരുവികള്‍ വിള നശിപ്പിക്കുന്നതിനാല്‍ എല്ലാ കുരുവികളെയും കൊല്ലാന്‍ ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് കുരുവികളെ പിടികൂടി വറചട്ടിയില്‍ വച്ച് വറുത്ത് കൊന്നു. പിന്നീട് ആരും ചിരിക്കാന്‍ പാടില്ലെന്ന് ഉത്തരവിട്ടു.

മാവോയുടെ കാലത്ത് ചൈനയിലും കൊറിയയിലുമൊക്കെ നടന്ന കാര്യങ്ങളുടെ പിന്തുടര്‍ച്ചയാണ് കേരളത്തിലും നടക്കുന്നത്. ഹാളില്‍ ഇരുന്ന് ചിരിക്കാന്‍ പാടില്ലെന്ന് അവിടെ തീരുമാനിച്ചതു പോലെയാണ് ഇവിടെ ഹാളില്‍ കറുത്ത മാസ്‌ക് വക്കാന്‍ പാടില്ലെന്ന് തീരുമാനിച്ചത്. ഇതുപോലെ ആളുകളെ ചിരിപ്പിക്കുന്ന വിചിത്ര നടപടികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഏതോ സിനിമയില്‍ ചോദിച്ചത് പോലെ ഇനി ചൂടുവെള്ളത്തില്‍ കുളിക്കാമോ? നാളെ എന്തെല്ലാം നിബന്ധനകള്‍ നമ്മുടെ ജീവിതത്തില്‍ വരുമെന്ന് അറിയില്ല.

എല്ലാവരും ചേര്‍ന്ന് കൂടിയാലോചിച്ചാണ് അനുസ്മരണത്തിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. അദ്ദേഹം പ്രസംഗിച്ച് മടങ്ങിപ്പോകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരിക്കുന്നവര്‍ പറയുന്നത് കേട്ട് വിഡ്ഢി വേഷം കെട്ടാന്‍ ഇറങ്ങരുതെന്നാണ് പൊലീസിനോട് പറയാനുള്ളത്. പൊലീസുകാരെ കാണുമ്പോള്‍ ആളുകള്‍ ചിരിക്കുന്ന സ്ഥിതിയിലേക്ക് എത്തിക്കരുത്. മൈക്കിന് ഹൗളിങ് വന്നതിന് എന്ത് സുരക്ഷാ പരിശോധനയാണ് നടത്തുന്നത്?

എ.കെ. ബാലന്‍ എപ്പോഴും ചിരിപ്പിക്കുന്ന ആളാണ്. ഇവരെല്ലാം നര്‍മ്മ ബോധമുള്ള ഹാസ്യസാമ്രാട്ടുകളായി മാറിയിരിക്കുകയാണ്. ഇനി ഇവരെ കാണുമ്പോള്‍ ആളുകള്‍ ചിരിക്കാന്‍ തുടങ്ങും. കറുപ്പിനോട് ഒരു പ്രശ്‌നം വന്നതു പോലെ ഇവര്‍ക്ക് മൈക്കിനോടും എന്തോ പ്രശ്‌നമുണ്ട്. ഓരോ മാസവും ഇത് മാറിക്കൊണ്ടിരിക്കുമെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags:    
News Summary - VD Satheesan criticize to Kerala Police case against mike set operator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.