മന്ത്രി റിയാസിന്റെ പ്രതികരണം സെമിനാറില്‍ പങ്കെടുത്തവരെ അപമാനിക്കുന്ന തരത്തിലെന്ന് വി.ഡി സതീശൻ

പറവൂർ: സി.പി.എം സെമിനാറില്‍ പങ്കെടുത്തവരെയെല്ലാം അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് മന്ത്രി മുഹമ്മദ് റിയാസിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോണ്‍ഗ്രസിനെതിരെ പ്രതികരിക്കണമെന്നാണോ ഇന്നലെ നടന്ന സെമിനാറില്‍ തീരുമാനിച്ചതെന്ന് അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ടാണ് സി.പി.എം ഇറങ്ങിയിരിക്കുന്നതെന്ന ഞങ്ങളുടെ ആരോപണം ശരിവച്ചിരിക്കുകയാണ്.

സെമിനാറില്‍ പങ്കെടുത്തവരൊക്കെ കോണ്‍ഗ്രസിനെതിരെയാണോ സംസാരിച്ചത്? സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ഒപ്പം നില്‍ക്കുമെന്ന് കരുതിയാണ് മതസംഘടനകള്‍ സെമിനാറില്‍ പങ്കെടുത്തത്. എന്നാല്‍ ഒപ്പം നിന്നില്ലെന്നു മാത്രമല്ല, രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ കോണ്‍ഗ്രസ് അങ്ങനെയൊരു നിലപാട് സ്വീകരിക്കില്ല.

ദേശീയ തലത്തില്‍ കോണ്‍ഗ്രസും ലീഗുമുള്ള പ്ലാറ്റ്‌ഫോമിന്റെ ഭാഗമായി സി.പി.എമ്മും മാറുമെന്നാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്ത സിതാറാം യെച്ചൂരി പറഞ്ഞത്. അത് സംസ്ഥാന നേതാക്കള്‍ക്കുള്ള ഉത്തരമാണ്. 1987 ലെ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും മഹിളാ അസോസിയേഷനും ശരിഅത്തിനെ എതിര്‍ക്കുകയും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും പറഞ്ഞൊരു കാലമുണ്ടായിരുന്നെന്നത് മന്ത്രി പഠിക്കണം.

അന്ന് ആര്‍.എസ്.എസുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയ നേതാക്കളാണ് സി.പി.എമ്മിനുണ്ടായിരുന്നത്. ക്രൈസ്തവരുടെയും മുസ് ലീംങ്ങളുടെയും പിന്തുണയില്ലാതെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ബാലാസഹിബ് ദേവറസ് എന്ന ആര്‍.എസ്.എസ് നേതാവ് സി.പി.എമ്മിനെ അഭിനന്ദിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് ഹിന്ദു ഏകീകരണമുണ്ടാക്കാന്‍ ആര്‍.എസ്.എസും സി.പി.എമ്മും തമ്മില്‍ ഗൂഡാലോചന നടത്തിയിട്ടുണ്ട്. സി.പി.എം തീരുമാന പ്രകാരമായിരുന്നു അത്തരമൊരു ഗൂഡാലോചന. അതിന്റെ ഭാഗമായാണ് ശരിഅത്തിനെ എതിര്‍ത്തതും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടത്.

ഇന്നലെ നടത്തിയ സെമിനാറില്‍ സി.പി.എം സ്വീകരിച്ച നിലപാടും വിവിധ മതസംഘടനകള്‍ എടുത്ത നിലപാടും തമ്മില്‍ വ്യത്യാസമുണ്ട്. സെമിനാറില്‍ ഒരുമിച്ചൊരു നിലപാടെടുക്കാന്‍ പോലും സാധിച്ചില്ല. എന്നിട്ടാണ് സെമിനാര്‍ പൊളിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന് മന്ത്രി പറയുന്നത്. കോണ്‍ഗ്രസിനെതിരെ സംസാരിച്ച് വെറുതെ രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.

സര്‍ക്കാരിന് വ്യക്തി നിയമങ്ങളിലേക്കും ആചാരങ്ങളിലേക്കും ഏത് ഘട്ടം വരെ ഇടപെടാമെന്ന ചോദ്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. പാര്‍ലമെന്റിലും പാര്‍ലമെന്ററി സമിതിയിലും കോണ്‍ഗ്രസ് പ്രതിനിധികള്‍ ഏക സിവില്‍ കോഡിനെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. അധികാരത്തില്‍ ഇരുന്നപ്പോഴും പുറത്ത് നിന്നപ്പോള്‍ ഏക സിവില്‍ കോഡ് വേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. സംഘപരിവാറിനൊപ്പം ചേര്‍ന്ന് ഏക സിവില്‍ കോഡ് വേണമെന്ന് ആവശ്യപ്പെട്ട കേരളത്തിലെ ഏക പാര്‍ട്ടി സി.പി.എമ്മാണ്. ഇപ്പോള്‍ മലക്കം മറിഞ്ഞതും അവരാണ്. അന്നും ഇന്നും കോണ്‍ഗ്രസിന് ഒറ്റനിലപാടെയുള്ളൂ.

കോഴിക്കോട് സെമിനാര്‍ നടക്കുമ്പോള്‍ തിരുവനന്തപുരത്തേക്കും സി.പി.എം രാജ് ഭവന്‍ മാര്‍ച്ച് നടത്തുമ്പോള്‍ കോഴിക്കോട്ടേക്കും പോകുന്ന ആളാണ് ഇ.പി ജയരാജന്‍. കുറേക്കാലമായി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാതെ പിണങ്ങി നടക്കുന്ന ആളാണ് ജയരാജന്‍. കോഴിക്കോട്ടെ സെമിനാറില്‍ അദ്ദേഹത്തിന്റെ പേര് പോലും വച്ചില്ല. അദ്ദേഹത്തെ പൂര്‍ണമായും ഒതുക്കുകയാണ്. പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് സര്‍ക്കാരിനെതിരെ ആഞ്ഞടിക്കണമെന്നാണ് ഇ.പി ജയരാജന്‍ ആഗ്രഹിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. 

Tags:    
News Summary - VD Satheesan said that Minister Riaz's response was insulting to those who participated in the seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.