കോഴിക്കോട്: താൻ മുന്നോട്ടുവച്ചത് കേരളത്തിലെ സാമൂഹ്യയാഥാർത്ഥ്യങ്ങളാണെന്നും ഇതിന്റെ പേരിൽ ചോര കുടിക്കാൻ വെമ്പുന്നവർക്ക് മുന്നോട്ടുവരാമെനനും രക്തസാക്ഷിയാകാനും ഭയമില്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി മുഖമാസിക യോഗനാദത്തിലെ ലേഖനത്തിലാണ് വെള്ളാപ്പള്ളി ഇക്കാര്യങ്ങൾ പറയുന്നത്.
കേരളത്തിലെ ഇടതു, വലതു മുന്നണികൾ തുടരുന്ന അതിരുവിട്ട മുസ്‌ലിം പ്രീണനമെന്ന യാഥാർത്ഥ്യത്തെക്കുറിച്ച് ഉറക്കെ വിളിച്ചുപറഞ്ഞതിന്റെ പേരിൽ വാളെടുക്കുന്നവരോടും ഉറഞ്ഞുതുള്ളുന്നവരോടും പറയാൻ ഒന്നേയുളളൂ, ഇത്തരം ഭീഷണികൾക്കു മുന്നിൽ തലകുനിക്കാൻ മനസില്ല.
കേരളത്തിൽ ആകെയുള്ളത് ഒമ്പത് രാജ്യസഭാ സീറ്റുകളാണ്. അതിൽ അഞ്ചുപേരും മുസ്‌ലിംകളാണ്. രണ്ടുപേർ ക്രിസ്ത്യാനികളും. ജനസംഖ്യയുടെ പകുതിയിലേറെയുള്ള ഹിന്ദുക്കൾക്ക് രണ്ടുമുന്നണികളും കൂടി നൽകിയത് രണ്ടേ രണ്ട് സീറ്റുകളും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ നിശ്ചയിക്കുമ്പോഴും ഇരുമുന്നണികളുടെയും മുൻഗണന മതത്തിനാണ്. ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളിൽ വരെ ന്യൂനപക്ഷങ്ങളെ സ്ഥാനാർത്ഥികളാക്കുമ്പോൾ മലപ്പുറത്തും കോട്ടയത്തും മറിച്ചു ചിന്തിക്കാൻ ഇവർക്ക് ധൈര്യമില്ല -വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നു.
കേരളത്തിലെ ഒരു സാമൂഹ്യവിഷയം മുന്നോട്ടുവച്ചപ്പോൾ ചില മുസ്‌ലിം നേതാക്കൾ തനിക്കെതിരെ കേസെടുക്കണമെന്നും ജയിലിൽ അടയ്ക്കണമെന്നും പ്രസ്താവനകളുമായി രംഗത്തുവന്നത് ഖേദകരമാണ്. പൊതുവേ മാന്യമായി സംസാരിക്കുന്ന ജംഇയ്യത്തുൽ ഉലമ നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ വരെ കടുത്ത വാക്കുകളുമായി പ്രതികരിച്ചത് ദൗർഭാഗ്യകരമായിപ്പോയി. സ്വന്തം മതക്കാരുടെ അനീതികൾക്കെതിരെ ആരോപണങ്ങൾ വന്നപ്പോൾ സൗമ്യതയൊക്കെ പമ്പ കടന്നു -വെള്ളാപ്പള്ളി ലേഖനത്തിൽ പറയുന്നു.
മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളുടെ വോട്ടാണ് സുരേഷ് ഗോപിയുടെ തുറുപ്പുചീട്ട്. ഇത്രയുംകാലം ബി.ജെ.പിയെ എതിർത്തവരാണ് ക്രൈസ്തവ സമൂഹം. ഇരുമുന്നണികളുടെയും മുസ്‌ലിം പ്രീണനവും മുസ്‌ലിം ലീഗിന്റെയും കുറേ മുസ്‌ലിം സംഘടനകളുടെയും അഹങ്കാരവും കടന്നുകയറ്റവും സഹിക്കാനാവാതെ വന്നപ്പോൾ ക്രൈസ്തവർ ബി.ജെ.പിയെ രക്ഷകരായി കണ്ടു. സുരേഷ് ഗോപിയും ഭാര്യയും ചേർന്ന് ആലപിച്ച ക്രൈസ്തവ ഭക്തിഗാനമാണ് ഇപ്പോൾ അവരുടെ ഭവനങ്ങളിലെ ആരാധനാഗാനമെന്നും വെള്ളാപ്പള്ളി എഴുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.