തിരുവനന്തപുരം: മണി ചെയിൻ തട്ടിപ്പ് ആരോപണത്തില്‍ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരാളെയും താൻ പറ്റിക്കാറില്ല, തനിക്കതിരെ ആരോപണം ഉന്നയിച്ച് പ്രശസ്തി കിട്ടാനാണെങ്കിൽ പറഞ്ഞോട്ടെയെന്നും സതീശന്‍ പറഞ്ഞു.
32 വർഷം മുമ്പ് തട്ടിപ്പ് നടത്തിയെന്നാണ് പറയുന്നത്. അന്ന് ഞാൻ പറവൂരിൽ പോയിട്ടില്ല. 1991-1992 കാലയളവിൽ തിരുവനന്തപുരത്ത് എൽ.എൽ.എം പഠിക്കുകയായിരുന്നു. താൻ ജീവിതത്തിൽ ഇതുവരെ ഒരു കമ്പനിയിലും ഡയറക്ടർ ആയിട്ടില്ല.
ഫേസ്ബുക്കില്‍ അപമാനിക്കുന്ന പോസ്റ്റിട്ട്, 23 കൊല്ലം മുൻപ് മരിച്ച അച്ഛനെ പോലും അനാവശ്യം പറയുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോയതെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
നിയമസഭ സമ്മേളനത്തില്‍ തുടര്‍ച്ചയായി പങ്കെടുക്കാത്ത അന്‍വറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ജനപ്രതിനിധി ആയിരിക്കാന്‍ കഴിയില്ലെങ്കില്‍ അന്‍വർ രാജിവെച്ച് പോകുന്നതാണ് നല്ലതെന്ന് പറഞ്ഞിരുന്നു.
ബിസിനസ് ചെയ്യാനാണ് പോകുന്നതെങ്കില്‍ എം.എൽ.എ ആയിരിക്കേണ്ട കാര്യമില്ല. വിഷയത്തിൽ എൽ.ഡി.എഫും സംസ്ഥാന സര്‍ക്കാരും നിലപാട് വ്യക്തമാക്കണം. ആരോഗ്യ കാരണങ്ങളിലാണ് മാറിനില്‍ക്കുന്നതെങ്കില്‍ മനസിലാക്കാമെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനോട് ഫേസ്ബുക്കിലൂടെ പ്രതികരിച്ച പി.വി. അൻവർ, പ്രതിപക്ഷ നേതാവിന് മണി ചെയിൻ തട്ടിപ്പുമായി ബന്ധമുണ്ടെന്ന ആരോപണമാണ് ഉയർത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് മറുപടി പറയാനൊന്നും 'മണി ചെയിൻ സതീശൻ' ആയിട്ടില്ല. ഇവിടെ ഒരു സ്വതന്ത്ര എം.എൽ.എയുടെ ചോദ്യത്തിൽ നിന്ന് ഒളിച്ചോടുന്നവനൊക്കെയാണ് എ.കെ.ജി സെന്‍ററിലേക്ക് എത്തിനോക്കി ഓരിയിടുന്നതെന്നും പി.വി അൻവർ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.