ബംഗളൂരു: കാട്ടുകൊള്ളക്കാരൻ വീരപ്പെൻറ സംഘാംഗമായിരുന്ന സ്ത്രീ 27 വ ർഷത്തിനു ശേഷം അറസ്റ്റിൽ. ചാമരാജ് നഗർ ജാഗേരി നല്ലൂർ സ്വദേശിനി സെ ൽവ മേരിയെയാണ് (41) ടാഡ കേസിൽ കൊല്ലഗൽ പൊലീസ് അറസ്റ്റ് ചെയ്തത്. 1993 മുതൽ ഒളിവിൽ കഴിയുന്ന സെൽവ രണ്ടാം ഭർത്താവിനൊപ്പം പാട്ടഭൂമിയിൽ കൃഷി ചെയ്ത് കഴിഞ്ഞുവരുകയായിരുന്നു.
അടുത്തിടെ കരിമ്പിൻതോട്ടത്തിലെത്തിയ കാട്ടാനകളെ തുരത്താൻ ഇവർ വെടിവെച്ചത് സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീരപ്പെൻറ കൂട്ടാളിയായിരുന്നെന്ന രഹസ്യം പുറത്തായത്. കർണാടക-തമിഴ്നാട് വനംവകുപ്പ് ജീവനക്കാരടക്കം 22 പേർ കൊല്ലപ്പെട്ട 1993ലെ പാലാർ ബോംബ് സ്ഫോടന കേസ്, 1992ലെ രാമപുര പൊലീസ് സ്റ്റേഷൻ ആക്രമണം, ആയുധക്കടത്ത് തുടങ്ങിയ കേസുകളിൽ പ്രതിയാണ് സ്റ്റെല്ലയെന്ന് ചാമരാജ് നഗർ എസ്.പി എച്ച്.ഡി. അനന്ത്കുമാർ പറഞ്ഞു. 2004ലാണ് വീരപ്പൻ കൊല്ലപ്പെട്ടത്.
സെൽവയുടെ സഹോദരൻ ശേഷരാജ് വീരപ്പെൻറ പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് 13 വയസ്സുള്ള സെൽവയെ വീരപ്പൻ കൊണ്ടുപോയത്. പണം തിരിച്ചുനൽകുന്നതുവരെ സഹോദരി കാട്ടിൽ കഴിയെട്ട എന്നായിരുന്നു വീരപ്പെൻറ നയം. ഒന്നര വർഷം സെൽവ സംഘത്തിനൊപ്പം കാട്ടിൽ കഴിഞ്ഞു. ഇതിനിടെ, വീരപ്പെൻറ അടുത്ത അനുയായിയായിരുന്ന സുന്ദ എന്ന വെള്ളയനുമായി സ്നേഹത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. പൊതുവെ സ്ത്രീകളെ വിശ്വാസമില്ലാതിരുന്ന വീരപ്പൻ തനിക്ക് ആയുധ പരിശീലനം നൽകി ആക്രമണ പദ്ധതികളിൽ പങ്കാളിയാക്കിയതായി ഇവർ പൊലീസിനോട് വെളിപ്പെടുത്തി.
വെള്ളയെൻറ മരണശേഷം വീരപ്പെൻറ സംഘത്തിൽനിന്ന് പുറത്തുവന്ന സെൽവ ജാഗേരി സ്വദേശി വേലുസ്വാമിയെ കല്യാണം കഴിച്ച് കാടിനരികിൽ കൃഷിയുമായി കഴിയുകയായിരുന്നു. അടുത്തിടെ, കാട്ടാനകളെ കൃഷിയിടത്തിൽനിന്ന് ഒാടിക്കാൻ വെടിവെച്ചത് ചെറിയ തീപിടിത്തത്തിനിടയാക്കിയിരുന്നു. ഇത് അന്വേഷിച്ച പൊലീസ് ഇവർക്ക് എങ്ങനെയാണ് തോക്ക് ലഭിച്ചതെന്നും തോക്ക് കൈകാര്യം ചെയ്യാൻ പഠിച്ചതെന്നും ചോദ്യം ചെയ്തപ്പോഴാണ് വീരപ്പനുമായുള്ള ബന്ധം വെളിപ്പെടുത്തിയത്. 1993ൽ എം.എം ഹിൽസ് പൊലീസ് രജിസ്റ്റർ ചെയ്ത ടാഡ കേസ് പ്രകാരം അറസ്റ്റിലായ പ്രതിയെ ചാമരാജ് നഗർ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.