എല്ലാം പ്രസിഡന്റ് പറഞ്ഞല്ലോ... എനിക്കിനിയൊന്നും പറയാനില്ല; പുതുപ്പള്ളി വിജയത്തിനു പിന്നാലെ കെ. സുധാകരനോട് പിണങ്ങി വി.ഡി സതീശൻ -വിഡിയോ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ വിജയത്തിനു പിന്നാലെ പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും മൈക്കിന് പിടിവലികൂടുന്ന വിഡിയോ പുറത്ത്. വാർത്ത സമ്മേളനത്തിൽ ആദ്യം ആര് സംസാരിക്കണമെന്നതിലാണ് വി.ഡി. സതീശനും കെ. സുധാകരനും തമ്മിൽ തർക്കമുണ്ടായത്. കോട്ടയം ഡി.സി.സി ഓഫിസിൽ വാർത്ത സമ്മേളനത്തിന് എത്തിയപ്പോഴായിരുന്നു ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഈ മാസം എട്ടാംതീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

വാർത്ത സമ്മേളനത്തിൽ ആദ്യം സംസാരിക്കുന്നത് സംബന്ധിച്ചാണ് തർക്കമുണ്ടായത്. ആദ്യം സംസാരിക്കണമെന്ന് ആഗ്രഹിച്ച വി.ഡി. സതീശൻ, താൻ സംസാരിച്ചു തുടങ്ങാമെന്ന് സുധാകരൻ പറഞ്ഞപ്പോൾ അതൃപ്തി പ്രകടിപ്പിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് അതൃപ്തിയോടെ സതീശൻ തന്റെ മൈക്കുകൾ സുധാകരന്റെ മുന്നിലേക്ക് നീക്കി വെച്ചു. തന്റെ നേരെ നീട്ടിയ പൊന്നാട അണിയിക്കാനും സമ്മതിച്ചില്ല. വാർത്ത സമ്മേളനത്തിലുടനീളം മ്ലാനവദനനായിരുന്ന സതീശൻ, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കും കാര്യമായ മറുപടി നൽകിയില്ല. തന്റെ ശബ്ദം മോശമാണെന്നും എല്ലാം പ്രസിഡന്റ് പറഞ്ഞിട്ടുണ്ടല്ലോ അതു മതിയെന്ന് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.

ഇതിന്റെ വിഡിയോ വൈറലായതിനു പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി വി.ഡി. സതീശൻ രംഗത്തുവന്നിരുന്നു. പുതുപ്പള്ളി വിജയത്തിന്റെ ക്രെഡിറ്റ് സുധാകരൻ എനിക്ക് തന്നപ്പോൾ താൻ വേണ്ടെന്നു പറഞ്ഞതാണ് തർക്കത്തിന് കാരണമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിശദീകരണം. തിരുവനന്തപുരത്ത് നടത്തിയ വാർത്ത സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

Tags:    
News Summary - VD Satheesan quarreled with K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.