മാലിന്യ സംസ്‌കരണത്തിനായി മെഡിക്കല്‍ കോളജുകളില്‍ മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കണമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: മാലിന്യ സംസ്‌കരണത്തിനായി മെഡിക്കല്‍ കോളജുകളില്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് വീണ ജോര്‍ജ്. എല്ലാ മെഡിക്കല്‍ കോളജുകളിലേയും പ്രിന്‍സിപ്പല്‍മാരുടേയും സൂപ്രണ്ടുമാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ബയോമെഡിക്കല്‍ മാലിന്യമൊഴികെ ചെറുതും വലുതുമായ എല്ലാ മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കുന്ന സംവിധാനമാണിത്. മെഡിക്കല്‍ കോളജുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഹൗസ് കീപ്പിംഗ് വിഭാഗം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ തെരഞ്ഞെടുത്ത മെഡിക്കല്‍ കോളജുകളെ മെഡിക്കല്‍ ഹബ്ബിന്റെ ഭാഗമാക്കി മാറ്റും. കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. സംസ്ഥാനത്തിന് പുറത്തു നിന്നും രാജ്യത്തിന് പുറത്തു നിന്നും എത്തുന്നവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. അതിനാവശ്യമായ സജ്ജീകരണം മെഡിക്കല്‍ കോളജുകളില്‍ ഒരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

മെഡിക്കല്‍ കോളജുകളില്‍ 10 പ്രിന്‍സിപ്പല്‍മാര്‍ പുതുതായി ചാര്‍ജ് ഏറ്റെടുത്തവരാണ്. മന്ത്രിയുടെ നിര്‍ദേശ പ്രകാരം പ്രിന്‍സിപ്പല്‍മാര്‍ക്കായി രണ്ട് ദിവസത്തെ പരിശീലനം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിരുന്നു. ഇതുകൂടാതെ മെഡിക്കല്‍ കോളജുകളുടെ സുഗമമായ പ്രവര്‍ത്തനം സാധ്യമാക്കുന്നതിനാണ് മന്ത്രി യോഗം വിളിച്ചത്. എല്ലാ മെഡിക്കല്‍ കോളജുകളിലേയും പ്രശ്‌നങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്ത് പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു.

എല്ലാ മെഡിക്കല്‍ കോളജുകളും സേഫ്റ്റി ഓഡിറ്റ് നടത്തിയിട്ടുണ്ട്. അത്യാഹിത വിഭാഗം ഉള്‍പ്പെടെയുള്ള പ്രധാനയിടങ്ങളില്‍ സുരക്ഷയ്ക്കായി എസ്.ഐ.എസ്.എഫ്.കാരെ നിയോഗിക്കും. ജനങ്ങള്‍ക്ക് സഹായകമായ രീതിയില്‍ കണ്‍ട്രോള്‍ റൂമും ഹെല്‍പ് ഡെസ്‌കുകളും മാറണം. ഒരു രോഗി അഡ്മിറ്റായി കഴിഞ്ഞാല്‍ ആ രോഗിയുടെ വിവരങ്ങള്‍ കണ്‍ട്രോള്‍ ശേഖരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് നല്‍കേണ്ടതാണ്. ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കായി രോഗികളെ പലയിടത്ത് നടത്തിക്കരുത്. ഏകജാലകം വഴി സേവനം ലഭ്യമാക്കണം.

സ്‌പെഷ്യല്‍ ഓഫീസര്‍, പ്ലാനിംഗ് ഓഫീസര്‍ തുടങ്ങിയവരടങ്ങുന്ന മൂന്നംഗ സമിതി മെഡിക്കല്‍ വിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ രൂപീകരിക്കണം. മെഡിക്കല്‍ കോളജുകളുടെ വികസന പുരോഗതി വിലയിരുത്തണം. റഫറലും ബാക്ക് റഫറലും ഫലപ്രദമായി നടത്തണം. പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ആര്‍എംഒ, നഴ്‌സിംഗ് ഓഫീസര്‍ ആഴ്ചതോറും യോഗം ചേര്‍ന്ന് പോരായ്മകള്‍ പരിഹരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ജോ. ഡയറക്ടര്‍, എല്ലാ മെഡിക്കല്‍ കോളജുകളിലേയും പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Veena George said that material collection facilities should be set up in medical colleges for waste management

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.