തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നുവിട്ടതിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ പാളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിൽ മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് ഒാഫീസ് പോലുമില്ല. മേൽനോട്ട സമിതിയുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ നടക്കുന്നില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി മനഃപൂർവം മൗനം പാലിക്കുകയാണ്. സംസ്ഥാനങ്ങൾക്കിടയിൽ ആശയവിനിമയം നടക്കുന്നില്ല. വനം, ജല വകുപ്പ് മന്ത്രിമാർ ഇരുട്ടിൽ തപ്പുകയാണ്. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് രണ്ട് മന്ത്രിമാരും ചെയ്യുന്നത്. കേരള സർക്കാറിന്‍റെ തീരുമാനങ്ങൾ തമിഴ്നാടിന് അനുകൂലമായി മാറുകയാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.
മുന്നറിയിപ്പ് നൽകാതെ മുല്ലപ്പെരിയാറിലെ വെള്ളം തുറന്നുവിട്ടതിൽ ആർക്കാണ് ഉത്തരവാദിത്തമുള്ളത്. സംസ്ഥാന സർക്കാറിന് ഒന്നും പറയാനില്ല. ഡാം മാനേജ്മെന്‍റിന്‍റെ കാര്യത്തിൽ 2018ന് സമാനമായി സർക്കാർ ഇരുട്ടിൽ തപ്പുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മുല്ലപ്പെരിയാർ ഡാം ജലബോംബ് ആണെന്ന് എം.എം മണി ഇടുക്കിയിലേ പറയൂ. തിരുവനന്തപുരത്ത് എത്തുമ്പോൾ മണി കവാത്ത് മറക്കും. മുല്ലപ്പെരിയാർ വിഷയം പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ ജില്ലയിലെ എം.എൽ.എയായ എം.എം മണി ജല ബോംബിന്‍റെ കാര്യം പറഞ്ഞില്ല. സാധാരണക്കാരെയും കർഷകരെയും എം.എം മണി കബളിപ്പിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.