അയ്യങ്കാളിയുടെ ശിരസ് നായയുടെ ചിത്രത്തില്‍ ചേര്‍ത്തുവെച്ചതിൽ നടപടി സ്വീകരിക്കണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം:  അയ്യങ്കാളിയുടെ ശിരസ് നായയുടെ ചിത്രത്തില്‍ ചേര്‍ത്തുവെച്ച് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സബ്മിഷനിലൂടെ നിയമസഭയില്‍ ആവശ്യപ്പെട്ടു. നവോഥാന നായകനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ മഹാത്മ അയ്യങ്കാളിയെ അപമാനിക്കുന്ന രീതിയില്‍ ഒരു നായയുടെ ചിത്രത്തില്‍ അദ്ദേഹത്തിന്റെ ശിരസ് ചേര്‍ത്തുവച്ച് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്തുവാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത ദൗര്‍ഭാഗ്യകരമായ സാഹചര്യത്തിലാണ് ഈ വിഷയം സബ്മിഷന്‍ ആയി അവതരിപ്പിക്കുന്നത്.

ഒരു നായയുടെ ശിരസ്സിന്റെ സ്ഥാനത്ത് മഹാത്മ അയ്യങ്കാളിയുടെ ശിരസ് ചേര്‍ത്തുവെച്ച് ' വളര്‍ത്തു പട്ടിക്ക് ഇടാന്‍ പറ്റിയ പേര് തൂക്കി ഫേസ്ബുക്ക് മുഖേന പ്രചരിപ്പിക്കുകയായിരുന്നു. കേരളത്തിലെ സാമൂഹ്യ മുന്നേറ്റങ്ങളുടെ പടനായകന്‍ ആയിരുന്ന മഹാത്മ അയ്യങ്കാളിയെ അങ്ങേയറ്റം അവഹേളിക്കുന്ന രീതിയിലുള്ള ഒരു പോസ്റ്റ് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനെതിരെ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നാളിതുവരെ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുവാന്‍ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല.

മഹാത്മ അയ്യങ്കാളിയെ പോലെയുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെ അവഹേളിക്കുന്ന തരത്തിലുള്ള ഇത്തരം പ്രചാരണങ്ങള്‍ക്ക് സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തുക എന്ന ഗൂഡലക്ഷ്യം കൂടി ഉണ്ട് എന്നു തിരിച്ചറിഞ്ഞ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു. 

Tags:    
News Summary - VD Satheesan wants to take action on Mahatma Iyenkali's head attached to the image of a dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.