വഖഫ് ബോർഡ്​​ നിയമനം: യു.ഡി.എഫ്​ നിലപാട്​ ശരിയെന്ന്​ തെളിഞ്ഞു, സർക്കാറിന്​ ബോധോദയമുണ്ടായത്​ നല്ല കാര്യം-വി.ഡി സതീശൻ

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ റിക്രൂട്ട്‌മെന്‍റ്​ ബോര്‍ഡുണ്ടാക്കി സുതാര്യമാക്കണമെന്നാണ് യു.ഡി.എഫ് നിയമസഭയില്‍ ആവശ്യപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അന്നത് മനസിലാക്കാതിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇപ്പോഴെങ്കിലും ബോധോദയമുണ്ടായത് നല്ല കാര്യം.

വീണ്ടും ചര്‍ച്ച നടത്താമെന്നതും സ്വാഗതാര്‍ഹമാണ്. നിയമസഭയില്‍ വിശദമായ ചര്‍ച്ച നടന്നപ്പോള്‍ സമസ്ത നേതാക്കള്‍ ഉള്‍പ്പെടെ ഉന്നയിച്ച കാര്യങ്ങള്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. എന്നാല്‍, അതൊന്നും പരിഗണിക്കാതെ നടപ്പാക്കുമെന്ന പിടിവാശിയിലായിരുന്നു സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബില്‍ പിന്‍വലിച്ചതു പോലെ വഖഫ് നിയമന ബില്ലും നിയമസഭ ചേര്‍ന്ന് പിന്‍വലിക്കേണ്ടി വരും.

മുസ്​ലിം ലീഗിനു മീതെ വര്‍ഗീയത അടിച്ചേല്‍പ്പിക്കാനാണ് സി.പി.എം ഇപ്പോള്‍ ശ്രമിക്കുന്നത്. ഈ വിഷയത്തില്‍ എന്ത് വര്‍ഗീയതയാണുള്ളതെന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും വ്യക്തമാക്കണം.

ഏതെങ്കിലും മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കു വേണ്ടി മാത്രം പി.എസ്.സി വിജ്ഞാപനം ഇറക്കുന്നത് നിയമവിരുദ്ധവും അധാർമികവുമാണ്. ഹിന്ദുക്കള്‍ അല്ലാത്തവരെ ദേവസ്വം ബോര്‍ഡില്‍ നിയമിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ദേവസ്വം റിക്രൂട്ട്‌മെന്‍റ്​ ബോര്‍ഡുണ്ടാക്കിയത്. അതുപോലെ വഖഫ് ബോര്‍ഡ് നിയമനങ്ങളും റിക്രൂട്ട്‌മെന്‍റ്​ ബോര്‍ഡ് വഴിയാക്കണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെട്ടത്

വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്​.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്ക്​ ശേഷമാണ്​ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്​.

നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാറിനെ അറിയിച്ചത് വഖഫ് ബോർഡാണ്. സർക്കാറിന്‍റെ നിർദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സർക്കാറിന് ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ല എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വിശദമായ ചർച്ച നടത്തും. തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലെ സ്ഥിതി തുടരും.

പി.എസ്​.സിക്ക് നിയമനം വിടുന്നതിലൂടെ മുസ്​ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഒരാശങ്കക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - VD Satheesan statement on Waqf Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.