കൊച്ചി കായലിലെ ആവേശത്തിരയില്‍ ജലരാജാക്കന്മാരായി വീയപുരം ചുണ്ടന്‍

കൊച്ചി: കായലിനെ ആവേശത്തിരയിലാഴ്ത്തി ചാമ്പ്യന്‍സ് ബോട്ട് ലീഗ്(സി.ബി.എല്‍) വള്ളംകളിയുടെ സംസ്ഥാനതല ഉദ്ഘാടന മത്സരത്തില്‍ ജലരാജാവായി വീയപുരം ചുണ്ടന്‍. വിനോദസഞ്ചാര വകുപ്പ് നടത്തുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ മൂന്നാംപതിപ്പിന്റെ രണ്ടാം മത്സരത്തിലാണ് എതിരാളികളെ വള്ളപ്പാടിന് പിന്നിലാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ് ട്രോപ്പിക്കല്‍ ടൈറ്റന്‍സ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ വിജയിയായത്. മൂന്ന് മിനിട്ട് 27.01 സെക്കന്റ് കൊണ്ടാണ് കൂടെ തുഴഞ്ഞ മറ്റ് വള്ളങ്ങളെ മറികടന്ന് വീയപുരം വിജയക്കൊടി പാറിച്ചത്.

യുനൈറ്റഡ് ബോട്ട് ക്ലബ് കൈനകരി കോസ്റ്റ് ഡൊമിനേറ്റേഴ്‌സ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ 3 മിനിട്ട് 41.10 സെക്കന്റ് സമയം എടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 3 മിനിറ്റ് 42.17 സെക്കന്റില്‍ എന്‍സിഡിസി ബോര്‍ഡ് ക്ലബ്ബ് മൈറ്റി ഓര്‍സ് തുഴഞ്ഞ നിരണം ചുണ്ടന്‍ മൂന്നാം സ്ഥാനവും നേടി.


 



മൂന്ന് മിനിറ്റും 46.81 സെക്കന്റില്‍ പുന്നമട ബോട്ട് ക്ലബ് റിപ്പിള്‍ ബ്രേക്കേഴ്‌സ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ നാലാം സ്ഥാനവും, 3 മിനിറ്റ് 47.26 സെക്കന്റില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ് ബ്ലാക്ക് വാട്ടര്‍ വാരിയേഴ്‌സ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ അഞ്ചാമതും, ആറാമതായി മൂന്ന് മിനിറ്റും 49.86 സെക്കന്റില്‍ കെ.ബി.സി ആന്‍ഡ് എസ്.എഫ് ബി.സി തണ്ടര്‍ ഓര്‍സ് തുഴഞ്ഞ പായിപ്പാടന്‍ ചുണ്ടനും തുഴഞ്ഞെത്തി.

മൂന്ന് മിനിറ്റും 37.51 സെക്കന്റിൽ പൊലീസ് ബോട്ട് ക്ലബ് റേഞ്ചിങ് റോവേഴ്‌സ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ഏഴാം സ്ഥാനത്തും, എട്ടാം സ്ഥാനത്തായി മൂന്ന് മിനിറ്റും 38.15 സെക്കന്‍ഡില്‍ വേമ്പനാട് ബോട്ട് ക്ലബ് പ്രൈഡ് ചേഴ്‌സേഴ്‌സ് തുഴഞ്ഞ ആയാപറമ്പ് പാണ്ടി ചുണ്ടനും, അവസാന സ്ഥാനത്തായി നിരണം ബോട്ട് ക്ലബ് ബ്ലാക്ക് വാട്ടര്‍ കിംങ് തുഴഞ്ഞ സെന്റ്. പയസ് ടെന്‍ത് ചുണ്ടനും തുഴഞ്ഞെത്തി. സമയം മന്ന് മിനിട്ട് 41.24 സെക്കന്റ്.

ആവേശകരമായ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്കുള്ള സമ്മാനദാനം ടി.ജെ വിനോദ് എംഎല്‍എയും രണ്ടാം സ്ഥാനം നേടിയവര്‍ക്കുള്ള സമ്മാനദാനം സബ് കലക്ടര്‍ പി.വിഷ്ണുരാജും നിര്‍വഹിച്ചു. മൂന്നാം സ്ഥാനം നേടിയവര്‍ക്കുള്ള സമ്മാനദാനം കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ

മാലിനി കുറുപ്പ്, ബെന്‍സി ബെന്നി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

ചാമ്പ്യന്‍സ് ബോട്ട് ലീഗിനോടനുബന്ധിച്ച് ഇരുട്ടുകുത്തി എ, ബി ഗ്രേഡ് വിഭാഗത്തില്‍ സംഘടിപ്പിച്ച പ്രാദേശിക വള്ളംകളി മത്സരത്തില്‍ എ ഗ്രേഡ് വിഭാഗത്തില്‍ താണിയന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 3 മിനിറ്റും 42.35 സെക്കന്റിലുമാണ് മറ്റു വള്ളങ്ങളെ പിന്നിലാക്കിയത്. മൂന്ന് മിനിറ്റും 42.59 സെക്കന്‍ഡില്‍ തിരുത്തിപുറം രണ്ടാം സ്ഥാനവും, മൂന്നു മിനിറ്റും 49.55 സെക്കന്‍ഡില്‍ സെന്റ് സെബാസ്റ്റ്യന്‍ മൂന്നാം സ്ഥാനവും നേടി.

ബി ഗ്രേഡ് വിഭാഗത്തില്‍ മയില്‍പീലി ഒന്നാം സ്ഥാനം നേടി. മൂന്ന് മിനിറ്റും 49.10 സെക്കന്റിലും ആണ് മയില്‍പീലി വിജയകൊടി നേടിയത്. 3 മിനിറ്റും 49.42 സെക്കന്റില്‍ ഗോതുരുത്ത് രണ്ടാം സ്ഥാനവും, മൂന്ന് മിനിറ്റും 56.81 സെക്കന്റില്‍ ചെറിയ പണ്ഡിതന്‍ മൂന്നാം സ്ഥാനവും നേടി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാതൃകയിലാണ് ചാംപ്യന്‍സ് ബോട്ട് ലീഗ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് ചുണ്ടന്‍ വള്ളങ്ങളുടെ കളിക്കാര്‍ക്കുള്ള ചെലവ് വഹിക്കുന്നത്. പ്രാദേശിക വള്ളംകളി സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സ്പോണ്‍സര്‍ഷിപ്പ് വഴിയാണ് ചെലവ് കണ്ടെത്തുന്നത്.

കെ.ടി.എം, സി.എം.ആ.ര്‍എല്‍, യൂനിയന്‍ ബാങ്ക്, കെ.എം.ആ.ര്‍എല്‍, ഇന്ത്യ ടൂറിസം, സിയാല്‍, ക്രൗണ്‍ പ്ലാസ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ബി.പി.സി.എല്‍ തുടങ്ങിയവരാണ് സ്‌പോണ്‍സര്‍ ചെയ്തത്.

ചുണ്ടന്‍ വള്ളങ്ങളുടെ ആദ്യ മത്സരം ആലപ്പുഴയില്‍ നടന്നു. രണ്ടാം മത്സരമാണ് എറണാകുളത്ത് നടത്തിയത്. കോട്ടപ്പുറം, പിറവം, കോട്ടയം, കൈനകരി, പുളിങ്കുന്ന്, കായംകുളം, കല്ലട, പാണ്ടനാട്, കൊല്ലം എന്നിങ്ങനെയാണ് സി.ബി.എല്‍ മത്സരങ്ങള്‍ നടക്കുന്നത്. കൊല്ലത്ത് ഡിസംബര്‍ ഒമ്പതിന് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെ സി.ബി.എല്‍ സമാപിക്കും.

Tags:    
News Summary - Veeyapuram chundan became the water kings in the excitement of Kochi lake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.