കൊച്ചി : പറവൂരിലെ എം.എല്‍.എ എവിടെ റോഡ് നിർമിക്കമെന്ന് തീരുമാനിക്കുന്നത് ദേശാഭിമാനി പത്രവും സി.പി.എമ്മുമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പറവൂരില്‍ റോഡ് പണിഞ്ഞ് റിയല്‍ എസ്‌റ്റേറ്റുകാരനെ സഹായിക്കാന്‍ ശ്രമിച്ചെന്നാണ് ദേശാഭിമാനിയുടെ ആരോപണം.
അറുപത് സെന്റ് സ്ഥലം ഉണ്ടായിരുന്നയാള്‍ മൂന്ന് സെന്റ് വീതം 18 പേര്‍ക്ക് വീട് വെക്കാനായി നല്‍കി. ബാക്കി ആറ് സെന്റ് വഴിക്കും നല്‍കി. അതില്‍ 14 പേര്‍ക്ക് മൂന്ന് സെന്റ് വീതം നല്‍കിക്കഴിഞ്ഞു. അദ്ദേഹം തന്നെ രണ്ട് പേര്‍ക്ക് വീട് വച്ചു നല്‍കി. പുനര്‍ജനി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും ഒരു വീട് നല്‍കി. ബാക്കിയുള്ളവര്‍ വീട് വച്ചുകൊണ്ടിരിക്കുകയാണ്. ആ പാവങ്ങള്‍ താമസിക്കുന്ന സ്ഥലത്തേക്കാണ് റോഡ് നല്‍കിയത്.
പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലും ഈ റോഡുണ്ട്. അതുകൊണ്ടാണ് റോഡിന് ഫണ്ട് അനുവദിക്കാന്‍ കളക്ടറോട് ശിപാര്‍ശ ചെയ്തത്. സി.പി.എമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് റോഡ് ഉദ്ഘാടനം ചെയ്തത്. സി.പി.എമ്മുകാരാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. 22 വര്‍ഷം എം.എല്‍.എ ആയ എനിക്ക് എന്റെ നാട്ടുകാരെ ദേശാഭിമാനി പരിചയപ്പെടുത്തി തരേണ്ട. വേറെ വാര്‍ത്ത ഇല്ലാത്തതു കൊണ്ടാണ് വ്യാജ വാര്‍ത്തയുണ്ടാക്കുന്നത്.
പരാതിയുണ്ടെങ്കില്‍ വിജിലന്‍സ് കേസെടുക്കട്ടെ. പറവൂര്‍ നിയോജക മണ്ഡലത്തിലെ എം.എല്‍.എ എവിടെ റോഡ് നിര്‍മ്മിക്കണമെന്ന് തീരുമാനിക്കുന്നത് ദേശാഭിമാനി പത്രവും സി.പി.എമ്മുമല്ല. ദേശാഭിമാനിയും കൈരളിയും വ്യക്തിപരമായി തേജോവധപ്പെടുത്താനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന മഞ്ഞപ്പത്രങ്ങളാണ്. മഞ്ഞപ്പത്രങ്ങളുടെ അടിസ്ഥാനരഹിതമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.