സമസ്ത മേഖലയിലും സര്‍ക്കാര്‍ അരാജകത്വം സൃഷ്ടിക്കുന്നുവെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കേരളത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ സമസ്ത മേഖലയിലും അരാജകത്വം സൃഷ്ടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെതിരെ സ്റ്റേറ്റ് എംപ്ളോയീസ് ആൻഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ് സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തിയ സത്യാഗഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസ രംഗമാകെ മലീമസമാക്കിയിരിക്കുന്നു. എല്ലായിടത്തും വ്യാജന്മാരുടെ വിളയാട്ടമാണ്. ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന തട്ടിപ്പുകള്‍ വർധിക്കുകയാണ്. യൂനിവേഴ്സിറ്റികളുടെ വ്യാജ സര്‍ട്ടിഫിട്ടറ്റുകള്‍ പൊതു വിപണിയില്‍ ലഭ്യമാകുന്ന അവസ്ഥയാണ്. ഒരേ സമയം പല കോഴ്സുകള്‍ പഠിച്ചു എന്നു കാണിച്ച് സമ്പാദിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉയര്‍ന്ന ജോലി ലഭിക്കാന്‍ ഉപയോഗിക്കുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്.

വികസന പദ്ധതികള്‍ എന്ന് കൊട്ടിഘോഷിച്ച് കൊണ്ടു വരുന്ന പദ്ധതികള്‍ അഴിമതിയുടെ വിളനിലമായി മാറി. എ.ഐ ക്യാമറ പദ്ധതി സ്വകാര്യ ഏജന്‍സികള്‍ക്ക് കൊള്ള നടത്താനുള്ള അവസരമൊരുക്കി. യോഗ്യതയില്ലാത്ത കമ്പനികളെ പിന്‍വാതില്‍ വഴി സബ് കോണ്‍ട്രാക്റ്റ് നല്‍കാന്‍ കെല്‍ട്രോണിനെ മറയാക്കി. കെ. ഫോണിനായി ഗുണനിലവാരം കുറഞ്ഞ ചൈനീസ് കേബിള്‍ ഉപയോഗിച്ചത് സര്‍ക്കാരിന് വന്‍ നഷ്ടമാണുണ്ടാക്കിയത്.

ഒന്നിനുപുറകെ ഒന്നൊന്നായി അഴിമതികള്‍ പുറത്തു വരുമ്പോഴും സര്‍ക്കാര്‍ നിസംഗമായ മൗനത്തിലാണ്. ഇത് പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണ്. കേരളത്തിലെ കൗമാരക്കാരെപ്പോലും ലഹരി മാഫിയ വലയിലാക്കുകയാണ്. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി വില്പ്പന തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ല.

അക്രമികളുടേയും കൊലപാതകികളുടേയും നാടാക്കി കേരളത്തെ മാറ്റുകയാണ്. ലഹരി ഉപയോഗിച്ചതിനു ശേഷമുള്ള അക്രമങ്ങളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനയാണ്. ഇതിനെതിരെ നടപടി എടുക്കേണ്ട സര്‍ക്കാര്‍ അക്രമികള്‍ക്ക് രാഷ്ട്രീയ തണല്‍ നല്‍കുന്നുവെന്നും സതീശൻ പറഞ്ഞു.

പി.എസ്.സി യെ നോക്കുകുത്തിയാക്കി സമാന്തര റിക്രൂട്ട്മെന്‍റ് ബോര്‍ഡുകള്‍ രൂപീകരിച്ച് മൂന്നു ലക്ഷത്തോളം നിയമനങ്ങളാണ് പിന്‍വാതില്‍ വഴി നടത്തിയത്. ഇത് നഗ്നമായ അധികാര ദുര്‍വിനിയോഗമാണ്. യൂനിവേഴ്സിറ്റികള്‍ക്ക് മതിയായ ഗാന്‍റ് അനുവദിക്കാതെ അവയെ ശ്വാസം മുട്ടിക്കുകയാണ്. സര്‍ക്കാര്‍ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയക്കു പോലും പണം അനുവദിക്കാത്ത സര്‍ക്കാരാണ് കേരളത്തിലുള്ളത്. ക്ഷേമ പെന്‍ഷനുകള്‍ പോലും സമയബന്ധിതമായി നല്‍കാന്‍ കഴിയാത്തവര്‍ ലോകം ചുറ്റി ധൂര്‍ത്ത് നടത്തുന്നത് പരിഹാസ്യമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. പരിപാടിയിൽ സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - VD Satheesan says that the government is creating chaos in all sectors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.