പെൻഷൻ പ്രായം: സർക്കാർ പിന്മാറ്റം പ്രതിപക്ഷത്തിന്‍റെ വിജയം; പൂർണമായി പിൻവലിക്കണമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനം മരവപ്പിച്ച സര്‍ക്കാര്‍ നടപടി പ്രതിപക്ഷത്തിന്റെ വിജയമാണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തീരുമാനം പൂര്‍ണമായും പിന്‍വലിക്കാന്‍ തയാറാകണം. കേരളത്തിലെ സാമൂഹിക അന്തരീക്ഷമോ തൊഴില്‍ മേഖലയിലെ അനിശ്ചിതാവസ്ഥയോ പരിഗണിക്കാതെയുള്ള തെറ്റായ തീരുമാനമായിരുന്നു അത്. തൊഴില്‍ എവിടെയെന്ന് ചോദിച്ച് കേരളത്തിലെ ചെറുപ്പക്കാര്‍ സമരം ചെയ്യുമ്പോള്‍ ഡി.വൈ.എഫ്.ഐ നേതാവ് റഹീം തൊഴില്‍ എവിടെയെന്ന് ചോദിച്ച് ഡല്‍ഹിയില്‍ സമരത്തിന് പോകുകയാണ്. തൊഴില്‍ എവിടെയെന്ന് ഇവിടുത്തെ മുഖ്യമന്ത്രിയോട് ചോദിച്ച ശേഷം ഡല്‍ഹിയില്‍ പോയി ചോദിക്കുന്നതാകും ഉചിതമെന്നും സതീശൻ പറഞ്ഞു.

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സി.പി.എമ്മും ബി.ജെ.പിയും സംയുക്തമായി അദാനിക്ക് വേണ്ടി വിചിത്രമായ കൂട്ടായ്മ ഉണ്ടാക്കിയിരിക്കുകയാണ്. അദാനിയെ സംരക്ഷിക്കുന്നതിനും അദാനി പറയുന്ന കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും വേണ്ടിയാണിത്. വിഴിഞ്ഞം സമരത്തെ വര്‍ഗീയവത്ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു സമരത്തെ സര്‍ക്കാര്‍ ഇങ്ങനെയല്ല സമീപിക്കേണ്ടത്. മുഖ്യമന്ത്രി സമരസമിതിയുമായി ചര്‍ച്ച് ചെയ്ത് വിഷയം പരിഹരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍, അദാനിയുടെ മെഗാഫോണായി സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. അദാനിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ മുന്നില്‍ നില്‍ക്കുന്നത്. അതിനു വേണ്ടി ബി.ജെ.പിയെ കൂടി കൂട്ടുപിടിച്ചിരിക്കുകയാണ്. ബംഗാളില്‍ ബി.ജെ.പിയുമായി സി.പി.എം ഉണ്ടാക്കിയിരിക്കുന്ന സഖ്യത്തിന്റെ ഭാഗമായാണോ ഇതെന്ന് അറിയില്ല. കേരളത്തിലും ബി.ജെ.പി- സി.പി.എം സഖ്യത്തിന്റെ തുടക്കമായെ ഇന്നലെ നടത്തിയ സമരത്തെ കാണാനാകൂ.

സംസ്ഥാനത്തെ അനിയന്ത്രിതമായ വിലക്കയറ്റം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ യാതൊരു ഇടപെടലും നടത്തിയില്ല. ഓണത്തിന് ശേഷം അരിയുടെ വില കൂടിയതിന് ആനുപാതികമായി നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വര്‍ധനവുണ്ടായിട്ടും ആന്ധ്രയില്‍ നിന്നും അരി വരുമെന്നാണ് മൂന്നാഴ്ചയായി സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്. ആന്ധ്രയില്‍ നിന്നും അഞ്ചുമാസം കഴിഞ്ഞേ അരി വരുകയുള്ളെന്നാണ് ഇന്നലെ പറഞ്ഞത്. അഞ്ച് മാസവും വിലക്കയറ്റം നിലനില്‍ക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

ജനങ്ങള്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. അഞ്ച് ശതമാനം പേര്‍ക്ക് പോലും സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സപ്ലൈകോയ്ക്ക് കഴിയുന്നില്ല. കൃത്രിമ വിലക്കയറ്റം ഉണ്ടായിട്ട് പോലും വിപണി ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. മുഖ്യമന്ത്രിയും നിഷ്‌ക്രിയനായി ഇരിക്കുകയാണ്. ഒരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാര്‍ നിസംഗരായി ഇരിക്കുകയാണ്. അതുകൊണ്ടാണ് ഭരിക്കാന്‍ മറന്നു പോയ സര്‍ക്കാരാണ് കേരളത്തിലേതെന്ന് പ്രതിപക്ഷം പറയുന്നത്. വിലക്കയറ്റമുണ്ടായിട്ടും ഇത്രയും നിഷ്‌ക്രമായി ഇരിക്കുന്നൊരു സര്‍ക്കാര്‍ കേരള ചരിത്രത്തില്‍ ഇതുവരെയുണ്ടായിട്ടില്ല. മുഖ്യമന്ത്രി ഇതേക്കുറിച്ച് ഒന്നും പറയുന്നില്ല. മറുപടി പറഞ്ഞേ മതിയാകൂ.

മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വാഹനത്തിലെ ഡ്രൈവറെയാണ് യുവതിയെ ആക്രമിച്ച കേസില്‍ പൊലീസ് പിടികൂടിയിരിക്കുന്നത്. ആറു ദിവസമായി ഇയാളുടെ രേഖാ ചിത്രം പൊലീസ് പുറത്ത് വിട്ടിട്ടും മന്ത്രിയുടെ ഓഫീസിലെ ആര്‍ക്കും പ്രതിയെ മനസിലായില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല. അറിഞ്ഞിട്ടും ഒളിപ്പിച്ച് വെക്കാനാണ് ശ്രമിച്ചത്. കരാര്‍ ജീവനക്കാരന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനം ഏത് സമയത്തും എടുത്തുകൊണ്ട് പോകാനാകുമോ? അങ്ങനെയെങ്കില്‍ അവിടെയൊക്കെ കാര്യങ്ങള്‍ വഷളാകുന്നുണ്ടെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - vd satheesan react to Pension Age Decision freezing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.