ശബരിമലയില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടിയെന്ന് വി.ഡി സതീശൻ

കൊച്ചി: ശബരിമലയില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ശബരിമലയില്‍ ഒരു കുഴപ്പവുമില്ലെന്നും രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണെന്നും മുഖ്യമന്ത്രി പറയുന്നത്. ശബരിമലയില്‍ നടന്നതെല്ലാം പുറത്തെത്തിച്ചത് മാധ്യമങ്ങളാണ്. വെള്ളവും ഭക്ഷണവും ഇല്ലാതെ 10 മുതല്‍ 20 മണിക്കൂറുകളാണ് കുഞ്ഞുങ്ങളും സ്ത്രീകളും പ്രായമായവരും ക്യൂ നിന്നത്.

ആവശ്യത്തിന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ പോലും ഇല്ലായിരുന്നു. ഇതെല്ലാം എല്ലാവരും കണ്ടതാണ്. അതില്‍ എന്ത് രാഷ്ട്രീയമാണുള്ളത്. അബദ്ധം പറ്റിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്നെ സമ്മതിച്ചതാണ്. ആവശ്യത്തിന് പൊലീസുകാരില്ലെന്നും ഉള്ളവര്‍ പരിചയസമ്പന്നരല്ലെന്ന് പറഞ്ഞതും ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മാധ്യമങ്ങളും അയ്യപ്പ ഭക്തരുമാണ് ശബരിമലയെ കുറിച്ച് പരാതി പറഞ്ഞത്. എന്നിട്ടാണ് അവിടെ ഒരു പരാതിയും ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത്.

ശബരിമലയുമായി ബന്ധപ്പെട്ട് ഒരു യോഗം പോലും വിളിച്ചു ചേര്‍ത്തില്ല. ഇന്നലെ ഓണ്‍ലൈന്‍ യോഗമാണ് ചേര്‍ന്നത്. നട തുറപ്പോള്‍ വന്ന് പോയതാണ് ദേവസ്വം മന്ത്രി. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ദേവസ്വം മന്ത്രി പോലും തിരിഞ്ഞു നോക്കിയില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിട്ട് പറഞ്ഞത്, ഭക്തര്‍ സ്വയം നിയന്ത്രിക്കണമെന്നാണ്. യോഗത്തില്‍ ദേവസ്വവും തമ്മില്‍ വാക്‌പോരായിരുന്നു.

മുഖ്യമന്ത്രി ഇടപെട്ടാണ് നിര്‍ത്തിവച്ചത്. ഏകോപനമില്ലായ്മയാണ് ശബരിമലയില്‍ കണ്ടത്. ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനം ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെയും ദേവസ്വത്തിന്റെയും കടമയാണ്. ആ കടമയില്‍ നിന്നാണ് ഒളിച്ചോടിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ടൂര്‍ പോയിരിക്കുകയാണ്. ഏകോപനത്തിനായി ഉദ്യോഗസ്ഥന്‍ പോലും ശബരിമലയിലില്ല. വലിയൊരു വിഭാഗം ഭക്തര്‍ പന്തളത്ത് ഉള്‍പ്പെടെ യാത്ര അവസാനിപ്പിച്ച് തിരിച്ച് പോയി.

കേരളത്തെ മോശമാക്കാനാണ് എം.പിമാര്‍ ഡല്‍ഹിയില്‍ ശബരിമലയെ കുറിച്ച് പറഞ്ഞതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ശബരിമലിയില്‍ കേന്ദ്ര സഹായം കൂടി വേണമെന്നാണ് എം.പിമാര്‍ ആവശ്യപ്പെട്ടത്. മണിയാറിലും അടൂരിലുമുള്ള ബറ്റാലിയനുകളിലെ പൊലീസുകാരെ പോലും സംസ്ഥാന സര്‍ക്കാര്‍ ശബരിമലയില്‍ പ്രയോജനപ്പെടുത്തുന്നില്ല. ആവശ്യത്തിന് പൊലീസ് ഇല്ലാത്ത സാഹചര്യത്തില്‍ കേന്ദ്ര സേനയും സഹായം കൂടി തേടട്ടെ.

2200 പൊലീസുകാരെയാണ് നവകേരള സദസിന് വിന്യസിച്ചിരിക്കുന്നത്. മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടി വേറെയും പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. സന്നദ്ധ സേവരെ വെള്ളവും ഭക്ഷണവും നല്‍കാന്‍ പൊലീസ് അനുവദിക്കുന്നില്ല. പൊലീസ് ഭക്തരോട് മോശമായും ക്രൂരമായും അയ്യപ്പ ഭക്തരോട് പെരുമാറുന്നെന്ന പരാതിയും പുറത്ത് വന്നിട്ടുണ്ട്. ശബരിമല തീർഥാടന കാലം ഇത്രയും ലഘവത്തത്തോടെ കൈകാര്യം ചെയ്‌തൊരു സര്‍ക്കാര്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല.

കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഭക്തരെയും ബസില്‍ കുത്തി നിറച്ച് നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് കൊണ്ടു പോകുന്നത് എല്ലാവരും കണ്ടതാണ്. എന്നിട്ടും മുഖ്യമന്ത്രി ഇതൊന്നും കണ്ടില്ലെന്ന് പറയുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എന്ത് ഭരണമാണ് കേരളത്തില്‍ നടക്കുന്നത് എന്നതിന്റെ ഉദാഹരണമാണ്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ശബരിമല സന്ദര്‍ശിച്ച യു.ഡി.എഫ് സംഘം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കണം. കുഞ്ഞുങ്ങളുടെ സങ്കടങ്ങളും നിലവിളികളും ഒരു കുട്ടി മരിച്ച് പോയതുമൊക്കെ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നിട്ടാണ് രാഷ്ട്രീയ പ്രേരിതമെന്ന് പറയുന്നത്.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പമ്പയിലും സന്നിധാനത്തും എത്തിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാത്തതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിക്ക്. സന്നിധാനത്ത് തിരക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുകയാണ്. പമ്പയിലും നിലയ്ക്കലും ഭക്തരെ തടഞ്ഞ് വച്ചിരിക്കുന്നത് കൊണ്ടാണ് സന്നിധാനത്ത് തിരക്കില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - VD Satheesan says that the government has absconded from Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.