സി.എ.എ നടപ്പാക്കിയ കേന്ദ്രത്തിനൊപ്പമാണോ എല്‍.ഡി.എഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി.ഡി സതീശൻ

കൊച്ചി: സി.എ.എ നടപ്പാക്കിയ കേന്ദ്രത്തിനൊപ്പമാണോ എല്‍.ഡി.എഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സി.എ.എ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പറയുന്ന എല്‍.എഡി.എഫ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു ആത്മാര്‍ത്ഥതയുമില്ല. 2019-ല്‍ സി.എ.എ പ്രക്ഷോഭത്തിനെതിരെ 835 കേസുകളെടുത്തു. ഇതില്‍ ആക്രമണ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇതുവരെ നടപ്പായില്ല. അഞ്ച് വര്‍ഷമായിട്ടും കേസുകള്‍ പിന്‍വലിക്കാത്ത ഈ സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ്. എന്തുകൊണ്ടാണ് കേസ് പിന്‍വലിക്കാത്തതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കണമെന്ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ നടത്തിയ വാർത്താസമ്മേളനത്തിൽ വി.ഡി സതീശൻ ആവശ്യപ്പെട്ടു.

ഇന്നലെ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ആക്രമണ സ്വഭാവത്തോടെയാണ് നേരിട്ടത്. സമരം ചെയ്യുന്നവരെ ശത്രുക്കളെ പോലെയാണ് നേരിടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ സംശയമുള്ളതു കൊണ്ടാണ് ഒന്നിച്ചില്ല പ്രക്ഷോഭം വേണ്ടെന്ന് നേരത്തെ തന്നെ തീരുമാനിച്ചത്. കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വവും മുസീംലീഗും സി.എ.എ ഭേദഗതി നടപ്പാക്കുന്നതിനെതിരെ കേസ് നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം സമര പരിപാടികളും സംഘടിപ്പിക്കും. നാളെ നടക്കുന്ന കെ.പി.സി.സി നേതൃയോഗം സി.എ.എ പ്രതിഷേധ പരിപാടികളും ചര്‍ച്ച ചെയ്യും.

സി.എ.എ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ അതേ സര്‍ക്കാരാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ചട്ടം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം തീരുമാനിക്കുന്നത് അംഗീകരിക്കാനാകില്ല. പൗരത്വം എങ്ങനെ നല്‍കണമെന്നതു സംബന്ധിച്ച ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ അഞ്ചിന് വിരുദ്ധമായാണ് നടപടിയാണിത്. ഭരണഘടനാ ആശയത്തെ നിലനിര്‍ത്താന്‍ ഏതറ്റംവരെയും കോണ്‍ഗ്രസും യു.ഡി.എഫും പോരാടും.

കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലാതായപ്പോള്‍ ഉണ്ടായ ജനങ്ങള്‍ക്കിടയില്‍ അരക്ഷിതത്വവും ഭീതിയുമുണ്ടായി. ഇവര്‍ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ എന്തും ചെയ്യാന്‍ മടിക്കില്ല എന്നതിന്റെ മുന്നറിയിപ്പായാണ് സി.എ.എ നടപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയത്തെ ജനങ്ങള്‍ കാണുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നും പുറത്ത് പോയപ്പോഴാണ് അപകടം ഉണ്ടായതെന്ന തിരിച്ചറിവ് ജനാധിപത്യ ബോധമുള്ള എല്ലാവരുടെയും മനസിലുണ്ട്. അപകടകാരികളാണെന്ന് സംഘപരിവാര്‍ തന്നെ പുരപ്പുറത്ത് കയറി പ്രഖ്യാപിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി അധികാരത്തില്‍ വരണമെന്നാണ് ജനങ്ങള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

സി.എ.എ ചട്ടം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക് പോകുകയാണ്. കേരളത്തില്‍ യു.ഡി.എഫും കോണ്‍ഗ്രസും സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. യുവജന- വനിതാ സംഘടനകളും സമരമുഖത്തുണ്ടാകും. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള സംഘപരിവാര്‍ സര്‍ക്കാരിന്റെ ശ്രമത്തെ കോണ്‍ഗ്രസും യു.ഡി.എഫും ശക്തമായി എതിർക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.

Tags:    
News Summary - VD Satheesan wants the Chief Minister to clarify whether the LDF government is with the Center that implemented the CAA.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.