തിരുവനന്തപുരം: 2023-24 അധ്യയന വര്‍ഷം മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകളില്‍ പുതിയ പി.ജി കോഴ്‌സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് കോഴ്‌സ് ആരംഭിക്കാനാണ് അനുമതി നല്‍കിയത്.
ഓരോ നഴ്‌സിംഗ് കോളജിനും എട്ടു വീതം സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. മാനസികാരോഗ്യ ചികിത്സാരംഗത്ത് ഏറെ അനിവാര്യമായതും രാജ്യത്തിന് അകത്തും പുറത്തും ഏറെ ജോലി സാധ്യതയുള്ളതുമാണ് എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് കോഴ്‌സ്. ഇതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് രണ്ട് നഴ്‌സിംഗ് കോളജുകളില്‍ ഈ കോഴ്‌സ് ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ഒമ്പത് സര്‍ക്കാര്‍ നഴ്‌സിങ് കോളജുകളില്‍ കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ മൂന്ന് കോളജുകളില്‍ മാത്രമാണ് എം.എസ്.സി മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് കോഴ്‌സ് നടത്തപ്പെടുന്നത്. ഈ മൂന്ന് കോളജുകളിലുമായി മൊത്തം15 വിദ്യാർഥികളുടെ വാര്‍ഷിക പ്രവേശന ശേഷി മാത്രമാണുള്ളത്.
മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് അനുയോജ്യമായ മാനസികാരോഗ്യ പരിപാലന സേവനങ്ങള്‍ നല്‍കുന്നതിന് കൂടുതല്‍ മാനസികാരോഗ്യ സംരക്ഷണ വിദഗ്ധരെ സൃഷ്ടിക്കേണ്ടതുണ്ട്. അതിനാല്‍ ഈ മേഖലയില്‍ പുതിയ കോഴ്‌സുകള്‍ തുടങ്ങേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം, ആലപ്പുഴ നഴ്‌സിംഗ് കോളജുകളില്‍ കൂടി ഈ കോഴ്‌സ് ആരംഭിക്കുന്നത്.
നഴ്‌സിംഗ് മേഖലയുടെ പുരോഗതിക്കായി ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇവിടേയും വിദേശത്തും ഒരുപോലെ തൊഴിലവസരം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ കേരളത്തിലെ നഴ്‌സുമാര്‍ക്ക് വലിയ അവസരമാണ് ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ള സംഘം വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ആവശ്യകത മുന്നില്‍ കണ്ട് വിദേശത്തും സംസ്ഥാനത്തുമായി ആശുപത്രികളിലായി കൂടുതല്‍ നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം സര്‍ക്കാര്‍ മേഖലയില്‍ 212 നഴ്‌സിംഗ് സീറ്റുകളാണ് വര്‍ധിപ്പിച്ചത്. ഈ വര്‍ഷവും പരമാവധി സീറ്റ് വര്‍ധിപ്പിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തിട്ടുണ്ട്.
സര്‍ക്കാര്‍ തലത്തിലും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റിന് കീഴിലും കൂടുതല്‍ നഴ്‌സിംഗ് കോളജുകള്‍ പുതുതായി ആരംഭിക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. ഇതോടൊപ്പം നിലവിലെ നഴ്‌സിംഗ് സ്‌കൂളുകളിലും കോളജുകളിലും സൗകര്യമൊരുക്കി സീറ്റ് വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നുവെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.