ലോകത്തുള്ള എല്ലാ പകര്‍ച്ചവ്യാധികളുടെയും കേന്ദ്രമായി കേരളം മാറിയെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ലോകത്തുള്ള എല്ലാ പകര്‍ച്ചവ്യാധികളുടെയും കേന്ദ്രമായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളം ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ അഭിമാനകരമായ മുന്നേറ്റമുണ്ടാക്കിയ സംസ്ഥാനമാണെന്നാണ് കാലങ്ങളായി നമ്മളെല്ലാം വാദിക്കുന്നത്. അതൊരു യാഥാർഥ്യവുമായിരുന്നു. എന്നാല്‍ കാലാനുസൃത മാറ്റങ്ങള്‍ വരുത്താതെ ആരോഗ്യരംഗത്ത് പിന്നാക്കം നടന്നുകൊണ്ടിരിക്കുകയാണ്.

ഇന്ന്, നമ്മള്‍ കേട്ടിട്ടു പോലുമില്ലാത്ത പകര്‍ച്ചവ്യാധികളുടെ പ്രോണ്‍ ഏരിയയായി കേരളം മാറിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള പൊതുകാരണങ്ങള്‍ പറയാമെങ്കിലും കാലാവസ്ഥാ വ്യതിയാനം ലോകത്ത് എല്ലായിടത്തുമുണ്ട്. യഥാർഥ കാരണം എന്താണെന്ന് കണ്ടെത്തണ്ടേ? മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി, ഷിഗെല്ല, അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, ഉഗാണ്ടയില്‍ മാത്രം കണ്ടു വന്നിരുന്ന വെസ്റ്റ് നൈല്‍ തുടങ്ങി നിരവധി രോഗങ്ങളാണ് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

സര്‍ക്കാരിന്റെ കണക്കനുസരിച്ച്, 2024-ല്‍ ഇതുവരെ പനി ബാധിച്ചത് 12 ലക്ഷം പേര്‍ക്കാണ്. ഏഴു പേര്‍ മരിച്ചു. 2024 -ല്‍ ഡെങ്കിപ്പനി ബാധിച്ചത്7949 പേര്‍ക്കാണ്. മരണം 22. 2024-ല്‍ എലിപ്പനി ബാധിച്ചത് 1132 പേര്‍ക്ക്; മരണം 61. ഹെപ്പറ്റെറ്റിസ് എ ബാധിച്ചവര്‍ 3020 പേര്‍. മരിച്ചത് 24 പേര്‍. ഹെപ്പറ്റെറ്റിസ് ബി ബാധിച്ചവര്‍: 119 പേര്‍. ഷിഗെല്ല ബാധിച്ചത് 63 പേര്‍ക്ക്. വെസ്റ്റ് നൈല്‍ ബാധിച്ചത് 20 പേര്‍ക്ക്, മരണം 3. ഈ കണക്ക് പൂര്‍ണമല്ല. സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളിലുമള്ള വിവരങ്ങള്‍ ഒഴികെയുള്ള കണക്കാണിത്. ഇതിനേക്കാള്‍ കൂടുതലാണ് യാഥാർഥ വിവരങ്ങള്‍.

ഈ രോഗങ്ങളൊക്കെ ഉണ്ടാകാന്‍ കാരണം ആരോഗ്യ വകുപ്പാണെന്ന ആക്ഷേപം ഞങ്ങള്‍ ഉന്നയിക്കുന്നില്ല. പൊതുജന ആരോഗ്യത്തെ ബാധിക്കുന്ന വിഷയം ഗൗരവത്തോടെ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ജനങ്ങള്‍ കൂടി കൂടുതല്‍ ബോധവാന്‍മാരായേനെ. രോഗങ്ങള്‍ വരാതിരിക്കാന്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ സര്‍ക്കാര്‍ വിമര്‍ശിക്കപ്പെടും. ഇതിനെയൊന്നും മന്ത്രി വ്യക്തിപരമായി എടുക്കേണ്ടതില്ല. മഴക്കാല പൂര്‍വ ശുചീകരണം ഒരു പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് ദയനീയമായി പരാജയപ്പെട്ട വര്‍ഷമാണിത്.

തദ്ദേശ സ്ഥാപനങ്ങളും തദ്ദേശ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി നടത്തേണ്ട മഴക്കാല പൂര്‍വശുചീകരണത്തില്‍ യോഗങ്ങള്‍ നടത്തിയതിന്റെ കണക്ക് ഇവിടെ പറയേണ്ട. ഭരണസിരാ കേന്ദ്രമായ തിരുവനന്തപുരത്ത് ഒരു രാത്രി മുഴുവന്‍ മഴ പെയ്താല്‍ പുറത്തേക്ക് ഇറങ്ങാനാകാത്ത സ്ഥിതിയാണ്. എല്ലാ സ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. നഗരാതിര്‍ത്തിയില്‍ പത്ത് ദിവസമായി വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലം കടകംപള്ളി സുരേന്ദ്രന്റെ നിയോജകമണ്ഡലത്തിലുണ്ട്.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ ജില്ലാ കളക്ടറെയും എ.ഡി.എമ്മിനെയും കോര്‍പറേഷന്‍ സെക്രട്ടറിയെയും വിളിച്ചു. എന്നിട്ടും ഒരാള്‍ പോലും തിരിഞ്ഞു നോക്കിയില്ല. മലിന ജലം വീടുകളിലേക്കും കുടിവെള്ള സ്രോതസുകളിലേക്കും എത്തുകയാണ്. ജില്ലയില്‍ നിന്നുള്ള മന്ത്രി പോലും ഇതൊന്നും കാണുന്നില്ലേ? നിങ്ങള്‍ ആരെങ്കിലും ഇടപെട്ടോ? ഇതാണ് സംസ്ഥാനം മുഴുവനുമുള്ള സ്ഥിതിയെന്നും വാക്കൗട്ട് പ്രസംഗത്തിൽ വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - VD Satheesan said that Kerala has become the center of all infectious diseases in the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.