ക്വിയര്‍ ഫ്രണ്ട്‌ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ് നടപ്പിലാക്കുമെന്ന് വീണ ജോർജ്

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സംസ്ഥാനത്ത് 'ക്വിയര്‍ ഫ്രണ്ട്‌ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ്' നടപ്പിലാക്കുന്നതായി മന്ത്രി വീണ ജോര്‍ജ്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടേയും ക്വിയര്‍ വ്യക്തികളുടേയും അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ആരോഗ്യ സ്ഥാപനങ്ങളില്‍ സേവനം ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

യാതൊരു തരത്തിലുളള വിവേചനവും ഇല്ലാതെ എല്ലാ സേവനങ്ങളും ലഭ്യമാവുന്ന ഒരു ആരോഗ്യ സംവിധാനമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ആദ്യഘട്ടമായി തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ ജില്ലകളിലെ ജനറല്‍ ആശുപത്രികളെ ക്വിയര്‍ ഫ്രണ്ട്‌ലി ആക്കി മാറ്റാനായി ജീവനക്കാര്‍ക്ക് പരിശീലനവും സംഘടിപ്പിച്ചു. ഘട്ടം ഘട്ടമായി കേരളത്തിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ക്വിയര്‍ ഫ്രണ്ട്‌ലി ആക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യഘട്ടമായി തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി ലിങ്ക് വര്‍ക്കര്‍ (സി.എൽ. ഡബ്ല്യു) പദ്ധതി ആരംഭിച്ചു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാന്‍ നിരവധി തടസങ്ങള്‍ നേരിടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് ആവശ്യമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്കും ആരോഗ്യ സംവിധാനത്തിനും ഇടയിലുളള കണ്ണിയായി പ്രവര്‍ത്തിക്കുകയെന്നതാണ് കമ്മ്യൂണിറ്റി ലിങ്ക് വര്‍ക്കര്‍മാരുടെ പ്രധാന ചുമതല. ഇത്തരത്തില്‍ കമ്മ്യൂണിറ്റി ലിങ്ക് വര്‍ക്കര്‍മാര്‍ ആശുപത്രികളിലെത്തിക്കുന്ന ഈ വിഭാഗത്തിലെ ആളുകള്‍ക്ക് സേവനങ്ങള്‍ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുന്നതാണ്.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനായി ഈ സര്‍ക്കാര്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് ചരിത്രത്തില്‍ ആദ്യമായി നഴ്‌സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചിരുന്നു. ബി.എസ്.സി. നഴ്‌സിംഗ് കോഴ്‌സില്‍ ഒരു സീറ്റും ജനറല്‍ നഴ്‌സിംഗ് കോഴ്‌സില്‍ ഒരു സീറ്റുമാണ് സംവരണം അനുവദിച്ചത്.

Tags:    
News Summary - Veena George will implement the Queer Friendly Hospital Initiative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.