അപൂര്‍വ രോഗം ബാധിച്ച 40 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കിയെന്ന് വീണ ജോർജ്

തിരുവനന്തപുരം: അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 40 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തുവെന്ന് മന്ത്രി വീണാ ജോര്‍ജ്. ഒരു വയലിന് 6 ലക്ഷം രൂപ വീതം വിലവരുന്ന 450 യൂനിറ്റ് മരുന്നുകളാണ് നല്‍കിയത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ജൂലൈ 16 മുതല്‍ അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി അസുഖത്തിന് ഇത്തരത്തില്‍ സര്‍ക്കാര്‍ തലത്തില്‍ മരുന്ന് നല്‍കി വരുന്നത്.

ക്രൗഡ് ഫണ്ടിംഗ് മുഖേന മരുന്നുകളും സര്‍ക്കാര്‍ ഫണ്ട് മുഖേന ചികിത്സയ്ക്ക് വേണ്ട അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കിയത്. രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി മേഖലകളായി തിരിച്ച് തിരുവന്തപുരം എസ്.എ.ടി ആശുപത്രി വഴിയും കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രം വഴിയുമാണ് മരുന്ന് വിതരണം നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

എസ്.എ.ടി. ആശുപത്രിയെ സെന്റര്‍ ഓഫ് എക്‌സലന്‍സായി അടുത്തിടെ കേന്ദ്രം ഉയര്‍ത്തിയിരുന്നു. അപൂര്‍വ രോഗങ്ങളുടെ സമഗ്ര ചികിത്സയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെയും പരമാവധി പേര്‍ക്ക് ചികിത്സ ലഭ്യമാക്കാനാണ് പരിശ്രമിക്കുന്നത്. സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതി വഴിയുള്ള ചികിത്സക്കായി മൂന്ന് കോടി രൂപ ലഭ്യമായിട്ടുണ്ട്. സെന്റര്‍ ഓഫ് എക്‌സലന്‍സ് വഴി അപൂര്‍വ രോഗങ്ങളുള്ള 153 പേര്‍ രജിസ്റ്റര്‍ ചെയ്തു. സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതി വഴി ടെക്‌നിക്കല്‍ കമ്മിയുടെ പരിശോധനയും മാര്‍ഗനിര്‍ദേശ പ്രകാരവും അര്‍ഹരായ രോഗികള്‍ക്ക് അതത് ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിക്കും.

അപൂര്‍വ രോഗം ബാധിച്ചവരുടെ ചികിത്സക്കായി സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി ആദ്യമായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എസ്.എം.എ ക്ലിനിക് ആരംഭിച്ചു. അതിന് പിന്നാലെ വിലപിടിപ്പുള്ള മരുന്നുകള്‍ നല്‍കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു. ഇതുകൂടാതെ എസ്.എം.എ ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിജയകരമായി ആരംഭിച്ചു.

സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവുള്ള ശസ്ത്രക്രിയയാണ് മെഡിക്കല്‍ കോളജില്‍ സൗജന്യമായി നടത്തിയത്. ഇതിനോടനുബന്ധമായി മെഡിക്കല്‍ കോളജുകളില്‍ ആദ്യമായി എസ്.എ.ടി. ആശുപത്രിയില്‍ ജനിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.

Tags:    
News Summary - Veena George said that 40 children suffering from a rare disease were given free medicine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.