‘ബി.ജെ.പി ഓര്‍മിപ്പിക്കുന്നത്, പ്രതിപക്ഷ നേതാവിനെ വിഷം കൊടുത്തുകൊന്ന പുടിനെ’; രൂക്ഷ വിമർശനവുമായി വി.ഡി. സതീശൻ

വൈക്കം: പ്രതിപക്ഷ നേതാവിനെ ജയിലിലിട്ട് വിഷം കൊടുത്തുകൊന്ന റഷ്യയിലെ വ്ലാഡിമർ പുടിനെ ഓര്‍മിപ്പിക്കുകയാണ് ബി.ജെ.പിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിന്‍റെ സൂചനയാണ് ആദായ നികുതി വകുപ്പ് വഴി നടത്തിയതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുഖ്യ പ്രതിപക്ഷ കക്ഷിയെ ഭരണകൂടം എങ്ങനെ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ആദായനികുതി വകുപ്പ് കോണ്‍ഗ്രിസന് നല്‍കിയിരിക്കുന്ന നോട്ടീസിലൂടെ ജനങ്ങള്‍ മനസിലാക്കുന്നത്. ഫാഷിസത്തിന്‍റെ ഏറ്റവും ക്രൂരമായ മുഖമാണിത്. മത്സരിക്കാന്‍ പണമില്ലെങ്കില്‍ ജനങ്ങള്‍ ഞങ്ങളെ സഹായിക്കും. ക്രൗഡ് ഫണ്ടിങ് നടത്തി കൂലിപ്പണിക്കാര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ നല്‍കുന്ന 50 രൂപയും 100 രൂപയും കൊണ്ട് ഞങ്ങള്‍ തെരഞ്ഞെടുപ്പ് നടത്തും. പണം കൊണ്ടൊന്നും ഞങ്ങളെ തോല്‍പിക്കാനാകില്ല.

ബി.ജെ.പിയാണ് വീണ്ടും അധികാരത്തില്‍ വരുന്നതെങ്കില്‍ ഇന്ത്യയില്‍ പ്രതിപക്ഷം പോലും ഉണ്ടാകില്ലല്ലോ. പ്രതിപക്ഷ നേതാവിനെ ജയിലില്‍ ഇട്ട് വിഷം കൊടുത്തു കൊന്ന റഷ്യയിലെ പുടിനെ ഓര്‍മിപ്പിക്കുകയാണ് ഇവര്‍. ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിന്‍റെ സൂചനയാണ് ആദായ നികുതി വകുപ്പ് വഴി നടത്തിയത്. എം.പിമാര്‍ ലെവി പോലെ നല്‍കിയ 14 ലക്ഷത്തിന്‍റെ പേരിലാണ് അക്കൗണ്ടുകള്‍ മുഴുവന്‍ ഫ്രീസ് ചെയ്തത്. അല്ലാതെ അത് കള്ളപ്പണമല്ല.

ഭരണത്തിന്‍റെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് കോണ്‍ഗ്രസിനെ പ്രവര്‍ത്തിപ്പിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. സി.ബി.ഐയെയും ഇ.ഡിയെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വാങ്ങിയ കോടികള്‍ ഉപയോഗിച്ചാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇതിലും വലിയ പ്രതിസന്ധികള്‍ കോണ്‍ഗ്രസ് നേരിട്ടിട്ടുണ്ട്. ഈ പ്രതിസന്ധിയെയും ഞങ്ങള്‍ അതിജീവിക്കും. പണം ഇല്ലാതെ എങ്ങനെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് ഞങ്ങള്‍ കാണിച്ചുകൊടുമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags:    
News Summary - VD Satheesan says that BJP is reminding Vladimer Putin who poisoned the opposition leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.