തിരുവനന്തപുരം: രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട വെഞ്ഞാറമൂട് ഇരട്ടക്കൊല കേസില്‍ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം ആവശ്യപ്പെടുന്ന അടിയന്തരപ്രമേയ നോട്ടീസ് സഭയിൽ ഉന്നയിക്കാൻ അനുമതി നൽകാതെ സ്പീക്കർ തള്ളി.
പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയിട്ടും സ്പീക്കർ എം.ബി. രാജേഷ് ഉറച്ചുനിന്നതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. അടുത്തിടെ സി.പി.എമ്മില്‍നിന്ന് പുറത്തുപോയ നേതാവ് ഇത് രാഷ്ട്രീയകൊലപാതകമായിരുന്നില്ലെന്നും ക്വട്ടേഷന്‍ സംഘങ്ങളുടെ ഏറ്റുമുട്ടലാണെന്നും സൂചന നല്‍കി സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഷാഫി പറമ്പിലിന്‍റെ നോട്ടീസ്. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച് കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കുന്ന വിഷയത്തിന് അടിയന്തര പ്രാധാന്യമില്ലെന്നും നോട്ടീസ് തള്ളി സ്പീക്കര്‍ വിശദീകരിച്ചു.
വ്യക്തികളുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സഭയില്‍ നിരവധി തവണ അടിയന്തരപ്രമേയ നോട്ടീസ് അനുവദിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേസിന്‍റെ അടിത്തറ മുഴുവന്‍ തകരുന്ന രീതിയിലാണ് പുതിയ വെളിപ്പെടുത്തല്‍. അതിൽ അന്വേഷണം നടത്താന്‍ ക്രിമിനല്‍ നിയമപ്രകാരം സാധിക്കും. അടുത്തിടെ വെളിപ്പെടുത്തൽ നടന്നതിനാൽ അടിയന്തര പ്രാധാന്യവുമുണ്ട്. കൊല്ലപ്പെട്ടത് രണ്ടു സി.പി.എം പ്രവര്‍ത്തകരാണ്. അവര്‍ക്ക് നീതി ലഭ്യമാക്കാനും അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.