തിരുവനന്തപുരം: കെ.എം. മാണി അഴിമതിക്കാരനാണെന്നും കൈക്കൂലി പണം എണ്ണാൻ വീട്ടിൽ നോട്ടെണ്ണൽ മെഷീൻ സൂക്ഷിച്ചിട്ടുണ്ടെന്നും നേരത്തെ ആരോപിച്ചത് സി.പി.എം സംസ്ഥാന നേതാക്കളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ.എം മാണിക്കെതിരെ അന്ന് സി.പി.എം നേതാക്കൾ നടത്തിയ പ്രസ്താവന പിൻവലിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
നിയമസഭയിലെ സമരം യു.ഡി.എഫിനെതിരെ ആയിരുന്നുവെന്ന സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍റെ പ്രസ്താവന സതീശൻ തള്ളി. യു.ഡി.എഫിന്‍റെ മുഖ്യമന്ത്രിയടക്കമുള്ള ആരെയും അന്ന് എൽ.ഡി.എഫ് തടഞ്ഞിട്ടില്ലെന്നും കെ.എം. മാണിയെ മാത്രമാണ് തടഞ്ഞതെന്നും അദ്ദേഹം ചൂണ്ടികാട്ടി. അഴിമതിക്കാരനായ കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു എൽ.ഡി.എഫ് നിലപാടെന്നും അതിനാണ് നിയമസഭയിൽ അക്രമം അഴിച്ചുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
മാണിക്കെതിരെ അന്ന് നടത്തിയ സമരം തെറ്റായിരുന്നുവെന്ന് എൽ.ഡി.എഫ് എറ്റുപറയുമോയെന്നും അദ്ദേഹം ചോദിച്ചു.
കെ.എം മാണിക്കെതിരെ സുപ്രീം കോടതിയിലടക്കം നിയപാടെടുത്ത സർക്കാറിനെതിരെ ജോസ് കെ. മാണിയും കേരള കോൺഗ്രസും എന്ത് നിലപാടാണെടുക്കുക എന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു. മാണിക്കെതിരെ സുപ്രീം കോടതിയിൽ സർക്കാർ അഭിഭാഷകൻ നടത്തിയ പ്രസ്താവന പിൻവലിക്കാൻ തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.