സഹോദരന്‍ തീവ്രവാദിയാണോ എന്ന് മന്ത്രി പറയട്ടെ -വി.ഡി സതീശൻ

പത്താനാപുരം: വിഴിഞ്ഞം സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമരം ചെയ്യുന്നവരെല്ലാം തന്റെ ശത്രുക്കളാണെന്ന അരക്ഷിതബോധം എല്ലാ ഏകാധിപതികള്‍ക്കുമുണ്ട്. അതേ അരക്ഷിതബോധമാണ് നരേന്ദ്ര മോദിക്കും പിണറായി വിജയനും ഉണ്ടായിരിക്കുന്നത്. സമരക്കാരെ തീവ്രവാദികളാക്കി ചിത്രീകരിക്കാനുള്ള നീക്കം അപലപനീയമാണെന്നും സതീശൻ വ്യക്തമാക്കി.

സി.പി.എം മുഖപത്രമായ ദേശാഭിമാനി തീവ്രവാദ ബന്ധമുള്ള ഒന്‍പത് പേരുടെ മുഖചിത്രം നല്‍കിയിട്ടുണ്ട്. അതില്‍ ഒരാള്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സഹോദരനാണ്. തന്റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടോയെന്ന് മന്ത്രി വ്യക്തമാക്കണം. ചിത്രത്തിലുള്ള മറ്റൊരു വൈദികന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആന്റണി രാജുവിനും കടകംപള്ളി സുരേന്ദ്രനും വേണ്ടി പരസ്യമായി പ്രവര്‍ത്തിച്ച ആളാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്ത കര്‍ഷകരെ തീവ്രവാദികളായും മാവോയിസ്റ്റുകളായും അര്‍ബന്‍ നക്‌സലൈറ്റുകളായും മോദി സര്‍ക്കാര്‍ ചിത്രീകരിച്ചതു പോലെയാണ് വിഴിഞ്ഞത്ത് നാല് വര്‍ഷമായി സിമന്‍റ് ഗോഡൗണില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ പുനരധിവാസം ആവശ്യപ്പെട്ട് നടത്തുന്ന സമരത്തെ തീവ്രവാദ പ്രവര്‍ത്തനമായി പിണറായി സര്‍ക്കാര്‍ ചിത്രീകരിക്കുന്നത്. വികസനത്തിന്റെ ഇരകളായി മാറിയ പാവങ്ങളെ താല്‍കാലികമായി വാടക വീട്ടിലേക്ക് മാറ്റി ഭാവിയില്‍ വീട് നിര്‍മ്മിച്ച് നല്‍കാന്‍ സര്‍ക്കാര്‍ തയാറുണ്ടോയെന്നാണ് പ്രതിപക്ഷം ചോദിക്കുന്നതെന്ന് സതീശൻ വ്യക്തമാക്കി.

എന്തുകൊണ്ടാണ് സമരസമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കാത്തത്? മുഖ്യമന്ത്രി സംസാരിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ സമരം അവസാനിക്കും. എന്നാല്‍ അദാനിയുടെ ഉച്ചഭാഷിണിയായി സംസ്ഥാന സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. അദാനിയുടെ കേസ് കോടതിയില്‍ വന്നപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ കലാപകാരികളാണെന്ന് വരുത്തിത്തീര്‍ത്ത് പ്രകോപനമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

ഒരു അക്രമ സംഭവത്തെയും പ്രതിപക്ഷം പ്രോത്സാഹിപ്പിക്കില്ല. പക്ഷെ ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കിയും കസ്റ്റഡിയില്‍ എടുത്തവരെ അന്വേഷിച്ച് ചെന്ന പള്ളിക്കമ്മിറ്റിക്കാരെ അറസ്റ്റ് ചെയ്തും സമരക്കാരെ സര്‍ക്കാരും പൊലീസും മനപൂര്‍വം പ്രകോപിപ്പിച്ചു. സംഘര്‍ഷമുണ്ടാക്കുന്നതിന് വേണ്ടി രാവിലെ ആറ് മണിക്ക് പാറയുമായെത്തിയ ലോറി പൊലീസ് തടഞ്ഞിട്ടു. കുഴപ്പം ഉണ്ടാക്കി അവിടെ നടക്കുന്നത് കലാപവും തീവ്രവാദവുമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. പാവങ്ങളായ മത്സ്യത്തൊഴിലാളികളോടും അനീതിയും അക്രമവുമാണ് സര്‍ക്കാര്‍ ചെയ്തത്.

സര്‍ക്കാരും സി.പി.എമ്മും പ്രചരിപ്പിക്കുന്നതല്ലാതെ സമരക്കാരുമായി എന്ത് ഒത്തുതീര്‍പ്പാണ് ഉണ്ടാക്കിയത്? പുനരധിവാസം സംബന്ധിച്ച് എന്തെങ്കലും നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായോ? വികസനത്തിന്റെ ഇരകളായ മത്സ്യത്തൊഴിലാളികള്‍ കഴിയുന്ന പരിതാപകരമായ അവസ്ഥയാണ് ഈ സമരത്തെ പിന്തുണക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്. കണ്ടാല്‍ സഹിക്കാനാകാത്ത സ്ഥിതിയിലാണ് സിമന്‍റ് ഗോഡൗണില്‍ താമസിക്കുന്നവര്‍ കഴിയുന്നത്. വികസനത്തിന്റെ ഇരകളെ സംരക്ഷിക്കാനുള്ള ബാധ്യത ക്ഷേമരാഷ്ട്രത്തിനുണ്ട്. ആ ഉത്തരവാദിത്തം സര്‍ക്കാര്‍ പാലിക്കണം.

മന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് വൈദികന്‍ ക്ഷമ പറഞ്ഞിട്ടുണ്ട്. അത്തരം പരാമര്‍ശങ്ങളോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാല് മന്ത്രിമാര്‍ സമരക്കാരെ തീവ്രവാദികളെന്ന് വിളിച്ചത്? ഇഷ്ടമില്ലാത്ത ആരെയും തീവ്രവാദികളെന്ന് വിളിക്കാമോ? മന്ത്രിമാര്‍ ഉത്തരവാദിത്ത ബോധത്തോടെ സംസാരിക്കണം.

ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് എഴുതിക്കൊടുത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. ഇതിനൊക്കെ കാലം കണക്ക് ചോദിച്ചു കൊണ്ടിരിക്കുകയാണ്. വി.സിമാരെ നീക്കുന്നതുമായി ബന്ധപ്പെട്ട് വിയോജനക്കുറിപ്പ് എഴുതിയ കൃഷി വകുപ്പ് സെക്രട്ടറിക്ക് താക്കീത് നല്‍കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ഫയലില്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള ഉദ്യോഗസ്ഥന്റെ അവകാശത്തെയാണ് ചോദ്യം ചെയ്തത്.

നിയമവിരുദ്ധമാണെങ്കിലും സെക്രട്ടറിമാര്‍ സര്‍ക്കാരിന് മംഗളപത്രം നല്‍കണമെന്ന സന്ദേശമാണ് ഈ തീരുമാനത്തിലൂടെ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്. സി.പി.എമ്മിന് ഇഷ്ടമുള്ള ആരെയും ചാന്‍സലറാക്കി നിയമിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ആര്‍.എസ്.എസ് വത്ക്കരണമെന്ന ആക്ഷേപമാണ് ഇവര്‍ ഇതുവരെ ഗവര്‍ണര്‍ക്കെതിരെ ഉന്നയിച്ചിരുന്നത്. ഇപ്പോള്‍ സര്‍വകലാശാലകളെ കമ്യൂണിസ്റ്റ് വത്ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ നടപടി ഒരുകാരണവശാലും പ്രതിപക്ഷം അനുവദിക്കില്ലെന്നും സതീശൻ വ്യക്തമാക്കി.

സമരം ചെയ്യുന്ന കശുവണ്ടി തൊഴിലാളികളുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Tags:    
News Summary - VD Satheesan says that it is Modi's policy to turn the protesters into terrorists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.